Breaking NewsKERALANEWSTop News

വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് സിപിഐ നേതാവ്; സംഭവം പാർട്ടി അന്വേഷിക്കും; കേരള പൊലീസിന് വിമർശനവും

നെടുങ്കണ്ടം: പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം അന്വേഷിക്കാൻ പാർട്ടി സമിതി. എ.ഐ.വൈ.എഫ്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായ അജീഷ് മുതുകുന്നേലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ പ്രകാശ്ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് എ.ഐ.വൈ.എഫ്. സംസ്ഥാന കൗൺസിൽ അംഗം വി.ആർ.പ്രമോദ്, അഡ്വ.കെ.ജെ.ജോയിസ്, അഡ്വ. സെൽവം കണ്ണൻ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തുക. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് എഐവൈഎഫ് ഉയർത്തുന്നത്.

കഴിഞ്ഞ ദിവസം പ്രദേശത്തുള്ള രണ്ടു പേര്‍ തമ്മില്‍ വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തങ്കമണിയമ്മയുടെ ഭർത്താവിന്റെ കടയുടെ മുന്നിൽ വെച്ചായിരുന്നു തർക്കം. തർക്കം രൂക്ഷമായപ്പോൾ ഇതിവിടെ പറ്റില്ലെന്ന് കടയുടമ വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ യുവാവ് ഭീഷണിപ്പെടുത്തിയതോടെ ശശിധരന്‍പിള്ള പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി തീര്‍പ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പെട്രോൾ ഒഴിച്ചുള്ള ആക്രമണം. തങ്കമണിയുടെ ഭർത്താവുമായുള്ള മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. ഓടി മാറിയത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.

കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം തങ്കമണിയമ്മയുടെ തലയിൽ കൂടെ പെട്രോള്‍ ഒഴിച്ചു. കമ്പിവടികൊണ്ടു തല്ലി. പരുക്കേറ്റ തങ്കമണിയമ്മ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടയ്ക്ക് തീയിടുകയും ചെയ്തു. തങ്കമണിയമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നെടുങ്കണ്ടം അഞ്ചാം വാര്‍ഡ് മെംബര്‍ അജീഷ് മുതുകുന്നേല്‍, എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അജീഷ് മുതുകുന്നേല്‍ സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. ജനകീയനായ നേതാവിൽ നിന്ന് തന്നെ ഇത്തരമൊരു പ്രവൃത്തി ഉണ്ടായതിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ, അജീഷ് മുതുകുന്നേലിനെ മണ്ഡലം കമ്മിറ്റിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി സിപിഐ ഉടുമ്ബന്‍ചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.കെ.ധനപാല്‍ അറിയിച്ചിരുന്നു.

പോലീസ് അജീഷിനോട് മുൻവൈരം തീർക്കാൻ ശ്രമിക്കുകയാണെന്നാണ് എ.ഐ.വൈ.എഫ്. നിലപാട്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കസ്റ്റഡിയിലെടുത്ത അജീഷിനെ 24 മണിക്കൂറിന് ശേഷവും കോടതിയിൽ ഹാജരാക്കാൻ പോലീസ് തയ്യാറായില്ല. ഈ സമയപരിധി പാലിക്കാൻ അറസ്റ്റ് സമയം തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.എസ്.അഭിലാഷ് പത്രസമ്മേളനത്തിൽ ആരോപിച്ചു. എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റായ അജീഷ് മുതുകുന്നേലിനെ സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

രാജ്‌കുമാർ കസ്റ്റഡിമരണം ഉൾപ്പെടെയുള്ള കേസുകളിൽ നെടുങ്കണ്ടം പോലീസിനെതിരേ ശക്തമായ സമരങ്ങൾക്ക് അജീഷ് നേതൃത്വം നൽകിയിരുന്നതിൽ ചില പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ വൈരം തീർക്കുവാൻ ഇല്ലാത്തവകുപ്പുകൾ ചാർജ് ചെയ്യുകയായിരുന്നു.വിവാദത്തിൽ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ആനന്ദ് വിളയിൽ, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി എന്നിവർ അറിയിച്ചു.

അതേസമയം, അജീഷ് മുതുകുന്നേൽ ​ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെയ്ക്കണമെന്ന് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകളെപോലും ഉപദ്രവിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാൾ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. അജീഷ് സ്വമേധയാ രാജിക്ക് തയ്യാറായില്ലെങ്കിൽ എൽ.ഡി.എഫ്. രാജി എഴുതിവാങ്ങണമെന്ന് നേതാക്കളായ കെ.എൻ.തങ്കപ്പൻ, കെ.ആർ.രാമചന്ദ്രൻ, അനിൽ കട്ടൂപ്പാറ, റെജി ആശാരികണ്ടം എന്നിവർ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close