INSIGHTNEWSTrending

വൈരമുത്തുവിന്റെ അവാര്‍ഡ് വിവാദത്തിന്റെ പിന്നാമ്പുറക്കാഴ്ചകള്‍

ഇന്ദ്രജിത്ത്

സമകാലിക മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി.കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൊടുത്തു തുടങ്ങി നാലാംവര്‍ഷം തന്നെ കേരളം കണ്ട ഏറ്റവും തരംതാണൊരു വിവാദത്തില്‍ അകപ്പെട്ട് ചക്കകുഴഞ്ഞതുപോലെ കുഴഞ്ഞുകഴിഞ്ഞു. വര്‍ഷങ്ങളുടെ പൈതൃകമുള്ള വയലാര്‍ അവാര്‍ഡ് ചില രാഷ്ട്രീയ തല്‍പരരുടെ കടന്നുകയറ്റത്തിലൂടെയും ഡോ.അയ്യപ്പപ്പണിക്കരെപ്പോലൊരാളുടെ നിരസിക്കലും വഴി വിവാദമായതിനു ശേഷം ഒരു സാഹിത്യ അവാര്‍ഡിന് ഇങ്ങനൊരു ദുര്‍വിധി ഇതാദ്യമാണ്. ഭാഷവിട്ട് അവാര്‍ഡിന് ദേശീയ മാനം കൈവരിക്കുക ലക്ഷ്യമിട്ട് ഒ.എന്‍.വി അവാര്‍ഡ് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനുകൊടുത്തതാണ് കുഴപ്പമായത്. നേരത്തേ മകളുടെ പ്രായം മാത്രമുള്ള ചിന്മയി ശ്രീപാദ എന്നൊരു ഗായിക ഉന്നയിച്ച മീ ടൂ ആരോപണത്തിന്റെ കരിനിഴലാണ് വൈരമുത്തുവിനെതിരേ മലയാളത്തില്‍ ഡബ്‌ള്യൂ സിസി എന്ന സിനിമാക്കൂട്ടായ്മയിലുള്ളവരുടെ സൈബര്‍ പ്രതിഷേധത്തിന് വഴിവച്ചത്. അതേറ്റെടുക്കാന്‍ ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയേയും എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍.എസ്.മാധവനും നോവലിസ്റ്റ് കെ.ആര്‍ മീരയേയും പോലുള്ളവര്‍ കൂടി മുന്നോട്ടുവന്നതോടെയാണല്ലോ ഒ.എന്‍.വി സ്മാരകസമതി അധ്യക്ഷനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പോലും പ്രതിക്കൂട്ടിലായത്. അവാര്‍ഡ് വ്യക്തിക്കല്ല അയാളുടെ പ്രതിഭയ്ക്കാണെന്ന തത്വമൊന്നും പക്ഷേ മീടൂ പ്രതിഷേധങ്ങളെ ശമിപ്പിക്കാനുതകിയില്ല. ഒടുവിലാണ് അവാര്‍ഡ് പുനഃപരിശോധിക്കുമെന്ന പ്രസ്താവനയുമായി സമിതി മുന്നോട്ടു വന്നതും, എങ്കില്‍പ്പിന്നെ തനിക്കാ അവാര്‍ഡ് തന്നെ വേണ്ടെന്ന് വൈരമുത്തു പരസ്യമായി പ്രതികരിച്ചതും. ഈ പശ്ചാത്തലത്തില്‍ അവാര്‍ഡുകളുടെ ചരിത്രത്തിലെ സമാനവിവാദങ്ങളെപ്പറ്റിയും ഇത്തവണത്തെ ഒഎന്‍വി അവാര്‍ഡിനെതിരേ ഉയര്‍ന്ന ആക്ഷേപത്തിനെതിരേ സൈബറിടങ്ങളില്‍ തന്നെ പ്രത്യക്ഷപ്പെട്ട ചില പ്രതിരോധസ്വരങ്ങളുടെയും മറുവാദങ്ങളുടെയും വാസ്തവവും രാഷ്ട്രീയവും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം

വൈരമുത്തു എന്ന വ്യക്തിക്കല്ല, കവി എന്ന നിലയ്ക്ക് ഗാനരചയിതാവെന്ന നിലയ്ക്ക് അദ്ദേഹം നല്‍കിയ സര്‍ഗസംഭാവനകള്‍ക്കാണ് അവാര്‍ഡ് എന്നും അത് ്‌ദ്ദേഹത്തിന്റെ സര്‍ഗജീവിതത്തെ മാത്രമാണ് പരിഗണിച്ചതെന്നുമുളഅള അടൂര്‍ ഗോപാലകൃഷ്ണന്റെ ന്യായവാദങ്ങള്‍ക്ക് സമാനമായ ന്യായീകരണങ്ങള്‍ വൈരമുത്തുവെന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുന്ന നിഷ്പക്ഷരും അല്ലാത്തവരുമായ ഒരുപാടാളുകള്‍ നവമാധ്യമങ്ങളില്‍ പങ്കിട്ടതാണ്. ഇടതുപക്ഷ സഹയാത്രികനും സ്ത്രീവാദിയുമായ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വി.സി അഭിലാഷടക്കം പല പ്രമുഖരും ഈ വാദം പങ്കുവയ്ക്കുകയും ചെയ്തു. വൈരമുത്തുവാകട്ടെ, തനിക്കെതിരേയുള്ള ആരോപണം അതെത്ര ആഴമുള്ളതാണെങ്കിലും ശരി, ഉന്നയിക്കപ്പെട്ടിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒരു കേസുപോലുമാകാത്ത സാഹചര്യത്തിലും തന്റെ ഭാഗം സ്ഥാപിക്കാന്‍ നിയമപൂര്‍വമായൊരു അവസരമോ വേദിയോ ലഭിക്കാത്തതിനാലും ആരോപണം തെളിയും വരെ പ്രതിക്കു പോലും കിട്ടുന്ന നിഷ്‌കളങ്കന്‍ എന്ന പരിരക്ഷ പോലും ലഭിക്കാത്തതിനെപ്പറ്റിയാണ് ആശങ്ക പങ്കിട്ടത്. ഈ ആശങ്കയില്‍ അല്‍പം കഴമ്പുണ്ട് താനും. കാരണം, ഒരാള്‍ക്കെതിരേ ഇത്തരത്തിലൊരാരോപണമുണ്ടായാല്‍ പരാതിപ്പെടുന്നവരോ അല്ലെങ്കില്‍ സ്‌റ്റേറ്റോ കേസെടുത്ത് മുന്നോട്ടു പോവുകയും വിചാരണശേഷം രണ്ടിലൊന്നു തീരുമാനിക്കുകയും വേണം. അല്ലാതെ ജീവിതകാലം മുഴുവന്‍ ഒരാള്‍ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ജനകീയ വിചാരണക്കുറ്റവാളിയായി കാലം കഴിക്കേണ്ടിവരുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് ശോഭനമല്ല. വൈരമുത്തു സ്ത്രീപീഡകനാണെങ്കില്‍ ഇങ്ങനെ സൈ്വരമായി ജീവിക്കാന്‍ അദ്ദേഹത്തിന് ഇന്ത്യാമഹാരാജ്യത്ത് സാധിക്കരുത്. അദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിനാണ് ആരോപണമുന്നയിക്കുന്നവരും നീതിന്യായ വ്യവസ്ഥിതിയും പ്രവര്‍ത്തിക്കേണ്ടത്. കുറ്റം തെളിയും വരെ വൈരമുത്തു നിയമദൃഷ്ടിയില്‍ കുറ്റവാളിയല്ല, കുറ്റാരോപിതന്‍ മാത്രമാണ്, അത് മനഃസാക്ഷിയുടെ പേരിലാണെങ്കിലും ശരി.

ഈ വാദം അംഗീകരിക്കുന്നതെന്ന വാദം അംഗീകരിച്ചാല്‍ വി.സി. അഭിലാഷടക്കം വൈരമുത്തുവിന്റെ സര്‍ഗസംഭാവനകളെ മാത്രം മാനിക്കുന്ന ഒരാളുടെ വാദഗതിയെ പിന്തുണയ്‌ക്കേണ്ടി വരും. അപ്പോള്‍, കുറച്ചു വര്‍ഷം മാത്രം മുമ്പ് കേരളത്തിലുയര്‍ന്നു കേട്ട ഒരു വിവാദ തട്ടിക്കൊണ്ടുപോക്ക് കേസില്‍ മൂന്നുമാസത്തോളം ജയില്‍വാസമനുഷ്ഠിക്കേണ്ടിവന്ന പ്രമുഖ നടനെതിരേ ഉന്നയിക്കപ്പെട്ട വാദഗതികള്‍ ഓര്‍ത്തെടുക്കേണ്ടിയും വരും. ഇനിയും വിചാരണ അവസാനിക്കുകയോ തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത കേസില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന്റെ കാര്യത്തില്‍ വൈരമുത്തുവിനു നല്‍കുന്ന ആനുകൂല്യം കേരളസമൂഹം നല്‍കിക്കണ്ടില്ല. ഒരാള്‍ ചെയ്ത കാരുണ്യപ്രവൃത്തികളുടെ പേരിലോ, അയാളുടെ പ്രതിഭയുടെ പേരിലോ അയാള്‍ ചെയ്തുകൂട്ടിയ (എന്ന് ആരോപിക്കപ്പെടുന്ന) കുറ്റകൃത്യത്തില്‍ നിന്ന് അയാള്‍ പൊറുക്കപ്പെടേണ്ടവനാവുന്നില്ല എന്നായിരുന്നു അന്നത്തെ നവമാധ്യമങ്ങളില്‍ ആളുകള്‍ കൂട്ടായി എഴുത്തിത്തള്ളിയത്. എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ജയില്‍മോചനശേഷം ആദ്യം പുറത്തിറങ്ങിയ സിനിമ, അത് ആരോപണത്തിനു മുമ്പേ ചിത്രീകരിച്ചതായിട്ടും, അത് മറ്റനേകം ചലച്ചിത്രപ്രവര്‍ത്തകരുടെ കൂടി കൂട്ടായ്മയില്‍ വയറ്റുപ്പിഴപ്പിനായി നിര്‍മിക്കപ്പെട്ടതായിട്ടും തങ്ങള്‍ കാണില്ലെന്നും കഴിയുമെങ്കില്‍ തീയറ്ററിനു തീയടണമെന്നും വരെ ആഹ്വാനം ചെയ്ത ഇടതുപക്ഷ ജിഹ്വകളെയാണ് സൈബറിടങ്ങളില്‍ തെളിഞ്ഞുകണ്ടത്. ഈ പോരാളികളെയൊന്നും വൈരമുത്തുവിന്റെ കാര്യത്തില്‍ നവമാധ്യമങ്ങളുടെ കാണാമറയത്തു പോലും മഷിയിട്ടു നോക്കിയാല്‍ കാണുന്നില്ലെന്നാണ് വൈരമുത്തുവിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിച്ചത്. സംഗതിയില്‍ അല്‍പം കാര്യമുണ്ടു താനും. കാരണം, ഒ.എന്‍.വി സ്മാരകസമിതിയുടെ ലെറ്റര്‍ഹെഡ് ബോധ്യപ്പെടുത്തും. മുന്‍ അവാര്‍ഡ് ജേതാക്കളായ എം.ടി.വാസുദേവന്‍നായര്‍ക്കും സുഗതകുമാരിക്കും ഒപ്പം രക്ഷാധികാരികളില്‍ ആദ്യപേരുകാരന്‍ സഖാവ് പിണറായി വിജയനാണ്, കേരളത്തിന്റെ കണ്‍കണ്ട മുഖ്യമന്ത്രി! അദ്ദേഹം കൂടി ഉള്‍പ്പെട്ട, ഇടതു ബോധത്തില്‍ തുടരുന്നൊരു സമിതിയുടെ അവാര്‍ഡാണ് ഇങ്ങനെ ചക്ക കുഴഞ്ഞതു പോലെ കുഴയുന്നത് എന്നതിലാണ് കൗതുകം. അതുകൊണ്ടുതന്നെയാണ് ഇത്തരം വിവാദങ്ങളില്‍ സാധാരണ അങ്ങോട്ടിടിച്ചുചെന്ന് കക്ഷിചേര്‍ന്ന് വൈരമുത്തുവിന്റെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ന്യായീകരണവാദികളെ പ്രത്യക്ഷത്തിലും അപ്രക്ഷ്യത്തിലും കാണാത്തത്.

ആരോപണവിധേയരായ പ്രതിഭകള്‍ ബഹുമതികളുടെ പേരില്‍ അപമാനിതരാവുന്നതിന് ലോക കലാരംഗത്തു തന്നെ സമാനമായ പല മുന്‍മാതൃകകളും ചൂണ്ടിക്കാണിക്കാനുണ്ട്. കേരളത്തിലെ സിനാമാസ്വാകരില്‍ നല്ലൊരു പങ്കും വീട്ടില്‍ ചില്ലിട്ടു പടം തൂക്കിയിട്ടുള്ള അടുത്തിടെ അന്തരിച്ച ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് തന്റെ അവസാന കാല ചിത്രങ്ങളില്‍ അഭിനയിച്ച നായികമാരെയെല്ലാം ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന കേസില്‍ പ്രതിയായിരുന്നു. അതിനിടെത്തന്നെയാണ് കാന്‍ ചലച്ചിത്രോത്സവത്തില്‍ അദ്ദേഹം ബഹുമാനിതനായതും. ലോക ചലച്ചിത്രകാരന്മാരിലൊരാളായ റോമന്‍ പൊളാന്‍സ്‌കിയെയാവട്ടെ പതിനാലു വയസുപോലുമാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന്റെ പേരിലാണ് അമേരിക്ക സൂറിച്ച് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. സംശയാതീതമായ തെളിയിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ അമേരിക്ക വിട്ട പൊളാന്‍സ്‌കിക്ക് 2003ല്‍ ഓസ്‌കര്‍ അവാര്‍ഡ് നല്‍കിയത് വിവാദമായിരുന്നു. പ്രതിഷേധങ്ങളുയര്‍ന്നിട്ടും പക്ഷേ ആ അവാര്‍ഡ് പിന്‍വലിക്കാത്ത അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പിന്നീട് അദ്ദേഹത്തെ സംഘടനയില്‍ നിന്നേ പുറത്താക്കി. ഈ നടപടി പൊളാന്‍സ്‌കി പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. എന്തിന് കഴിഞ്ഞവര്‍ഷം ഫ്രാന്‍സിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന സീസര്‍ അവാര്‍ഡ് പൊളാന്‍സ്‌കിക്ക് പ്രഖ്യാപിച്ചപ്പോള്‍ സദസിലെ നല്ലൊരു പങ്ക് വനിതാചലച്ചിത്രപ്രവര്‍ത്തകരും പരസ്യമായി വേദിവിടുകപോലുമുണ്ടായി. എന്നിട്ടും സീസര്‍ അവാര്‍ഡ് പുനഃപരിശോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്തില്ല. ഡോ.അയ്യപ്പപ്പണിക്കര്‍ നിഷേധിച്ചപ്പോഴും അവാര്‍ഡ് അദ്ദേഹത്തിനു തന്നെയെന്ന നിലപാടില്‍ തുടര്‍ന്ന വയലാര്‍ അവാര്‍ഡ് സമിതി തീരുമാനം പോലെ.

ടിപ്പണി: അക്ഷയ് ഖന്നയും റിച്ച ഛദ്ദയും അഭിനയിച്ച് 2019 ല്‍ പുറത്തിറങ്ങിയ സെക്ഷന്‍ 375 എന്നൊരു സിനിമയെപ്പറ്റി കൂടി പറയാതെ ഈ കുറിപ്പ് പൂര്‍ണമാവില്ല. സിനിമാരംഗത്തെ യശഃപ്രാര്‍ത്ഥിയായൊരു വസ്ത്രാലങ്കാരക അവസരത്തിനുവേണ്ടി സംവിധായകന് സ്വയം വഴങ്ങിയശേഷം അവസരം കിട്ടാതായപ്പോള്‍ അയാള്‍ തന്നെ പീഡിപ്പിച്ചെന്നു കാട്ടി പരാതിപ്പെടുന്നതാണ് സിനിമയുടെ കാതല്‍. ഹിന്ദിയില്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, അനുരാഗ് കാശ്യപ് തുടങ്ങി പല പ്രമുഖര്‍ക്കുമെതിരേ ഉയര്‍ന്നുവന്ന മീ ടൂ ആരോപണങ്ങളെ അനുസ്മരിപ്പിക്കുന്നൊരു അസല്‍ കോര്‍ട്ട് റൂം സിനിമയായിരുന്നു അത്. സ്വമനസാലെ സംവിധായകന് വഴങ്ങിക്കൊടുത്ത് അതുവഴിയുണ്ടാക്കിയ തെളിവുകളുടെ പുറത്ത് അയാളെ പ്രതിക്കൂട്ടിലാക്കുന്ന പെണ്‍കുട്ടി കേസ് ജയിച്ച ശേഷം സ്വന്തം വക്കീലിനോട് മാത്രം സ്വയം വെളിപ്പെടു്ത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. നിയമപരമായി നായകന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും കുറഞ്ഞപക്ഷം പ്രേക്ഷകര്‍ക്കുമുന്നിലെങ്കിലും അവള്‍ സത്യം വെളിപ്പെടുത്തുകയും അയാള്‍ക്കെതിരായ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വൈരമുത്തുവിന്റെ കാര്യത്തില്‍, ഒ.എന്‍.വി അവാര്‍ഡ് സിമിതി എന്തു തീരുമാനിച്ചാലും ശരി, അദ്ദേഹം കുറ്റവാളിയാണോ അല്ലെയോ എന്നു നിയമം മൂലം തിരിച്ചറിയാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close