WORLD

വീണ്ടും ഒരു ഗള്‍ഫ് യുദ്ധത്തിലേക്കോ….? ഭയപ്പാടില്‍ ലോകമലയാളികള്‍

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് രഹസ്യ സേനയായ ഖുര്‍ദ് ഫോഴ്സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവരെ കൊലപ്പെടുത്തിയ അമേരിക്കന്‍ വ്യോമാക്രമണം മറ്റൊരു ഗള്‍ഫ് യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയില്‍ ലോകം. ഇന്ന് പുലര്‍ച്ചെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്ക ബാഗ്ദാദ് വിമാനത്താവള റോഡില്‍ തന്ത്രപ്രധാനമായി വ്യോമാക്രമണം നടത്തിയത്. ജനറല്‍ സുലൈമാനിക്ക് പുറമെ ഇറാഖി കമാന്‍ഡര്‍ അബു മെഹ്ദി അല്‍ മുഹന്ദിസും, ഇറാഖിലെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഗ്രൂപ്പ് മേധാവി മുഹമ്മദ് റിദാ ജാബ്രിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഖാസിം സുലൈമാനിയുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.റവല്യൂഷനറി സേനയിലെ രഹസ്യസേനയായ ഖുര്‍ദ് ഫോവ്സിന്റെ മേധാവിയായ സുലൈമാനി ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തൊള്ള ഖൊമൈനിയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്. ആയത്തുള്ള ഖൊമൈനിക്ക് രഹസ്യ വിവരങ്ങള്‍ നല്‍കുന്നതും ഇറാന്റെ സൈനിക നീക്കങ്ങളുടെ കുന്തമുനയുമായിരുന്നു സുലൈമാനി. ബാഗ്ദാദിലെ യു.എസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക നടപടിയെന്നാണ് ആക്രമണത്തെ പെന്റഗണ്‍ വിശേഷിപ്പിച്ചത്.ഇറാഖിലും പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ നിരന്തരം പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു ജനറല്‍ സുലൈമാനിയെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്.

നൂറുകണക്കിന് അമേരിക്കന്‍ സൈനികരുടെ മരണത്തിനും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റതിനും ഉത്തരവാദി സുലൈമാനിയും അയാളുടെ ഖുര്‍ദ് സേനയുമാണെന്നും യു.എസ് പ്രതിരോധവകുപ്പ് വിശദീകരിച്ചു.ഇതിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വിദേശത്തുള്ള യു.എസ് സൈനികരെ രക്ഷിക്കാന്‍ യു.എസ് സൈന്യം നിര്‍ണായക പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഖുര്‍ദ്സ് പോഴ്സ് തലവന്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.കഴിഞ്ഞ ദിവസം യു.എസ് സേന ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയുള്ള ഷിയ സായുധവിഭാഗങ്ങളെയാണ് തങ്ങള്‍ ആക്രമിച്ചതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം രോഷാകുലരായ ജനക്കൂട്ടം ബാഗ്ദാദിലെ അമേരിക്കന്‍ എം.ബസിക്കുനേരെ ആക്രമണം നടത്തിയിരുന്നു. കല്ലുകളും കുപ്പികളും എംബസിയിലേക്ക് വലിച്ചെറിയുകും സിസി ടി.വി കാമറകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആയിരത്തോളം പ്രക്ഷോഭകര്‍ ആളില്ലാ സുരക്ഷാ പോസ്റ്റുകള്‍ തകര്‍ക്കുകയും ചിലതിന് തീയിടുകയും ചെയ്തു. യു.എസ് സൈന്യം പ്രക്ഷോഭകര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച ശേഷമാണ് എംബസിയിലുണ്ടായിരുന്ന അമേരിക്കന്‍ സ്ഥാനപതിയെ സുരക്ഷിതമായി ഒഴിപ്പിച്ചത്. അതീവ സുരക്ഷയുള്ള ഹരിത മേഖലയിലെ എംബസിക്കുനേരെയുണ്ടായ അക്രമം അമേരിക്കയെ ഞെട്ടിച്ചിരുന്നു. അമേരിക്ക നടത്തിയ വ്യോമാക്രമണം തന്റെ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുല്‍ മഹ്ദി പറഞ്ഞിരുന്നു. വ്യോമാക്രമണത്തിന് പകരം അമേരിക്കന്‍ സൈന്യ ത്തിനു നേരെ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തനിടെയാണ് വ്യോമാക്രമണം നടത്തി ഇറാന്‍ വല്യൂഷനറി ഗാര്‍ഡ് രഹസ്യ സേനയായ ഖുര്‍ദ് ഫോഴ്സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവരെ കൊലപ്പെടുത്തിയത്.ആണവായുധവും അത്യാധുനിക മിസൈല്‍ സംവിധാനവുമുള്ള ഇറാന്‍ അമേരിക്കന്‍ സഖ്യകക്ഷിയായ സൗദി അറേബ്യയില്‍ അക്രമം നടത്തുമോ എന്ന ആശങ്കയും പരക്കുന്നുണ്ട്.

അമേരിക്കന്‍ വ്യോമാക്രമണം ക്രൂഡോയില്‍ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തൊള്ള ഖൊമൈനിയുമായി ഏറ്റവും അടുപ്പമുള്ള നേതാവായ സുലൈമാനിയുടെ വധത്തില്‍ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണം പ്രവചനാതീതമായിരിക്കുമെന്ന ആശങ്ക ഗള്‍ഫ് രാജ്യങ്ങളില്‍ പടരുകയാണ്.മുമ്പ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിച്ച് കീഴടക്കിയപ്പോള്‍ കുവൈത്തിന്റെ രക്ഷകരായെത്തിയതാണ് അമേരിക്ക.യുദ്ധത്തില്‍ കുവൈത്തിനെ മോചിപ്പിച്ച അമേരിക്ക സദ്ദാംഹുസൈനെ പിടികൂടി വിചാരണക്കു ശേഷം തൂക്കിലേറ്റുകയായിരുന്നു. ഇറാഖിലെ എണ്ണ നിക്ഷേപത്തില്‍ കണ്ണുവെച്ച അമേരിക്ക ഇപ്പോള്‍ ഇറാനെയും ലക്ഷ്യം വെക്കുന്നതാണ് ഗള്‍ഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തുന്നത്.രണ്ടാം ഗള്‍ഫ് യുദ്ധമുണ്ടായാല്‍ അത് ഏറ്റവും ഗുരുതരമായി ബാധിക്കുക മലയാളികളെയായിരിക്കും. യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ സൗദിയിലടക്കം വ്യാപിക്കുകയും ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവും ഉാകാനിടയുണ്ട്. മലയാളികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ് ഇറാന്‍ അമേരിക്ക ഏറ്റുമുട്ടല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close