
പൂനെ: മരുന്നു പോലുമില്ലാതെ ഭീതിയിലായിരുന്ന കോവിഡ് കാലത്ത് ലോക ജനത ആശ്വാസം കണ്ടെത്തിയത് മാസ്ക്, സാനിറ്റെസര്‍ പോലുള്ള ചെറുവസ്തുക്കളെ കൊണ്ടാണ്. അധികം വൈകാതെ തന്നെ ഇവയെക്കെല്ലാം മനുഷ്യ ജീവന്റെ വില തന്നെയുണ്ടെന്നു തിരിച്ചറിഞ്ഞു. പൊതു സ്ഥലങ്ങളില്‍ മാസ്ക് ഇപ്പോ സാധാരണ കാഴ്ചയുമായി മാറിയിട്ടുണ്ട്. മാസ്കില്‍ പല വൈവിധ്യങ്ങളും വന്നു കഴിഞ്ഞു. ഡിസൈനര്‍ മാസ്കും ടെക്നിക്കല്‍ മാസ്കും അങ്ങനെ പലതരം മാസ്കുകളും കണ്ടു. എന്നാല്‍ ജീവന്റെ വിലതന്നെയുള്ള മാസ്കിനു പൊന്നു വില തന്നെ നല്‍കിയിരിക്കുകയാണ് പൂനെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് നിവാസിയായ ശങ്കര്‍ കുറാഡെ. സ്വര്‍ണ്ണം കൊണ്ട് 2.89 ലക്ഷം രൂപ വിലമതിക്കുന്ന മാസ്കാണ് അദ്ദേഹം നിര്‍മിച്ചത്.
സോഷ്യല്‍ മീഡിയയില്‍ നിന്നും കോലാപ്പൂരില്‍ വെള്ളികൊണ്ട്
മാസ്ക് ധരിച്ച ഒരാളെകുറിച്ച് ശങ്കറിനു അറിവു ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്
സ്വര്‍ണം കൊണ്ട് മാസ്ക് ധരിക്കാമെന്ന ആശയം ഇദ്ദേഹത്തിനു ഉണ്ടായത്. ഒരു സ്വര്‍ണ്ണ
മാസ്ക് എന്ന ആശയം ആദ്യം സംസാരിച്ചത് സ്വര്ണ്ണപ്പണിക്കാരനോടാണ.
ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചര പവന് വരുന്ന സ്വര്‍ണ്ണ മാസ്ക് ശങ്കറിന്റെ
കൈയ്യിലെത്തി. തീരെ ചെറിയ സുഷിരങ്ങളുള്ള മാസ്കാണിത്.
സ്വര്‍ണ്ണ മാസ്ക്
ധരിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമോ ഇല്ലയോ എന്നൊന്നും ശങ്കറിനറിയില്ല. എന്നാലും
സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും പാലിക്കുന്നത് വൈറസ് പടരുന്നത് തടയാന്‍ സഹായിക്കും
എന്ന അറിവ് ശങ്കറിനുണ്ട്.
കുട്ടിക്കാലം മുതല്‍ ശങ്കറിന് സ്വര്‍ണ്ണ ആഭരണങ്ങള്‍ വളരെ ഇഷ്ടമാണ്. അതു കൊണ്ടു തന്നെ എല്ലാ വിരലുകളിലും സ്വര്‍ണ്ണ മോതിരങ്ങളും സ്വര്‍ണ്ണ വളകളും കഴുത്തില്‍ വലിയ സ്വര്‍ണ്ണ ചങ്ങലയും എല്ലാം ധരിച്ചാണ് ശങ്കറിന്റെ നടപ്പ്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം സ്വര്‍ണ്ണത്തെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. അവരും ആവശ്യപ്പെടുകയാണെങ്കില് അവര്‍ക്കായി സ്വര്‍ണത്തിന്റെ മാസ്ക് രൂപകല്‍പ്പന ചെയ്യാനും ശങ്കര്‍ തയ്യാറാണ്.