Breaking NewsINSIGHTTop NewsWORLD

വോട്ടിംഗ് തുടങ്ങി, മേളം മുറുകി

പി പി മാത്യു

നോർത്ത് കരോലിന സംസ്ഥാനത്തു നേരത്തെ വോട്ട് ചെയ്യുന്നവർക്കായി വെള്ളിയാഴ്ച ബാലറ്റ് പേപ്പർ തപാലിൽ അയച്ചു തുടങ്ങിയതോടെ, നവംബർ മൂന്നിനു നടക്കുന്ന 2020 ലെ അമേരിക്കൻ തെരഞ്ഞടുപ്പിന്റെ വോട്ടിംഗ് ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ആറു ലക്ഷം ബാലറ്റ് പേപ്പറുകൾ ആണ് തപാലിൽ അയച്ചത്. ഏതാനും ചില സംസ്ഥാനങ്ങൾ കൂടി ഈ മാസം തന്നെ അയക്കും. ചില സംസ്ഥാനങ്ങളിൽ ഈ മാസവും അടുത്ത മാസവും നേരിട്ട് വോട്ട് ചെയ്യാനും കഴിയും. മഹാമാരി പരിഗണിച്ചു 52% പേരെങ്കിലും നേരത്തെ തപാൽ വഴി വോട്ട് ചെയ്യും എന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
അതിനിടെയാണ് നേരത്തെ തപാൽ വഴി വോട്ട് ചെയ്യുന്നവർ വീണ്ടും വോട്ട് ചെയ്യണം എന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം വിവാദമായത്. വോട്ടിങ്ങിൽ തട്ടിപ്പു നടക്കാതിരിക്കാൻ അത് ആവശ്യമാണെന്ന് ട്രംപ് പറയുന്ന. എന്നാൽ, രണ്ടാമതു വോട്ട് ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നു ജനങ്ങളെ താക്കീതു ചെയ്യേണ്ട ഗതികേട് ഉദ്യോഗസ്ഥന്മാർക്കുണ്ടായി. മിഷിഗൺ അറ്റോർണി ജനറൽ ഡാന നെസിൽ ജനത്തോടു പറഞ്ഞത് “അങ്ങിനെ ചെയ്താൽ ഞാൻ പ്രോസിക്യൂട്ട ചെയ്യും” എന്നാണ്.

Read More: പ്രധാനായുധം ക്രമസമാധാനം

ഡെമോക്രറ്റ് ജോസഫ് റോബിനറ്റ് ബൈഡനു മൂന്നാം പരിശ്രമത്തിൽ ജയിച്ചു അമേരിക്കൻ പ്രസിഡന്റാവാൻ കഴിയുന്ന കാലാവസ്ഥയാണ് ഇപ്പോൾ കാണുന്നത്. 1988, 2008 വർഷങ്ങളിൽ പരിശ്രമിച്ചു കുട മടക്കി വച്ച ബൈഡനു മൂന്നാം തവണ ഇറങ്ങുമ്പോൾ പക്ഷെ 2008 മുതൽ 2016 വരെ ഒബാമയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു എന്ന പരിവേഷമുണ്ട്. സജീവമായി പ്രവർത്തിച്ച വൈസ് പ്രസിഡന്റ് എന്ന കീർത്തിയും. അഴിമതിക്കറ പുരളാത്ത ഭരണമായിരുന്നു ഒബാമയുടെ എട്ടു വർഷങ്ങളിൽ കണ്ടതെന്ന അവകാശവാദം അസ്ഥാനത്തല്ല താനും.
അഭിപ്രായ വോട്ടെടുപ്പുകൾ നൽകുന്ന സൂചന ബൈഡനു അനുകൂലമാണ്. എന്നാൽ ജനാഭിപ്രായത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നതും ശ്രദ്ധിക്കാതെ വയ്യ.
വിജയം ഉറപ്പാക്കാൻ 538 അംഗങ്ങളുള്ള ഇലക്ട്‌റൽ കോളജിൽ 270 വോട്ട് വേണ്ടതുണ്ട്. ഒരാഴ്ച മുൻപ് വരെ സി എൻ എൻ ടെലിവിഷൻ പ്രവചിച്ചിരുന്നത് ബൈഡനു 388, ട്രംപ് 112, ഉറപ്പില്ലാത്ത 38 എന്നിങ്ങനെയാണ്. ഈ വാരാന്ത്യത്തോടെ അത് 350, 150, 38 എന്നിങ്ങനെയായി. ട്രംപ് പിടിച്ചു കയറാൻ സാധ്യതയുണ്ട് എന്ന സൂചനയാണ് അതിലുള്ളത്. ഞായറാഴ്ച വന്ന സി എൻ എൻ വോട്ടെടുപ്പിൽ കാണുന്നത് ബൈഡനു 51% വോട്ടും ട്രംപിന് 43% വോട്ടും ലഭിക്കും എന്നാണ്. പുതിയ വോട്ടെടുപ്പുകളിൽ ട്രംപിനു മുൻ‌തൂക്കം ഉള്ളത് സാമ്പത്തിക കാര്യങ്ങളിൽ മാത്രമാണ്. ബൈഡൻ ആവട്ടെ, കൊറോണവൈറസ് മുതൽ വംശീയതയും ക്രമസമാധാനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നു.

Read More: പാർട്ടിക്കു തന്നെ ട്രംപിനെ പേടി

എട്ടു ശതമാനം ലീഡ് നവംബർ മാസത്തിനു മുൻപ് നികന്നു പോകാം എന്ന അപകടം ഡെമോക്രറ്റുകൾ കാണുന്നു. അതനുസരിച്ചു തന്ത്രങ്ങൾ മെനയുകയാണ് അവർ.
ബൈഡനു പ്രധാന പ്രശ്‌നം പ്രായമാണ്: 77. എന്നാൽ ട്രംപിന് 74 ഉണ്ട്. ട്രംപ് പക്ഷെ ബൈഡനെ ‘ദുർബലൻ’ എന്നു ആവർത്തിച്ചു വിളിക്കുന്നത് പ്രായം കൂടി സൂചിപ്പിച്ചാണ്. “ഞാൻ രാവും പകലും അധ്വാനിക്കുമ്പോൾ ഡെലവറിലെ വീട്ടിൽ കുത്തിയിരിപ്പാണ് ജോ” എന്ന് ട്രംപ് ആക്ഷേപിക്കുന്നു. ബൈഡൻ മുഖാവരണം ധരിക്കുന്നതിനെ അദ്ദേഹം പുഛിക്കുന്നു: “അയാൾക്കു പേടിയാണ്.”
ബൈഡൻ ഊർജിതമായി രംഗത്ത് ഇറങ്ങാൻ അൽപം വൈകി എന്ന ആശങ്ക പാർട്ടിയിൽ തന്നെ ഉണ്ട്. അതനുസരിച്ചു പ്രചാരണം ഉഷാറാക്കിയിട്ടുമുണ്ട്. പ്രത്യേകിച്ച് ശ്രദ്ധ വയ്ക്കുന്ന ഒരു സമീപനം ട്രംപിന്റെ ആരോപണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി പറയുക എന്നതാണ്.

Read More: പാർട്ടിക്കു തന്നെ ട്രംപിനെ പേടി

ഇത്ര പ്രായം ചെന്ന ഒരാൾ പ്രസിഡന്റാവുമ്പോൾ കരുത്തുള്ള വൈസ് പ്രസിഡന്റ് ഉണ്ടാവണം എന്നാണ് ജന സങ്കൽപം. പ്രസിഡന്റിന് മരണം സംഭവിക്കുകയോ രോഗിയാവുകയോ ചെയ്താൽ ചുമതല ഏറ്റെടുക്കാൻ കഴിയണം. ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന് (54) ആ കഴിവില്ല എന്നു സ്ഥാപിക്കാൻ അവർക്കെതിരെ കടന്നാക്രമണം നടത്തുകയും ചെയ്യുന്നു ട്രംപ്. എന്നാൽ ഹാരിസിന്റെ രംഗപ്രവേശം ഏഷ്യക്കാരിലും കറുത്ത വർഗക്കാരിലും മാത്രമല്ല, സ്ത്രീകളിലും വമ്പിച്ച ആവേശം സൃഷ്ടിച്ചു എന്നാണ് സർവേകൾ കണ്ടെത്തിയത്.
ബൈഡൻ മഹാനായ സ്‌ഥാനാർത്ഥിയൊന്നുമല്ല എന്ന് ഡെമോക്രാറ്റിക്‌ പാർട്ടി തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷെ ചരിത്രത്തിന്റെ ചില ഘട്ടങ്ങളിൽ മഹത്വം ആവണമെന്നില്ല പ്രധാന മാനദണ്ഡം. ഡെമോക്രറ്റുകൾ തന്നെ പറയുന്നതനുസരിച്ച്, ബൈഡനെ ഇറക്കിയതു അദ്ദേഹം ‘നിരുപദ്രവി’യാണ് എന്ന പൊതുവായ ധാരണ നിലനിൽക്കുന്നതിനാലാണ്. ട്രംപ് തന്റെ അധികാരം ദുർവിനിയോഗം ചെയ്തു സ്വന്തം മണ്ടത്തരങ്ങൾ ജനത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് മടുപ്പും ആശങ്കയും ഉളവാക്കിയിട്ടുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രചാരണ രംഗത്ത് സജീവമായതോടെ, മുൻപിൻ നോക്കാതെ അടിച്ചു വിടുന്ന വെടിയുണ്ടകൾ പലതും ട്രംപിനു നേരെ തിരിച്ചു വരുന്ന കാഴ്ച കാണാം.

Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

എതിരാളിയുടെ വിജയം ഉറപ്പാക്കാൻ വേണ്ടതൊക്കെ ട്രംപ് ചെയ്യുന്നുണ്ട് എന്ന ചിന്ത ചില റിപ്പബ്ലിക്കൻ നേതാക്കൾക്കും ഉണ്ട്. യുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരെ കുറിച്ച് ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചു എന്ന ആരോപണത്തിന്റെ ചുഴിയിൽ കുടുങ്ങിയിരിക്കയാണ് ഏറ്റവും ഒടുവിൽ പ്രസിഡന്റ്. അക്കാര്യം റിപ്പോർട്ട് ചെയ്ത അറ്റ്ലാന്റിക്ക് മാസികയുടെ ലേഖകൻ ജെഫ്രി ഗോൾഡ്ബർഗിനെ ചീത്ത വിളിച്ചാണ് ട്രംപ് പ്രതികരിച്ചത്. ലേഖകൻ ഉറച്ചു നിൽക്കുമ്പോൾ, ട്രംപ് ആരോപണം നിഷേധിക്കുന്നു. അതേ സമയം, യുദ്ധത്തിൽ മരിച്ച സൈനികരെ കുറിച്ചു ട്രംപ് പുച്ഛത്തോടെ മാത്രം സംസാരിച്ച നിരവധി ഉദാഹരണങ്ങൾ എതിരാളികൾ ആയുധമാക്കുന്നു.
അന്തരിച്ച റിപ്പബ്ലിക്കൻ മുൻ പ്രസിഡന്റ് സ്ഥാനാർഥി ജോൺ മക്കൈൻ വിയറ്റ്നാം യുദ്ധത്തിൽ തടവിലാക്കപ്പെട്ടതിനെ ട്രംപ് പരിഹസിച്ചിട്ടുണ്ട്. അഞ്ചു വർഷം വിയറ്റ്നാം ജയിലിൽ കിടന്ന മക്കൈന് ശാരീരിക പരിമിതികൾ വരെ ഉണ്ടായി. പക്ഷെ യുദ്ധത്തിൽ പിടിക്കപ്പെടുകയോ മരിക്കയോ ചെയ്യുന്നത് പരിഹാസ്യമാണെന്ന സമീപനം മറച്ചു വയ്ക്കാത്ത ട്രംപ്, താൻ മക്കൈനെ കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഒന്നാം ലോക യുദ്ധത്തിൽ മരിച്ച 1,800 യു എസ് സൈനികരെ സംസ്‌കരിച്ച പാരീസിനടുത്തുള്ള ഐസൺ മാറിനെ സെമിത്തേരിയിൽ, 2018 ൽ യുദ്ധാവസാനത്തിന്റെ നൂറാം വാർഷിക ദിനത്തിൽ ആദരാഞ്‌ജലി അർപ്പിക്കാൻ ലോക നേതാക്കൾ എത്തിയപ്പോൾ മഴയത്തു ഇറങ്ങിയാൽ തൻ്റെ മുടിയുടെ ഭംഗി പോകും എന്നു കണ്ടെത്തി ട്രംപ് പിൻവാങ്ങിയ കഥയും ഇപ്പോൾ ചർച്ചാവിഷയമാണ്. അറ്റ്ലാന്റിക്ക് റിപ്പോർട്ടിൽ ഒരു മുൻ ട്രംപ് സഹായിയെ ഉദ്ധരിച്ചാണ് ഈ കഥ പറയുന്നത്.
ബൈഡൻ ആവട്ടെ, തന്റെ മകൻ കൊസോവോയിലും ഇറാഖിലും യുദ്ധത്തിനു പോയ കഥ അഭിമാനത്തോടെ പറയുന്നു. “അവൻ പരാജിതനല്ല, സൈനിക ബഹുമതികൾ നേടിയവനാണ്,” അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ നാടിനു വേണ്ടി ജീവൻ കൊടുക്കുന്ന സൈനികരെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന പാരമ്പര്യമാണ് അമേരിക്കയ്ക്കുള്ളത്. സൈനികരുടെ കുടുംബങ്ങളിൽ രോഷം കത്തിച്ച പ്രസ്താവനകൾ ആണ് ട്രംപിന്റേത്‌.

കഴിഞ്ഞയാഴ്ചയാണ് ബൈഡൻ ഊർജിതമായി പ്രചാരണം തുടങ്ങിയത്. വിസ്കോൺസിൻ സംസ്ഥാനത്തു കറുത്ത വർഗക്കാരൻ ജേക്കബ് ബ്ലേക്കിനു വെടിയേറ്റ കെനോഷയിൽ അദ്ദേഹം എത്തി. ട്രംപ് കെനോഷെ സന്ദർശിച്ചപ്പോൾ പോലീസിന്റെ ബലപ്രയോഗം ന്യായമാണെന്ന് വാദിച്ചിരുന്നു. അദ്ദേഹം ബ്ലേക്കിന്റെ കുടുംബത്തെ കണ്ടില്ല. പിന്നാലെ എത്തിയ ബൈഡൻ പക്ഷെ ബ്ലേക്കിന്റെ കുടുംബത്തെ സന്ദർശിച്ചു സാന്ത്വനപ്പെടുത്തി. ഒബാമയുടെ വിജയം ഉറപ്പാക്കിയ ആഫ്രിക്കൻ-ഏഷ്യൻ-ലാറ്റിനോ കൂട്ടുകെട്ടാണ് ബൈഡന്റെ ലക്‌ഷ്യം. കമലാ ഹാരിസും ഈ വോട്ട് ബാങ്കുകൾക്കു പിന്നാലെയുണ്ട്.
അത് കൊണ്ട് തന്നെ, ആഫ്രിക്കൻ വംശജരുടെ പ്രതിഷേധങ്ങൾ രാജ്യത്തിനു വിനാശമാണെന്നു ട്രംപ്
ഊന്നിപ്പറയുന്നു. ക്രമസമാധാനം എന്ന ആയുധം എടുത്തു വീശുകയാണ് പ്രസിഡന്റ്. തീവ്രവാദികളായ വെള്ളക്കാരുടെ വോട്ടുകൾ സ്വന്തമാക്കാൻ. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന സർവേകളിൽ ബൈഡനു ഇക്കാര്യത്തിലുള്ള സമീപനം സ്വീകാര്യമാണെന്നു വർണ വ്യത്യാസമില്ലാതെ ഭൂരിപക്ഷം പറയുന്നു. രാജ്യത്തെ കീറി മുറിക്കുന്ന വംശീയതയുടെ കാർഡ് വലിയ നേട്ടം കൊയ്തിട്ടില്ല ഇതു വരെ എന്നാണ് സൂചന.
വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ, നോർത്ത് കരോലിന തുടങ്ങിയ പോർക്കള സംസ്ഥാനങ്ങളിൽ ബൈഡൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വിജയം ഉറപ്പാക്കുന്ന വോട്ട് ബാങ്കുകളെ ഉഷാറാക്കാനുള്ള ശ്രമങ്ങൾ അവിടെയൊക്കെ കേന്ദ്രീകരിച്ചിരിക്കുന്നു. ഒബാമയ്‌ക്കു വോട്ട് ചെയ്തവർ 2016 ൽ ആ വോട്ടുകൾ ഹിലരി ക്ലിന്റണു നൽകിയില്ല എന്ന സത്യം ബാക്കി നിൽക്കെയാണ് അവരെ സംഘടിപ്പിക്കാൻ ഈ നീക്കം. കെനോഷയിലേക്കുള്ള ബൈഡന്റെ യാത്ര അത് മനസ്സിൽ കണ്ടു തന്നെയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close