INDIAINSIGHT

വെട്ടുക്കിളി ആക്രമണം രാജ്യത്തെ എത്തിക്കുന്നത് ഒരു ഭക്ഷ്യക്ഷാമത്തിലേക്കോ?

‘കാലകേയക്കൂട്ടം കടന്നു പോയ നാടും വെട്ടുകിളിക്കൂട്ടം കടന്നു പോയ കാടും ചുടലകളാണ്’ ബാഹുബലിയില്‍ ഈ വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ത്തന്നെ ഊഹിക്കാമല്ലോ എന്താണ് വെട്ടുക്കിളിക്കൂട്ടത്തിന്റെ തനിസ്വഭാവമെന്തെന്ന്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്ളവര്‍ ഭക്ഷ്യക്ഷാമത്തിന്റെ ഭീകരമുഖം കണ്ടിട്ടുള്ളവരാണ് . അത് കൂട്ടാനെന്നോണം എത്തുന്ന ഇവയെ അവര്‍ കൊന്നൊടുക്കാറുമുണ്ട്. കേവലം വാര്‍ത്തകളായി മാത്രം അത്തരം കാര്യങ്ങള്‍ കേട്ടുമറക്കുന്ന നാം ഇന്ന് സമാന അവസ്ഥയുടെ വക്കിലാണ്.

എന്താണ് വെട്ടുക്കിളി
പുല്‍ച്ചാടി വര്‍ഗ്ഗത്തില്‍പ്പെടുന്ന ഇവ കാറ്റിന്റെ ദിശയ്‌ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. കൈവെള്ളയില്‍ ഒതുക്കാനുള്ള വലിപ്പമേ ഉള്ളെങ്കിലും ഇവ അനുകൂല കാലാവസ്ഥയില്‍ 300 ഓളം മുട്ടകള്‍ ഇടും. മണ്ണിനടിയില്‍ മുട്ടയിടുന്നതുകൊണ്ടുതന്നെ മുട്ടകള്‍ വിരിയാതെ കണ്ടെത്താനും കഴിയില്ല. പകല്‍ സമയങ്ങളില്‍ എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ കഴിവുള്ള ഇവ കൃഷിഭൂമിയില്‍ കനത്ത നാശം ഉണ്ടാക്കുന്നു. 150 കിലോമീറ്ററോളം സഞ്ചരിക്കാന്‍ കഴിവുള്ള , ഒരു ദിവസകൊണ്ടുതന്നെ 35,000 പേരുടെ ഭക്ഷണം തിന്നു തീര്‍ക്കുന്ന വെട്ടുക്കിളികള്‍ ഒരിയ്ക്കലും മനുഷ്യരെ ആക്രമിക്കില്ല. പക്ഷെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഇവയ്ക്കാകും.

ഇന്ത്യയിലേക്കുള്ള കുടിയേറ്റം

സോമാലിയയില്‍ നിന്ന് ഇന്തോ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്കാണ് വെട്ടുക്കിളിക്കൂട്ടം കുടിയേറിയിരിക്കുന്നത്. ഇത് ഏറെ അപകടമുണ്ടാക്കുമെന്നാണ് യു എന്‍ ഏജന്‍സിയായ ഭക്ഷ്യ കാര്‍ഷിക സംഘടന അറിയിച്ചത്. വരുന്ന ആഴ്ചകളില്‍ ഇവയുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിലൂടെ സാഹചര്യം കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പലസംസ്ഥാനങ്ങളിലും ഇവ മുട്ടയിട്ടു പെരുകുന്നതായും ഒപ്പം പ്രത്യുല്‍പാദത്തിന് തയ്യാറെടുക്കുന്ന പ്രായത്തിലെത്തിയിട്ടുണ്ടന്നുമാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ 9000ത്തില്‍ അധികം പ്രദേശത്തെ കൃഷി ഇവ നശിപ്പിച്ചു കഴിഞ്ഞു. മൂന്നരലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ ഇവയെ നിയന്ത്രിക്കാനായിട്ടുണ്ടെന്നാണ് വെട്ടുക്കിളി മുന്നറിയിപ്പ് ഓര്‍ഗനൈസേഷന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗുര്‍ജാര്‍ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി എത്തിയ ഇവ ഇന്ത്യയില്‍ മാത്രമല്ല കിഴക്കന്‍ ആഫ്രിക്കയിലും പാക്കിസ്ഥാനിലും ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് ലോകകാലാവസ്ഥാ സംഘടനയും അറിയിച്ചിരുന്നു. തെക്കെ ഇന്ത്യയിലെ തമിഴ്‌നാടുപോലുള്ള സംസ്ഥാനങ്ങളിലും ഇവ എത്തിയിട്ടുണ്ട്. കേരളത്തില്‍ വയനാട്ടില്‍ ആക്രമണമുണ്ടായെന്ന് പറഞ്ഞിരുന്നെങ്കിലും അവ വെട്ടുക്കിളികളല്ല എന്ന് പിന്നീട് വിദഗ്ധര്‍ പിന്നീട് കണ്ടെത്തിയിരുന്നു. കീടനാശിനി പ്രയോഗത്തിലൂടെയും മറ്റും ഇവയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

ബംഗാള്‍ക്ഷാമത്തിനു ശേഷം ഇന്ത്യയില്‍ പട്ടിണി എത്തുന്നത് വെട്ടുക്കിളിലൂടെയോ ?

ഇന്ത്യ ആദ്യമായി പട്ടിണി പടികടന്നെത്തിയത് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു. ഭക്ഷ്യധാന്യങ്ങളു ലഭ്യക്കുറവും ഒപ്പം രോഗങ്ങളും ഇന്ത്യയെ ഏറെ പിടിച്ചുലച്ചിരുന്നു. കോവിഡ് വ്യാപനത്തിനെതിരെ പോരാടിക്കൊണ്ടിക്കവെ വെട്ടുക്കിളികളുടെ വരവുകൂടിയായപ്പോള്‍ ഏറെ ആശങ്കയിലാണ് രാജ്യം. ആകെയുള്ള ഭക്ഷ്യധാന്യത്തിന്റെ സിംഹഭാഗവും ഇവ കഴിച്ചാല്‍ രാജ്യം നേരിടേണ്ടത് ഒരു ക്ഷാമകാലത്തെത്തന്നെയാവും.

Tags
Show More

Related Articles

Back to top button
Close