വേനല്‍ക്കാലത്തും യുകെയില്‍ കൊറോണ വ്യാപനം തുടരും

ലണ്ടന്‍: അടുത്ത സമ്മറിലും യുകെ കൊറോണാവൈറസിനെ കൈകാര്യം ചെയ്യുന്ന തിരക്കിലായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കി ബോറിസ് ജോണ്സണ്. ക്രിസ്മസ് എത്തുമ്പോഴേക്കും കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രധാനമന്ത്രി നിലപാട് തിരുത്തിയത്. അടുത്ത വര്‍ഷം മധ്യത്തോടെ യുകെ കൊറോണാവൈറസില്‍ നിന്നും അകലത്തില്‍ എത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ബോറിസ് വ്യക്തമാക്കി, എന്നാല്‍ മുന്നിലുള്ളത് ദുര്‍ഘടം പിടിച്ച സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ ഷോപ്പുകളിലും, ഷോപ്പിംഗ് സെന്ററുകളിലും, ബാങ്കുകള്‍, ടേക്ക്എവേ, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ മാസ്ക് അണിയുന്നത് നിര്‍ബന്ധമാക്കിയ ദിവസമാണ് ബോറിസ് കാര്യങ്ങള്‍ എളുപ്പമല്ലെന്ന സൂചന നല്‍കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ക്രിസ്മസ് കാലത്ത് എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. എന്നാല്‍ ഇത് നടപ്പാകുന്നത് ബുദ്ധിമുട്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. സാമൂഹിക അകല നിബന്ധനകള്‍ എപ്പോള്‍ നീക്കുമെന്നത് സംബന്ധിച്ച് പ്രവചനങ്ങള്‍ക്ക് ഇല്ലെന്നാണ് ഇപ്പോള്‍ ബോറിസിന്റെ നിലപാട്.
വൈറസിനെ തുരത്താനുള്ള നമ്മുടെ അവസ്ഥ അനുസരിച്ചാകും ആ തീരുമാനമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മുന്‍പൊരിക്കലും കാണാത്ത വൈറസിനെയാണ് ഭൂമുഖം നേരിടുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ ഇതിനെ മറികടക്കാമെന്നാണ് കരുതുന്നത്. സാമൂഹിക അകലം പോലുള്ള നടപടികളിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് ശ്രമിക്കുന്നത്, ബോറിസ് പറഞ്ഞു. അതേസമയം മാസ്കിന് പിന്നാലെ ഗ്ലൗസും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് ഒരു ടോറി പിയര്‍ വെളിപ്പെടുത്തി. ഗ്ലൗസ് നിലവില്‍ നിബന്ധനകളില്‍ ഇടംപിടിച്ചിട്ടില്ലെങ്കിലും പരിശോധിച്ച് വരികയാണെന്ന് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ബെതെല്‍ പറഞ്ഞു. കൊവിഡ്-19’നുമായി മുന്നോട്ട് ജീവിക്കുക തന്നെയാണ് മാര്‍ഗ്ഗമെന്ന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്കിയ രാജ്യങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ രൂപപ്പെട്ട് വരുന്നുണ്ട്. ശരത്കാലത്ത് രോഗം വീണ്ടും തിരിച്ചെത്താന്‍ സാധ്യതയുണ്ട്, ഇതിനായി ഒരുങ്ങണം, ബ്ലെയര്‍ കൂട്ടിച്ചേര്‍ത്തു.