WORLD

വ്യക്തമായ തെളിവില്ല, ട്രംപിന്റെ രണ്ട് ഹര്‍ജികളും കോടതി തള്ളി, വിജയസാധ്യത ഉറപ്പിച്ച് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അഞ്ച് സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ ഇപ്പോഴും തുടരുന്നത്. എന്നാല്‍ നെവാഡയില്‍ വിജയിച്ചാല്‍ ബൈഡന് മാന്ത്രിക സംഖ്യയായ 270-ല്‍ എത്താം എന്നതിനാല്‍ ലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍ നെവാഡയിലാണ്. വോട്ടെണ്ണല്‍ കൂടുതല്‍ പുരോഗമിക്കും തോറും ബൈഡന് അനുകൂലമായി കണക്കുകള്‍ മാറുകയാണ്. പരാജയസാധ്യത സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ കൃതിമം നടന്നെന്ന ആരോപണം ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്.കണക്കില്‍പ്പെടാത്ത 53 ബാലറ്റ് പെട്ടികളിലെ ബോട്ടുകള്‍ നിയമവിരുദ്ധമായി എണ്ണിയെന്ന് ആരോപിച്ചാണ് ജോര്‍ജിയയിലെ സൂപ്പിരിയര്‍ കോടതിയില്‍ ട്രംപ് ക്യാംപ് കേസിന് പോയത്. എന്നാല്‍ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഹര്‍ജികളും കോടതികള്‍ തള്ളി.നിലവില്‍ ബൈഡന് 254 -ഉം ട്രംപിന് 214 -ഉം ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് പറയുന്നു. വിജയിക്കാന്‍ ബൈഡന് ആറും ട്രംപിന് 56ഉം വോട്ടുകളുടെ കുറവുണ്ട്.

അരിസോണ, പെന്‍സില്‍വാനിയ,നെവാഡ,ജോര്‍ജിയ, നോര്‍ത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഫ്‌ലോറിഡയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 51.2 ശതമാനം വോട്ടുകള്‍ നേടി ട്രംപ് വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ബൈഡന് 47.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ മറ്റു അഞ്ച് സംസ്ഥാനങ്ങളിലും ഫലം എങ്ങോട്ടും മാറി മറിയാം എന്ന അവസ്ഥയിലാണ്. ആദ്യ ദിവസം കനത്ത ലീഡ് നേടിയ ട്രംപ് പിന്നോക്കം പോകുന്നതാണ് മറ്റു സംസ്ഥാനങ്ങളിലെ കാഴ്ച.റിപ്പബ്‌ളിക് പാര്‍ട്ടി അനുഭാവികള്‍ നേരിട്ട് ബൂത്തിലെത്തി വോട്ടുകള്‍ ചെയ്തപ്പോള്‍ ഡെമോക്രാറ്റ് അനുഭാവികള്‍ തപാല്‍ വോട്ടുകളാണ് കൂടുതലായി ചെയ്തത് എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്ന സവിശേഷത. ബൂത്തിലെ വോട്ടുകളെണ്ണി തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ചിത്രം മാറി മറിയാന്‍ കാരണവും ഇതാണ്.ആദ്യദിനം മുന്നില്‍ നിന്ന പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും വോട്ടെണ്ണല്‍ പുരോഗമിക്കും ട്രംപിന്റെ ഭൂരിപക്ഷം ഇടിയുകയാണ്. ഇന്നലെ 6.75 ലക്ഷം വോട്ടിന് മുന്നില്‍ നിന്ന പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ ലീഡ് നിലവില്‍ 23000 മാത്രമായി കുത്തനെ ഇടിഞ്ഞു. ഇനിയും ഏഴ് ലക്ഷത്തോളം വോട്ടുകള്‍ പെന്‍സില്‍വാനിയയില്‍ എണ്ണാന്‍ ബാക്കിയാണ്. 99 ശതമാനം വോട്ടെണ്ണിയ ജോര്‍ജിയയില്‍ ട്രംപ് രണ്ടായിരം വോട്ടുകള്‍ക്ക് മാത്രമാണ് ലീഡ് ചെയ്യുന്നത്.ജോര്‍ജിയ, നെവാഡ സംസ്ഥാനങ്ങളില്‍ ഇന്നലെ തന്നെ ഫലം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്. തപാല്‍ വോട്ടുകള്‍ പിന്നെയും വരുന്നുണ്ടെന്നും ഇന്ന് തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കും എന്ന് അവിടുത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മുന്നില്‍ നില്‍ക്കുന്ന അരിസോണയ്‌ക്കൊപ്പം ജോര്‍ജിയയോ നെവാഡയോ ജയിച്ചാല്‍ ബൈഡന് വിജയം ഉറപ്പിക്കും.11 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അവിടെ ആദ്യം മുതല്‍ ബൈഡനാണ് ലീഡ് ചെയ്തത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ബൈഡന്റെ ലീഡ് കുത്തനെ കുറയുകയും ഒരു ഘട്ടത്തില്‍ 7000 വരെ താഴുകയും ചെയ്‌തെങ്കിലും ഇവിടെ ബൈഡന്‍ ജയിക്കും എന്നാണ് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയോട് ചായ്വ് കാണിക്കുന്ന ഫോക്‌സ് ന്യൂസും ബൈഡന്‍ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.13-ാം തീയതി വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും പല സംസ്ഥാനങ്ങളിലേക്കും ഇപ്പോഴും ബാലറ്റുകള്‍ എത്തി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ നവംബര്‍ 13 വരെ വോട്ടെണ്ണല്‍ തുടരാനാണ് സാധ്യത. എന്നാല്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ അതിനോടകം നേടുന്നയാള്‍ പക്ഷേ വിജയിയാകും.അതേസമയം പരാജയം മുന്‍കൂട്ടി കണ്ടതോടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്താനുള്ള ശ്രമത്തിലാണ് ട്രംപ് ക്യാംപ്. എന്നാല്‍ വോട്ടെടുപ്പിനെ ചോദ്യം ചെയ്ത് ജോര്‍ജിയയിലും മിഷിഗണിലും ട്രംപ് ക്യാംപ് നല്‍കിയ ഹര്‍ജികള്‍ അവിടുത്തെ കോടതികള്‍ തള്ളിയത് അവര്‍ക്ക് തിരിച്ചടിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close