വെളുത്ത താരത്തെ കറുത്ത പെയിന്റടിച്ച് ഫാന്‍സിഡ്രസ് നടത്തുന്ന കാലത്താണ് നിങ്ങളൊക്കെ ഇപ്പോഴും;’രാച്ചിയമ്മ’ക്കെതിരെ സം വിധായകന് ബിജുകുമാര്‍ ദാമോദരന്‍

തിരുവനന്തപുരം: ഉറൂബിന്റെ രാച്ചിയമ്മ എന്ന നോവലിന്റെ ചലചിത്രാവിഷ്കാരത്തില്‍ നടി പാര്‍വതിയാണ് രാച്ചിയമ്മയായി എത്തുന്നത്. എന്നാല്‍ നോവലില്‍ കറുത്ത നായികയെന്ന് അടയാളപ്പെടുത്തിയത് സിനിമയിലെത്തുമ്പോള്‍ വെളുത്ത നായികയായി മാറുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വരുന്നത്. ഏറ്റവും ഒടുവില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് സംവിധായകന് ബിജുകുമാര്‍ ദാമോദരനാണ്.
കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്തു നിന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ബിജുകുമാര്‍ ദാമോദരന്‍ വിമര്‍ശിച്ചു.
മലയാള സാഹിത്യത്തില്‍ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കുമ്പോള്‍ വെളുത്ത ശരീരം കറുപ്പിക്കാന്‍ ബ്ലാക്ക് പെയിന്റും ബ്രഷും വാങ്ങാന്‍ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവര്‍ത്തകരും ആ പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നതെന്നും ബിജുകുമാര്‍ ചോദിച്ചു.
കലയും രാഷ്ട്രീയവും ലോകമെമ്പാടും സാമ്പ്രാദായിക സങ്കല്പങ്ങള് പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നില്‍ക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. അത് ഇവിടെ മലയാള സിനിമയില്‍ നില നില്ക്കുന്ന സോഷ്യല്‍ ക്ലാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
1969ല്‍ പ്രസിദ്ധീകരിച്ച നോവലായ രാച്ചിയമ്മ സിനിമയാക്കുന്നത് ഛായാഗ്രാഹകന്‍ വേണുവാണ്. നടി പാര്‍വതി നായികയാവുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തൊട്ട് കാസ്റ്റിങിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.ദീപ നിശാന്ത്, അഡ്വ. കുക്കു ദേവകി എന്നിവരും നായികയെ കാസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കരിങ്കല്‍പ്രതിമപോലുള്ള ശരീരം എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച പെണ്ണെന്നും ടോര്‍ച്ചടിക്കും പോലുള്ള ഇടിമിന്നല്‍ച്ചിരിയുള്ള പെണ്ണെന്നും കറുത്തു നീണ്ട വിരല്ത്തുമ്പുകളില് അമ്പിളിത്തുണ്ടുകള്‍ പോലുള്ള നഖങ്ങളോടുകൂടിയ പെണ്ണെന്നും ഉറൂബ് പറഞ്ഞു വെച്ച് പെണ്ണാണ് രാച്ചിയമ്മ. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ടെന്നുമാണ് ദീപ നിശാന്ത് പ്രതികരിച്ചത്.
ഉറൂബിന്റെ രാച്ചിയമ്മയുടെ കാസ്റ്റിങ് തെറ്റാണെന്നും കരിങ്കല്‍ പ്രതിമ കണക്കിരിക്കുന്ന രാച്ചിയമ്മ ഇതുപോലായത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്നും അഡ്വ.കുക്കു ദേവകിയും ചോദിച്ചു.
‘നിറത്തിലെന്തിരിക്കുന്നു, കഥാപാത്രത്തെ മികവുറ്റതാക്കാനുള്ള പാര്‍വ്വതിയുടെ കഴിവിനെയാവണം സംവിധായകന് പരിഗണിച്ചത് എന്നൊക്കെ വിശദീകരണങ്ങള്‍ വരുന്നത് കണ്ടു. ഏതാണ്ട് രൂപത്തിലും നിറത്തിലുമൊക്കെ ചേരുന്ന ആളുകളില്‍ നിന്ന് ‘കഴിവ്’ പുറത്തെടുപ്പിക്കാന്‍ സംവിധായകര്‍ പഠിക്കട്ടെ, വെളുത്ത നിറത്തിന്റെയും അതിനുള്ള മാര്‍ക്കറ്റിന്റെയും അങ്ങനെ ധാരാളം അവസരം കിട്ടിയതുകൊണ്ട് താരതമ്യേന ‘ആദ്യമേ കഴിവ് തെളിയിച്ച’ ആളുകളുടെയും മേല്‍ കുരുങ്ങിക്കിടക്കാതെ,’ അഡ്വ. കുക്കു ദേവകി പ്രതികരിച്ചു.
ആസിഫ് അലിയാണ് സിനിമയില്‍ നായകനായെത്തുന്നത്. ഉയരെയ്ക്കു ശേഷം പാര്‍വതിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന് വേണു തന്നെയാണ്.
നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജിയില്പ്പെട്ട സിനിമയാണ് രാച്ചിയമ്മ. ആഷിക്ക് അബു രാജീവ് രവി, ജയ് കെ തുടങ്ങിയവരാണ് മറ്റു സിനിമകള്‍ ചെയ്യുന്നത്.