
പട്ന: ബിഹാറില്‍ എന്‍.ഡി.എ. വീണ്ടും അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കി ബി.ജെ.പി. മുഖ്യമന്ത്രി പദം ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ എല്‍.ജെ.പി. നേതാവ് ചിരാഗ് പാസ്വാന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്പിക്കുന്നതാണ് ബി.ജെ.പിയുടെ ഈ പ്രസ്താവന. എങ്കിലുകളും പക്ഷേകളുമില്ല. അതേക്കുറിച്ച് യാതൊരു ആശയക്കുഴപ്പത്തിന്റെ ആവശ്യവുമില്ല. എന്‍.ഡി.എയുടെ വിവിധ സഖ്യകക്ഷികള്‍ എത്ര സീറ്റുകള്‍ നേടിയാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി. നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്- ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോദി പട്നയില്‍ പറഞ്ഞു. എന്‍.ഡി.എയുടെ വിവിധ സഖ്യകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകളെ കുറിച്ച് പ്രഖ്യാപനം നടത്തുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സുശീല്‍ കുമാറിന്റെ പ്രതികരണം. നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ വര്‍ഷം ഒഴിച്ചു നിര്‍ത്തിയാല്‍, ബി.ജെ.പിയും ജെ.ഡി.(യു)വും 1996 മുതലുള്ള സഖ്യകക്ഷികളാണെന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.