KERALANEWSUncategorized
Trending

വോട്ട് ചെയ്താലും പെടും ചെയ്തില്ലെങ്കിലും പെടും! സര്‍ക്കാരിനെതിരായ അവിശ്വാസം പാരയാവുന്നത് ജോസ് കെ.മാണിക്ക്

പ്രസാദ് നാരായണന്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ നീക്കം യഥാര്‍ത്ഥത്തില്‍ പരീക്ഷണമാകുന്നത് കേരളകോണ്‍ഗ്രസ്സ് (എം) വിമതപക്ഷത്തു നില്‍ക്കുന്ന ജോസ് കെ.മാണിക്ക്. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം വിട്ടുകൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുഡിഎഫ് മുന്നണിയില്‍ നിന്നു ജോസ് വിഭാഗത്തെ പുറത്താക്കിയിരുന്നു. മുന്നണിയില്‍ നിന്ന് പ്രത്യക്ഷത്തില്‍ തന്നെ അകന്നു നില്‍ക്കുകയാണ് ജോസ് കെ.മാണി. നിയമസഭയില്‍ അവിശ്വാസ പ്രമേയം വോട്ടിനിടുമ്പോള്‍ ഒപ്പം നില്ക്കുന്ന എംഎല്‍എമാര്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്നത് നിര്‍ണായകമാണ്. പ്രമേയത്തെ എതിര്‍ത്തും അനുകൂലിച്ചും വോട്ടുചെയ്യാനാവാത്ത ത്രിശങ്കുവില്‍ നില്‌ക്കേണ്ടി വരുന്ന ദുര്യോഗത്തില്‍ ജോസ് കെ.മാണി പക്ഷത്തിനു മേല്‍ യുഡിഎഫ് വിപ്, ഡെമോക്ളസിന്റെ വാള്‍ തന്നെയായിത്തീരുകയാണ്.
ഇടതുപക്ഷസര്‍ക്കാരിനെതിരായ അവസാനത്തെ വജ്രായുധമെന്ന നിലയ്ക്ക് പ്രമേയത്തെ അനുകൂലിച്ച് എല്ലാ നിയമസഭാസാമാജികരും വോട്ടു ചെയ്യുമെന്നുറപ്പാക്കാന്‍ യുഡിഎഫ് മുന്‍കരുതലെടുക്കുമെന്നതില്‍ തര്‍ക്കമില്ല. സ്വാഭാവികമായി അവരുടെ എല്ലാ സഖ്യകക്ഷികള്‍ക്കും ഇതുസംബന്ധിച്ച വിപ്പ് പുറപ്പെടുവിക്കുകയും ചെയ്യും. മുന്നണിയില്‍ നിന്ന് പുറത്തായെങ്കിലും രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ജോസ് കെ.മാണി പക്ഷക്കാരായ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നി എംഎല്‍എമാര്‍ സാങ്കേതികമായി ഇന്നും യുഡിഎഫിന്റെ ഭാഗമാണ്. സ്വാഭാവികമായി അവര്‍ക്ക് മുന്നണിയുടെ തീരുമാനത്തിനെതിരായി വോട്ടു ചെയ്യാന്‍ സാധിക്കില്ല. അഥവാ വിപ്പ് ലംഘിച്ച് അങ്ങനെ പ്രമേയത്തെ എതിര്‍ത്ത് അവര്‍ വോട്ടു ചെയ്താല്‍, കൂറുമാറ്റ നിരോധനനിയമപ്രകാരം അവരുടെ സഭാംഗത്വം തന്നെ അസാധുവാകും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, ഐക്യമുന്നണിയെ സഭയില്‍ പരസ്യമായി അനുകൂലിക്കുന്ന നിലപാട് ജോസ് കെ.മാണി പക്ഷത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചപ്പോള്‍ പോലും ജോസ് കെ.മാണി എല്‍ഡി എഫിനെ ന്യായീകരിക്കാത്തപ്പോഴും യുഡിഎഫിനെ പിന്തുണയ്ക്കാത്ത സമീപനമാണ് കൈക്കൊണ്ടത്. എന്നാല്‍, പ്രമേയം വോട്ടിനിടുമ്പോള്‍ പാര്‍ട്ടി പുറത്തിറക്കുന്ന വിപ്പനുസരിച്ച് എല്‍ഡിഎഫിനെതിരായി ജോസ് കെ മാണി പക്ഷത്തിലുള്ള എം.എല്‍.മാര്‍ വോട്ടു ചെയ്താല്‍, ഇപ്പോള്‍ ത്രിശങ്കുവില്‍ നില്ക്കുന്ന കേരളകോണ്‍ഗ്രസിലെ ജോസ് കെ.മാണിവിഭാഗത്തിന്റെ രാഷ്ട്രീയ ഭാവി കൂടുതല്‍ അനിശ്ചിത്വത്തിലാവും. അതോടെ എല്‍ ഡി എഫിലേക്കുള്ള പ്രവേശനം എന്ന സാധ്യത തന്നെ എന്നെന്നേക്കുമായി അടയും. ഫലത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം വാസ്തവത്തില്‍ യുഡിഎഫിന്റെ ഭാഗമായി മാത്രം നിയമപരമായി നിലനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിനാണ് വെല്ലുവിളിയായിരിക്കുന്നത്.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, യുഡിഎഫിന്റെ അവിശ്വാസ പ്രമേയം യാതൊരുതരത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നതല്ല. കാരണം പ്രമേയത്തെ അതിജീവിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം നിലിവില്‍ മുന്നണിക്ക് സഭയിലുണ്ട്. എന്നാല്‍, ജോസ് കെ.മാണിയുടെ രാഷ്ട്രീയ ഭാവിക്കാണ് ഈ വെല്ലുവിളിയാവുക. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനു വേണ്ടി പി.ജെ.ജോസഫും മാണിയുടെ മകന്‍ ജോസ് കെ മാണിയും തമ്മില്‍ നടന്ന അധികാരവടംവലിക്കൊടുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം ജോസഫിന്റെ നേതൃത്വത്തില്‍ തന്നെ അടിയുറച്ച് നില്ക്കുകയായിരുന്നു. അതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അംഗീകൃത ചിഹ്നമായ രണ്ടില ജോസഫ് നിഷേധിച്ചപ്പോള്‍ ജോസ്.കെ.മാണിപക്ഷക്കാരനായ ജോസ് ടോം പുലിക്കുന്നേലിന് സ്വതന്ത്രസ്ഥാനാര്‍ത്ഥി യായി മത്സരിക്കേണ്ടി വന്നത്. അപ്പോഴും, രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിച്ചു ജയിച്ച റോഷി അഗസ്റ്റിനും ജയരാജും നിലവിലെ തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഔദ്യോഗികമായി യുഡിഎഫിന്റെ ഭാഗം തന്നെയായിട്ടാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഈ അവസ്ഥയ്ക്ക് നിലവില്‍ മാറ്റമൊന്നും വന്നിട്ടില്ല താനും.
രണ്ടില യുഡിഎഫ് സഖ്യകക്ഷിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പു ചിഹ്നമായിരിക്കുകയും എം.എല്‍.എ.മാര്‍ തത്വത്തില്‍ യുഡിഎഫിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്യാനുള്ള ഔദ്യോഗിക വിപ്പ് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാവുന്നത്. ഇവരിലാരെങ്കിലും സ്വന്തം നിലയ്ക്ക് സ്വന്തം രാഷ്ട്രീയ ഭാവി നോക്കി പ്രമേയത്തെ അനുകൂലിച്ച് വോട്ടിട്ടാല്‍ അവര്‍ സ്വന്തം നേതാവ് ജോസ് കെ.മാണിയുടെ കണ്ണിലെ കരടായിത്തീരും. അതല്ല എതിര്‍ത്താണ് വോട്ട് ചെയ്യുന്നതെങ്കില്‍ അതിലും വലിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കുകയും ചെയ്യും. അപ്രതീക്ഷിതമായി ഉടലെടുത്ത രാഷ്ട്രീയ സാഹചര്യത്തെത്തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയം അങ്ങനെ ജോസ് കെ.മാണി പക്ഷത്തെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്നമായിത്തീര്‍ന്നിരിക്കുകയാണ്.

Tags
Show More

Related Articles

Back to top button
Close