KERALANEWSTrending

വെളിച്ചമുള്ള രാത്രികള്‍ ഓര്‍മയാകാതിരിക്കാന്‍ സംരക്ഷിക്കാം ഊര്‍ജ്ജത്തെ

ഇന്ന് ഡിസംബര്‍പതിനാല്.ലോക ഊര്‍ജ്ജ സംരക്ഷണ ദിനം.ലോകജനതയെ അന്തകാരത്തില്‍ നിന്ന് വെളിച്ചത്തിന്റെ വഴിയിലേക്ക് നയിച്ച ദിനം.
ഊര്‍ജ്ജ സംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ലോകരാജ്യങ്ങളിലെയും ഇതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. 2001 മുതല്‍ ഇന്ത്യയില്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ നിയമം നടപ്പാക്കിവരുന്നു. ഇന്ത്യാഗവണ്‍മെന്റിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനമാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി. ഊര്‍ജ്ജസംരക്ഷണ രംഗത്ത് പ്രൊഫഷണലുകളെ സൃഷ്ടിക്കുക. ഊര്‍ജ്ജം സംബന്ധിച്ച പ്രൊജക്ടുകള്‍, നയം, വിശകലനം, സാമ്പത്തികം, കാര്യക്ഷമതയുള്ള പദ്ധതികള്‍ എന്നിവയില്‍ യോഗ്യരായവരും ഗുണമേന്‍മയുള്ളവരുമായ വിദഗ്ധരെ സൃഷ്ടിക്കുകയുമാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്.

ഊര്‍ജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക, ഊര്‍ജ്ജ ഉപയോഗം പരിമിതപ്പെടുത്തുക.അനാവശ്യ ഊര്‍ജ്ജ ഉപയോഗം ഇല്ലാതാക്കുക, പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങളും ഊര്‍ജ്ജമാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുക തുടങ്ങിയവയിലും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഇ ദിനം.1977 മുതല്‍ ഇന്ത്യാഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ പെട്രാളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷനാണ് ഊര്‍ജ്ജ സംരക്ഷണദിനം ആചരിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. 2001 മുതല്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ഈ ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്നു.

1763-ല്‍ ജയിംസ് വാട്ട് എന്ന ശാസ്ത്രജ്ഞന്‍ ആവിയന്ത്രം കണ്ടുപിടിച്ചതോടെയാണ് ഊര്‍ജ്ജം ഉപയോഗിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഊര്‍ജ്ജരംഗത്തെ നാഴികക്കല്ലായി മാറിയത് 1831-ല്‍ മൈക്കള്‍ ഫാരഡയുടെ വൈദ്യുതി ഉത്പാദനം ആണ്. വൈദ്യുതി ഉത്പാദനവും പ്രസരണവും വ്യവസായ രംഗത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ആവിയന്ത്രങ്ങളും പില്‍ക്കാലത്ത് എണ്ണയില്‍ അധിഷ്ഠിതമായ ഡീസല്‍, പെട്രോള്‍ എഞ്ചിനുകളും, നീരാവി ടര്‍ബൈനുകളും വൈദ്യുതി ഉത്പ്പാദനത്തിനായി ഉപയോഗിച്ചുതുടങ്ങി. വൈദ്യുതി ഉത്പാദനം വഴി വ്യാപകമായി ഊര്‍ജ്ജം പ്രസരണം ചെയ്യുന്നതിനും ഏതു സ്ഥലത്തും അത് തിരിച്ച് ഉപയോഗിക്കുന്നതിനും കഴിയുന്നു.

ആധുനിക ജീവിതത്തില്‍ വൈദ്യുതി, ഇന്ധനം എന്നിവ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്. എന്നാല്‍ ഇവ രണ്ടും എത്രകണ്ടു കുറച്ചും കാര്യക്ഷമമായും ഉപയോഗിക്കാം എന്നു ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊര്‍ജ്ജ സ്രോതസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവ എണ്ണ, കല്‍ക്കരി, പ്രകൃതിവാതകം, ജലവൈദ്യുത പദ്ധതികള്‍ എന്നിവയാണ്. എന്നാല്‍ പ്രകൃതിയില്‍ (ഭൂഗോളത്തില്‍) നിന്ന് ലഭിക്കുന്ന ഈ സ്രോതസുകള്‍ക്ക് പരിമിതികളുണ്ട് എന്ന് നാം മനസിലാക്കി. തുടര്‍ന്ന് ഉറവ വറ്റാത്ത ഊര്‍ജ്ജ സ്രോതസുകള്‍ക്കായുള്ള പഠനങ്ങളാണ് സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന കണ്ടെത്തലിലേക്ക് മനുഷ്യനെ നയിച്ചത്.

സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന കണ്ടെത്തലില്‍ ചില സംശയങ്ങള്‍ അപ്പോഴും അതിന്റെ കണ്ടുപിടുത്തത്തില്‍ നിലനിന്നിരുന്നു.ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് ഏതാണ്ട് ഒരു കിലോ വാട്ട് വൈദ്യുത ശക്തിക്കുള്ള സൂര്യകിരണം ലഭിക്കുന്നെങ്കിലും ഇതിന്റെ 12 മുതല്‍ 15 ശതമാനം ശക്തിയുള്ള വൈദ്യുതിയേ ഇപ്പോള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. ഈ ഉത്പ്പാദനം പോളും സൂര്യപ്രകാശം ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും.സൂര്യപ്രകാശം ഉള്ളപ്പോള്‍ മാത്രമേ ഈ ഉത്പാദനം സാദ്ധ്യമാകൂ. വൈദ്യതി, ഉത്പാദിപ്പിക്കുന്നതല്ല അതു സംഭരിച്ച് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതാണ് ജനതയ്ക്ക് ആവശ്യമെന്ന തിരിച്ചറിവ് ബാറ്ററികളെആശ്രയിക്കുന്നിലേക്ക് നയിച്ചു.പകല്‍ ഉത്പാദിപ്പിച്ച വൈദ്യുതി സംഭരിച്ചുവയ്ക്കുന്നതിന് ബാറ്ററികളെ ആശ്രയിക്കുകയെന്നത് താരതമ്യേന ചെലവേറിയതാണ്.

കേരളത്തിലെ ഒരു കോടി പത്തുലക്ഷം വരുന്ന ഉപഭോക്താക്കളില്‍ 85 ലക്ഷത്തിലധികവും ഗാര്‍ഹിക വിഭാഗത്തില്‍പെടുന്നവരാണ്. സ്വന്തം വീട്ടില്‍ നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി വൈദ്യുതി ചാര്‍ജ്ജ് ഗണ്യമായി കുറക്കുവാന്‍ കഴിയുന്നു എന്നുള്ളത് ഓരോ ഉപഭോക്താവിനും നേരിട്ട് ലഭിക്കുന്ന നേട്ടമാണ്. ഓരോ നൂറുവാട്ട് ബള്‍ബിനും പകരമായി 15 വാട്ടിന്റെ LEDകളും കുറേകൂടി വെളിച്ചം വേണ്ടിടത്ത് ഇലക്ട്രോണിക് ചോക്ക് ഘടിപ്പിച്ച സ്ലിം ടൂബുകളും ഉപയോഗിച്ച് ഉപഭോഗം ഗണ്യമായി കുറക്കാം. പ്രകൃതി ദത്തമായ വെളിച്ചവും കാറ്റും പരമാവധി പ്രയോജനപ്പെടുത്തി പകല്‍ സമയത്തെ ഉപയോഗവും നിയന്ത്രിക്കാവുന്നതാണ്. സ്റ്റാര്‍ ലേബലുകളുള്ള ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, LED ടെലിവിഷന്‍ എന്നിവ പഴയ ഉപകരണങ്ങള്‍ക്ക് പകരമായി ഘട്ടം ഘട്ടമായി ഉപയോഗത്തില്‍ കൊണ്ടുവരുന്നതോടെ ഉയര്‍ന്ന ഉപയോഗം പിടിച്ചു നിറുത്താവുന്നതാണ്. സൂര്യപ്രകാശത്തില്‍ ചാര്‍ജ്ജ് ചെയ്യുന്ന ഇന്‍വര്‍ട്ടറുകളും വാട്ടര്‍ ഹീറ്ററുകളും വളരെ ഫലപ്രദമാണ്. വൈദ്യുതി ഉപകരണങ്ങള്‍ കാര്യക്ഷമമായും യുക്തിബോധത്തോടെയും ഉപയോഗിക്കുന്നതുവഴി പാഴായി പോവുന്ന ഊര്‍ജ്ജത്തിന്റെ അളവ് പരമാവധി കുറച്ചുകൊണ്ടുവരാവുന്നതാണ്.

നമ്മുടെ വീട്ടില്‍ ഒരു യൂണിററ് വൈദ്യുതി ലാഭിച്ചാല്‍ താപനിലയങ്ങളില്‍ ഒരു കിലോഗ്രാം കല്‍ക്കരി കത്തിക്കുന്നത് ഒഴിവാക്കുവാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഉല്‍പാദന നിലയങ്ങളിലെ സിംഹഭാഗവും കല്‍ക്കരി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി ഒഴിവാക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് വളരെ ഗണ്യമാണ്. അക്ഷയ ഊര്‍ജ്ജസ്രോതസ്സുകളായ സൂര്യന്‍, കാററ്, തിരമാല, ബയോഗ്യാസ് എന്നിവ ഉപയോഗിച്ചുള്ള വൈദ്യുതിയുല്‍പ്പാദനത്തിന് വളരെയധികം സാമൂഹ്യപ്രാധാന്യമാണ് ഇന്നുള്ളത്. കല്‍ക്കരി, പെട്രോളിയം എന്നീ ഊര്‍ജ്ജ സ്രോതസ്സുകള്‍ അമിതമായി ഉപയോഗിച്ച് തീരുന്നത് ഒഴിവാക്കാനും ഇതുമൂലം സാധിക്കുന്നു.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയായാലും വിതരണത്തിലെ കുറവായാലും, ഓരോ മാസവും മാറുന്ന വൈദ്യുതിതാരിഫ് , പാചക വാതകത്തിന്റെ വല്ലാത്ത വില, കൂടുന്ന ബസ് യാത്രാ നിരക്ക് എന്നിങ്ങനെ ജീവിതത്തിന്റെ എത് ഘട്ടങ്ങളിലും ഊര്‍ജത്തിന്റെ വില നമ്മുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ ശക്തിയാണ്.

വെളിച്ചത്തിന്റെ ഭാവി ഉപകരണമായി കരുതുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരും ഇന്നുണ്ട്. സാധാരണ ബള്‍ബ് 60 വാട്ടിന്റെ പ്രകാശം നല്‍കുന്നതിന് തുല്യമായ പ്രകാശം നല്‍കാന്‍ 14 വാട്ട് എടുക്കുന്ന സി.എഫ്.എല്‍ നാകുന്നു. എന്നാല്‍ വെളിച്ച ഉപകരണ വിപണിയിലെ പുതിയ താരമായ എല്‍.ഇ.ഡി വിളക്കുകള്‍ ഇതേ പ്രകാശമേകാന്‍ 5 വാട്ടില്‍ താഴെ വൈദ്യുതിയേ എടുക്കൂ എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.

സാധാരണ ബള്‍ബിന്റെ ആയുര്‍ ദൈര്‍ഘ്യം 1000 മണിക്കൂറും, സി.എഫ്.എല്ലിന്റെത് 8000 മണിക്കൂറും ആണെങ്കില്‍ എല്‍.ഇ.ഡി ബള്‍ബിന്റെത് 80,000 മണിക്കൂറാണ് ഇതു പോലുള്ള ഊര്‍ജ ദായകമായ ഉപകരണങ്ങളുടെ പ്രചരണവും, ഉപയോഗിക്കാനായി സുഹൃത്തുക്കളേയും ബന്ധുക്കളേയും പ്രേരിപ്പിക്കുന്നതും ഒരു പ്രവര്‍ത്തനമായി ഊര്‍ജ സംരക്ഷണ ദിനത്തില്‍ എടുക്കാവുന്നതാണ്.

പെട്രോളിയത്തിന്റെ അനിയന്ത്രിതമായ ഉപയോഗമാണ് ‘ഭൂമിക്ക് പനി’ പിടിക്കാന്‍ (ആഗോള തപനം) കാരണമായത്.ഊര്‍ജ സംരക്ഷണം ശീലമാക്കുന്നത് നമ്മുടെ കുടുംബ ബഡ്ജറ്റിന് മാത്രമല്ല നല്ലൊരു നാളെയ്ക്ക് കൂടി അത്യന്താപേക്ഷിതമാണ്. പെട്രോളിയം എണ്ണ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ പുകക്കുഴല്‍ പുറന്തള്ളുന്ന പുക വിഷലിപ്തമാക്കുന്നത് നഗരവീഥികളെയാണ്. എന്തെന്ത് രോഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നമുക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഉണ്ടാവുക.

ജീവനുള്ളവയ്ക്ക് മാത്രമല്ല, ജീവനില്ലാത്തവയ്ക്കും പെട്രോളിയം പുക വരുത്തുന്ന നാശം ചില്ലറയല്ല. വെണ്ണക്കല്‍ സൌധമായ താജ്മഹലിന്റെ പുറം പ്രതലം, വാഹനങ്ങളുടെ വിഷപ്പുകയേറ്റ് നശിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇപ്പോള്‍ പുക വമിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം താജ്മഹലിന് ചുറ്റും കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
അതെ, ഈ ഊര്‍ജസംരക്ഷണ ദിനത്തില്‍ നമുക്ക് ചില പ്രതിജ്ഞകളെടുക്കാം. വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കാന്‍, പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍, നല്ല ഇന്ധനക്ഷമത യുള്ള ഉപകരണങ്ങള്‍ തിരെഞ്ഞെടുക്കാന്‍, സൈക്കിള്‍ ഉപയോഗം കൂട്ടാന്‍, ആഗോള താപനം കുറയ്ക്കാന്‍.

വൈദ്യൂതി ഉപയോഗം മൂലം നമുക്കുണ്ടാകുന്ന സാമ്പത്തികഭാരം കുറക്കുന്നതിനും അതിലൂടെ വരും തലമുറക്കായി ഊര്‍ജ്ജം കരുതിവെക്കുകയും ചെയ്യുന്നതിനുള്ള ഏകമാര്‍ഗ്ഗം ഓരോ വ്യക്തിയും ഊര്‍ജ്ജ ഉപയോഗം പരമാവധി ആവശ്യത്തിന് മാത്രം എന്ന നയം സ്വീകരിക്കുകയാണ് വേണ്ടത്.
കേരളത്തില്‍ ഇന്നുപയോഗിക്കുന്ന വൈദ്യൂതിയുടെ 65 ശതമാനവും അന്യസംസ്ഥാനങ്ങളിലെ താപവൈദ്യൂത നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നവയാണ്. താപ നിലയങ്ങളില്‍ നിന്നും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകമാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനും പ്രകൃതിദുരന്തത്തിനും കാരണമാകുന്നത്. നീതിയുക്തമായും, കാര്യക്ഷമമായും വൈദ്യൂതി ഉപയോഗിക്കുന്നതിലൂടെ ഊര്‍ജ്ജം മറ്റുള്ളവര്‍ക്കുകൂടി പങ്ക് വെക്കാന്‍ കഴിയുന്നു. ഭൂമിയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷിക്കുന്നതിനും നമുക്ക് സാധിക്കും. ഒരു യൂണിറ്റ് വൈദ്യൂതി നമ്മുടെ വീട്ടിലെത്തിക്കാന്‍ രണ്ട് യൂണിറ്റ് വരെ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കേണ്ടതായി വരുന്നു. അതിനാല്‍ ഊര്‍ജ്ജം ലഭിക്കുന്നതാണ് ഉല്‍പ്പാദിപ്പിക്കുന്നതിനെക്കാള്‍ ഉത്തമം.

പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ക്കും വരും തലമുറക്കുകൂടി ആവശ്യമുള്ളതാണ്. ഓര്‍ക്കുക, ഊര്‍ജ്ജ സംരക്ഷണമെന്നത് ഓരോ പൗരന്റെയും കടമയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close