SPORTSTop News

വെള്ളം ചുമക്കുന്ന ‘പ്രമുഖര്‍’

വസന്ത് കമല്‍

ക്രിസ് ഗെയ്ല്‍

ഐപിഎല്‍ തുടങ്ങിയ കാലം മുതല്‍ ഏതു ടീമും കൊതിക്കുന്ന താരമാണ് ക്രിസ് ഗെയ്ല്‍. കരീബിയന്‍ കൊടുങ്കാറ്റ് ബാറ്റില്‍ ഒളിപ്പിച്ച ഗെയ്ലിന്റെ വെള്ളിടികള്‍ പോലുള്ള സിക്സറുകളോളം നിരന്തരം ഗ്യാലറികളെ പൊട്ടിത്തെറിപ്പിച്ച മറ്റൊരു കാഴ്ചയുമുണ്ടാകില്ല ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍. എന്നാല്‍, ഗെയ്ലിന്റെ വില ടീമുകള്‍ മനസിലാക്കുന്നത് സീസണ്‍ തുടങ്ങിക്കഴിഞ്ഞാവും എന്നതാണ് പലപ്പോഴുമുള്ള അനുഭവം. വാങ്ങാന്‍ ആളില്ലാതെ, ഒടുവില്‍ ചുളുവിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കുകയും, അവിടെ സീസണിലെ ടോപ് സ്‌കോററാകുകയുമൊക്കെ ചെയ്ത ചരിത്രമുണ്ട് ഗെയ്ലിന്. ഈ സീസണിലും സ്ഥിതി വ്യത്യസ്തമായില്ല. ഗെയ്ല്‍ ഇല്ലാതെ തന്ത്രങ്ങള്‍ ഒരുക്കുമെന്ന കിങ്സ് ഇലവന്‍ പഞ്ചാബിന്റെ പ്രഖ്യാപനം ടൂര്‍ണമെന്റ് തുടങ്ങും മുന്‍പേ വന്നു. പറയുന്നത് ഐപിഎല്ലിലെ ഏക ഇന്ത്യന്‍ കോച്ചായ അനില്‍ കുംബ്ലെ ആയപ്പോള്‍ വിശ്വസിക്കാതെ നിവൃത്തിയുമില്ലായിരുന്നു. ഗെയ്ല്‍ ഇല്ലാത്ത പഞ്ചാബ് ബാറ്റിങ് നിരയ്ക്ക് കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് സ്ഥിരമായി മികച്ച തുടക്കങ്ങള്‍ നല്‍കുകയും ചെയ്തു. ഇരുവരും റണ്‍വേട്ടക്കാരുടെ പട്ടികയുടെ മുകളറ്റത്ത് പരസ്പരം മത്സരിക്കുക വരെ ചെയ്യുന്നു. എന്നാല്‍, ഉറപ്പായ ജയങ്ങള്‍ പോലും മധ്യനിരയുടെ ദൗര്‍ബല്യങ്ങള്‍ കാരണം ടീമിനു നഷ്ടപ്പെടുന്നത് പതിവ് കാഴ്ചയായി. രാഹുലും മായങ്കും നല്ല കൂട്ടുകെട്ടായി മുന്നോട്ടു പോകുമ്പോള്‍ ഗെയ്ലിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തും എന്നതായിരുന്നു പഞ്ചാബിനു മുന്നിലുള്ള ഒരു പ്രതിസന്ധി. ഏതു വിദേശ കളിക്കാരനെ ഒഴിവാക്കും എന്ന ചോദ്യവും ടൂര്‍ണമെന്റിന്റെ ആദ്യ പകുതി പിന്നിടുമ്പോഴും ഉത്തരമില്ലാതെ തുടര്‍ന്നു. ഒടുവില്‍ ടീമിന് സീസണില്‍ അകാല മൃത്യു ഉറപ്പാകുന്ന ഘട്ടത്തിലേക്ക് അടുത്തപ്പോള്‍ മാത്രം ഗെയ്ല്‍ ടീമിലെത്തി. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തു. അഞ്ച് സിക്സറുകള്‍ സഹിതം അര്‍ധ സെഞ്ചുറി നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. എന്നാല്‍, എന്തുകൊണ്ട് ഗെയ്ല്‍ ഇതുവരെ ടീമിലെത്തിയില്ല എന്ന ചോദ്യത്തിന് ഇപ്പോഴും യുക്തിസഹമായ ഉത്തരമില്ല. ഗ്ലെന്‍ മാക്സ്വെല്ലിനെ പോലെ സ്ഥിരതയില്ലാത്ത, നിരന്തരം നിരാശപ്പെടുത്തുന്ന ഒരു വിദേശ കളിക്കാരന്റെ സ്ഥാനം ഫസ്റ്റ് ഇലവനില്‍ ചോദ്യം ചെയ്യപ്പെടാതെ തുടരുമ്പോഴാണ് ഇതു സംഭവിച്ചതെന്നോര്‍ക്കണം. പ്രായം നാല്‍പ്പതു കഴിഞ്ഞെന്നും ഭക്ഷ്യ വിഷബാധയാണെന്നും ശാരീരിക്ഷമതയില്ലെന്നും എല്ലാമുള്ള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഒന്നിനും ടീം മാനേജ്മെന്റില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ഗെയ്ലിന്റെ ബാറ്റ് സംസാരിച്ചു തുടങ്ങിയതോടെ മറ്റു വാദങ്ങള്‍ അപ്രസക്തമാകുകയും ചെയ്യുന്നു.

ഇമ്രാന്‍ താഹിര്‍

ഗെയ്ലിനെപ്പോലെ, ടീം തോല്‍ക്കുമ്പോഴും ഏറെ മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വന്ന മറ്റൊരു സൂപ്പര്‍ താരമാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ വെള്ളവുമായി വന്ന താഹിറിന്റെ ദൃശ്യം സ്വാഭാവികമായും ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റില്‍ അതൊരു അസാധാരണ സംഭവമല്ലെങ്കിലും, താഹിറിന്റെ കാര്യത്തില്‍ അവസരം നിഷേധിക്കപ്പെടുന്നതിന്റെ അനീതിയുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായിരുന്നു താഹിര്‍ എന്നു കൂടി ഓര്‍ക്കണം.നാല്‍പ്പതിനോടടുത്ത താരങ്ങളെ വച്ച് ടീമിന്റെ കോര്‍ ഗ്രൂപ്പ് രൂപീകരിച്ച ചെന്നൈ മാനേജ്മെന്റിന് താഹിറിന്റെ 40 പ്ലസ് ഒരു പ്രായക്കൂടുതലായി പറയാന്‍ കഴിയില്ല. പിയൂഷ് ചൗളയെ പോലെ ഒരു ലെഗ് സ്പിന്നര്‍ നിരന്തരം തല്ലു വാങ്ങിയിട്ടും ടീമില്‍ വരുകയും പോകുകയും ചെയ്യുന്നു, രവീന്ദ്ര ജഡേജ പഴയ ഫോമിന്റെ ഏഴയലത്തു പോലുമല്ല. ടീമാകട്ടെ പോയിന്റ് പട്ടികയുടെ രണ്ടാം പകുതിയിലും തുടരുന്നു. എന്നിട്ടും എന്തുകൊണ്ട് താഹിറിനെ പോലൊരു ക്ലാസ് പ്ലെയര്‍ ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ ഉടനീളം പുറത്തിരിക്കേണ്ടി വന്നു എന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യന്‍ താരങ്ങളില്‍ ഇത്തരത്തില്‍ അവഗണന നേരിട്ട ഒരാള്‍ ദീപക് ഹൂഡയാണ്. എന്നാല്‍, ഗെയ്ലിനൊപ്പം കിങ്സ് ഇലവന്‍ പഞ്ചാബ് ഹൂഡയെയും കളത്തിലിറക്കി. ഇങ്ങനെ പുറത്തിരിക്കേണ്ടി വരുന്ന പ്രമുഖരെ കൈമാറ്റം ചെയ്യാനുള്ള അവസരവും ടീമുകള്‍ക്ക് ലഭ്യമാണ്. ഐപിഎല്ലിന്റെ ആദ്യ പകുതി പിന്നിട്ടതോടെയാണ് മിഡ് സീസണ്‍ വിന്‍ഡോ തുറന്നത്. ഐപിഎല്ലില്‍ മിക്ക ടീമുകളും വിദേശ താരങ്ങളുടെ കരുത്തിനെയാണ് പ്രധാനമായി ആശ്രയിക്കുന്നതെങ്കില്‍, ഇന്ത്യന്‍ പ്രതിഭകള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ നാലു പേരും ഇന്ത്യക്കാരായി മറ്റൊരു ടീമും ഉണ്ടായിരുന്നില്ല.

ഷിമ്രോണ്‍ ഹെറ്റ്മെയര്‍

ഇന്ത്യന്‍ യുവനിരയെ ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് മികച്ച രീതിയില്‍ മുന്നോട്ടു പോന്നതുമാണ്. എന്നാല്‍, ഋഷഭ് പന്ത് അല്ലാതെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ടീമിലില്ല എന്നത് ഇപ്പോള്‍ ഡല്‍ഹിയുടെ സന്തുലനത്തെ ആകെ ബാധിച്ചിരിക്കുകയാണ്. പരിക്കേറ്റ ഋഷഭിനു പകരം അലക്സ് കാരി എന്ന ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടന മികവ് അദ്ദേഹത്തിന് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരിയെ കളിപ്പിക്കുമ്പോള്‍ മറ്റൊരു വിദേശതാരത്തെ പുറത്തിരുത്താന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതമാകുന്നു. മധ്യനിരയില്‍ ഫോം കണ്ടെത്തിവന്ന ഷിമ്രോണ്‍ ഹെറ്റ്മെയറാണ് ഇത്തരത്തില്‍ പുറത്തു പോയത്. ഋഷഭിന്റെ സ്ഥാനത്ത് ഇന്ത്യന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് അജിങ്ക്യ രഹാനെ ടീമിലെത്തിയതും ബാറ്റിങ് വേഗത്തെ ബാധിക്കുന്നു. ഋഷഭ് കളിച്ചിരുന്ന നാലാം നമ്പര്‍ രഹാനെയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ വണ്‍ഡൗണാക്കുകയും, വണ്‍ഡൗണായിരുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വരുകയും ചെയ്യുന്നു. അങ്ങനെ ആകെ താളം തെറ്റിയ അവസ്ഥയില്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വഴി ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ടീമിലെത്തിക്കുകയോ, അല്ലെങ്കില്‍ ഹെറ്റ്മെയറെ പോലെ ആരെയെങ്കിലും വിക്കറ്റ് കീപ്പറാക്കി പരീക്ഷണം നടത്തുകയോ മാത്രമാണ് ഇപ്പോള്‍ ഡല്‍ഹിക്കു മുന്നിലുള്ള വഴികള്‍. എന്നാല്‍, സീസണിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരകളിലൊന്ന് സ്വന്തമായ ടീമില്‍ ഒരു പാര്‍ട്ട് ടൈം വിക്കറ്റ് കീപ്പര്‍ മതിയോ എന്ന ചോദ്യവും പ്രസക്തമാണ്. പരിക്കിന്റെ കാര്യമാണെങ്കില്‍, ടീമിനെ വിടാതെ പിടികൂടിയ അവസ്ഥയുമാണ്. ഋഷഭ് മാത്രമല്ല, ഫോമിലുള്ള ക്യാപ്റ്റന്‍ ശ്രേയസും പരുക്കിലായിക്കഴിഞ്ഞു. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ പരുക്ക് ഇതുവരെ ടീമിനെ കാര്യമായി ബാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ ആര്‍. അശ്വിന്റെയും പിന്നീട് ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെയും പരുക്കുകളെ അതിജീവിക്കാനുള്ള ബൗളിങ് വിഭവശേഷം ടീമിനുണ്ടായിരുന്നു. എന്നാല്‍, ബാറ്റിങ്ങിന്റെ കാര്യത്തില്‍ അവസ്ഥ അതല്ല.

കാഗിസോ റബാഡ

ഡല്‍ഹിയുടെ ബൗളിങ് കരുത്തിനെക്കുറിച്ച് പറയുമ്പോള്‍ കാഗിസോ റബാഡ തന്നെയായിരിക്കും ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നത്. എന്നാല്‍, ആന്റിച്ച് നോര്‍ജെ എന്ന ഇരുപത്താറുകാരനെയും വിസ്മരിക്കാന്‍ കഴിയില്ല. ഈ ദക്ഷിണാഫ്രിക്കന്‍ ജോടിയാണ് ഡല്‍ഹിയുടെ പേസ് ബാറ്ററിയിലെ പ്രധാന ഊര്‍ജം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ മൂന്നു പന്തുകള്‍ ഇതിനകം നോര്‍ജെയുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നു തന്നെയുള്ള ഡെയ്ല്‍ സ്റ്റെയ്ന്‍ കുറിച്ച 154.21 കിലോമീറ്റര്‍ ആയിരുന്നു ഐപിഎല്ലില്‍ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ പന്ത്. ഇതിനെക്കാള്‍ വേഗത്തില്‍ മൂന്നു പന്താണ് ഒറ്റ മത്സരത്തില്‍ നോര്‍ജെ എറിഞ്ഞത്. 156.22 ആയിരുന്നു അതില്‍ ഏറ്റവും വേഗം കൂടിയത്. ക്രിക്കറ്റ് മാത്രമല്ല, യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളും ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. പതിനേഴു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സ്പെയ്നെതിരേ യുക്രെയ്ന്‍ വിജയം നേടുന്നതും അവിടെ കണ്ടു. മുന്‍ സൂപ്പര്‍ താരം ആന്ദ്രെ ഷെവ്ചെങ്കോ പരിശീലിപ്പിച്ച ടീമാണ് എതിരില്ലാത്ത ഒരു ഗോളിന് മുന്‍ ലോക ചാംപ്യന്‍മാരെ പരാജയപ്പെടുത്തിയത്. കീവ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ പതിനയ്യായിരം കാണികളുടെ സാന്നിധ്യത്തിലായിരുന്നു മത്സരം. അതേസമയം, ജര്‍മനിയിലെ ഒഴിഞ്ഞ ഗ്യാലറിക്കു മുന്നില്‍ നടത്തിയ മത്സരത്തില്‍ ആതിഥേയരെ സ്വിറ്റ്സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. രണ്ടു ടീമുകളും നേടിയത് മൂന്നു ഗോള്‍ വീതം. ഗ്രൂപ്പില്‍ ഇപ്പോഴും സ്പെയ്നാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പോര്‍ച്ചുഗലില്‍ നടന്ന മത്സരത്തിലാകട്ടെ 2500 കാണികളെ അനുവദിച്ചിരുന്നു. അവിടെ ആതിഥേയര്‍ സ്വീഡനെ എതിരില്ലാത്ത മൂന്നു ഗോളിനു കീഴടക്കി. കോവിഡ് ബാധയെത്തുടര്‍ന്ന് വിശ്രമിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല. ഡീഗോ യോട്ടയുടെ ഇരട്ട ഗോള്‍ അവര്‍ക്ക് അനായാസ വിജയം തന്നെ സമ്മാനിച്ചു. മൂന്നാമത്തെ ഗോളിനു വഴിയൊരുക്കിയതും യോട്ട തന്നെയായിരുന്നു. ഫ്രാന്‍സും ക്രൊയേഷ്യയും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. മറ്റൊരു മത്സരത്തില്‍ പോളണ്ട് എതിരില്ലാത്ത രണ്ടു ഗോളിന് ബോസ്നിയയെ കീഴടക്കി. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് രണ്ടു ഗോളും നേടിയത്. ഇറ്റലിയും ഹോളണ്ടും തമ്മിലുള്ള മത്സരം 1-1 സമനിലയില്‍ പിരിഞ്ഞപ്പോള്‍, ഐസ് ലന്‍ഡിനെതിരേ ബെല്‍ജിയം ഒന്നിനെതിരേ രണ്ടു ഗോളിനു ജയിച്ചു. ഇംഗ്ലണ്ടിനെ ഡെന്‍മാര്‍ക്ക് ഒരു ഗോളിന് അട്ടിമറിക്കുകയും ചെയ്തു. ഫ്രാന്‍സ് ക്രൊയേഷ്യയെയും തോല്‍പ്പിച്ചു. സ്‌കോര്‍ 2-1.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close