വെളിച്ചം പകരുന്ന നേത്രദാനം; അറിയാം ഈ കാര്യങ്ങള്‍

മനുഷ്യ ശരീരത്തില്‍ നൂറ് ശതമാനം കഴിവോടെ ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക അവയവമാണ് കണ്ണ്. ഒരു പക്ഷേ കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ വില നമ്മളില്‍ പലരും തിരിച്ചറിയുന്നില്ല. പ്രകാശത്തെ തിരിച്ചറിഞ്ഞ് കാഴ്ചയുടെ വര്‍ണ്ണവും ആകാരവും തിരിച്ചറിയാന്‍ കഴിയുന്ന കണ്ണ് എന്ന ഇന്ദ്രീയത്തിന്റെ വില മനുഷ്യനുള്‍പ്പെടെയുള്ള ജീവികളില്‍ വളരെ വലുതാണ്. എന്നാല്‍ കാഴ്ച എന്ന അനുഭവം സാധ്യമാകാത്തവര്‍ നിരവധി നമുക്ക് ചുറ്റുമുണ്ട്.
ഈ വര്‍ഷം ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ നേത്രദാനം പ്രോത്സാഹിപ്പിച്ചുകൊണ്ട് ദേശീയ തലത്തില്‍ പക്ഷാചരണം സംഘടിപ്പിക്കുകയാണ്. ദേശീയ തലത്തിലെ കണക്കനുസരിച്ച് 1000 പേരില്‍ 15 പേര് അന്ധരാണെന്നാണ് ശരാശരി കണക്ക്. ആകെയുള്ള കണക്കനുസരിച്ച് 12ദശലക്ഷം അന്ധര്‍ രാജ്യത്തുണ്ട്.
ഇതില്‍ അറുപത് ശതമാനവും കുട്ടികളും യുവാക്കളുമാണ്. ഇത്രയധികം ആളുകള്‍ കാഴ്ചയില്ലാത്തവരായി ജീവിതം തള്ളി നീക്കുമ്പോളും ഏകദേശം 150ലക്ഷം കണ്ണുകളാണ് രാജ്യത്ത് സംസ്കരിക്കപ്പെടുന്നത്.
മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണശേഷം മാത്രമേ കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിയു. മരണം സംഭവിച്ച് ആറ് മണിക്കൂറിനുള്ളില്‍ കണ്ണിന്റെ കോര്‍ണിയ നീക്കം ചെയ്ത് ലായനിയില്‍ സംരക്ഷിച്ചാല്‍ രണ്ട് പേര്‍ക്ക് കാഴ്ച ലഭിക്കും. ഇതിന് പത്ത് മിനിട്ട് മാത്രമേ സമയം ആവശ്യമായി വരുന്നുള്ളു. മൂന്ന വയസ്സിനു മുകളില്‍ പ്രായമായവര്‍ക്ക് മുതല്‍ നേത്രദാനം നടത്താം. കണ്ണട ധരിക്കുന്നവര്‍ക്കും തിമിരശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിയും. എന്നാല്‍ കണ്ണിലെ കാന്‍സര്‍, ഹെപ്പറ്റൈറ്റിസ് ബി, സി വയറസ്, എയ്ഡ്സ്, പേവിഷബാധ, രക്താര്‍ബുദം മുതലായ അസുഖങ്ങള്‍ ബാധിച്ചു മരിച്ചവരുടെ കണ്ണുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ബോധവല്‍ക്കരണത്തിന്റെ കുറവും കാഴ്ച പരിമിതരുടെ കൃത്യമായ കണക്കില്ലായ്മയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മയും നേത്രദാനത്തിനു പലപ്പോഴും തടസ്സമാകാറുണ്ട്.
എന്താണ് നേത്രപടലാന്ധത
നേത്ര പടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശരശ്മികള്‍ കടന്നുപോകാന്‍ കഴിയാതെ കാഴ്ച നഷ്ടപ്പെടുന്നതാണ് നേത്രപടലാന്ധത. ജന്മനാ ഉള്ള അസുഖങ്ങള്‍, മുറിവുകള്‍, വൈറ്റമിന്‍ എയുടെ കുറവ് എന്നിവയൊക്കെ നേത്രപടലാന്ധതയ്ക്ക് കാരണമാകാറുണ്ട്. നേത്ര പടലം മാറ്റി അതേ അളവില്‍ മറ്റൊന്ന് തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനു പരിഹാരം.
കേരളത്തിലെ പ്രധാന നേത്ര ബാങ്കുകള്‍
റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, തിരുവനന്തപുരം
ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ടിഡി മെഡിക്കല്‍ കോളജ്, ആലപ്പുഴ.
ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി, അങ്കമാലി.
ദര്‍ശന ഹോസ്പിറ്റല്‍, ആലുവ.
മെഡിക്കല്‍ കോളജ്, തൃശൂര്‍.
ജൂബിലി മിഷന്, തൃശൂര്‍.
അഹല്യ ഐ ഫൗണ്ടേഷന്, പാലക്കാട്.
അല്‍ സലാമ ഐ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
മെഡിക്കല്‍ കോളജ്, കോഴിക്കോട് എന്നിങ്ങനെയാണ്.
വൈകാരികയും മതപരമായ ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്കരിച്ചു കളയുന്ന കണ്ണുകള്‍, നമുക്ക് ചുറ്റും കാഴ്ചയില്ലാത്തവരില്‍ പ്രകാശത്തിന്റെ പുതിയ വെളിച്ചം പകരുന്നുവെങ്കില്‍, നേത്രദാനം ചെയ്തുകൊണ്ട് നമുക്ക് മാതൃകയാകാം.