വ്യവസ്ഥകള്‍ ലംഘിച്ച് പിരിച്ചുവിടല്‍: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നിയമനം വിവാദത്തില്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: അവതാരങ്ങളും പാര്ട്ടിനിയമനങ്ങളും വിവാദമാകുന്നതിനിടെ ഇടതുപക്ഷക്കരാര് ജീവനക്കാരെ പിരിച്ചു വിട്ട് പകരം ഇഷ്ടക്കാരെ പിന്‍വാതിലിലൂടെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ശ്രമം വിവാദമാകുന്നു. വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന മതിയായ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള എഡിറ്റോറിയല്‍ വകുപ്പിലുള്ള പാര്‍ട്ടി അനുഭാവികള്‍ കൂടിയായ ചിലരെ മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടുകൊണ്ടാണ് തങ്ങള്‍ക്കിഷ്ടമുള്ളവരെ തിരുകിക്കയറ്റാനുള്ള നീക്കം. മുന്‍ജീവനക്കാരുടെ കരാര്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവുണ്ടായതുപോലും കാറ്റില്പ്പറത്തിക്കൊണ്ടുളള നിയമവിരുദ്ധ നീക്കം മൂലം പുനര്‍നിയമനവും പുതിയ നിയമനവും ഒരുപോലെ നിശ്ചലമായ അവസ്ഥയിലാണ്.
2020 ജനുവരി 17ന് വൈകിട്ട് അഞ്ചുമണിക്ക് കാലാവധി കഴിഞ്ഞ ജീവനക്കാരെ തലേന്നു വിളിച്ച് ഇനിമുതല്‍ വരേണ്ടതില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ ഏകപക്ഷീയമായി അറിയിക്കുകയായിരുന്നത്രേ. ഇവരുടെ കരാര്‍ പുതുക്കാനാവശ്യപ്പെട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ അപേക്ഷ സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജിന് സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് എടുപിടിയെന്നുള്ള ഈ നീക്കം. ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി കൂടി പ്രസ്തുത ജീവനക്കാരുടെ കഴിഞ്ഞ 10 വര്ഷത്തിലേറെയായ സേവനം വിലയിരുത്തി അവരുടെ തുടര്‍സേവനം ഇന്‍സ്റ്റിറ്റ്യൂട്ടിന് അത്യന്താപേക്ഷിതമാണെന്നു രേഖപ്പെടുത്തിക്കൊണ്ടാണ് 2019 ഡിസംബറില്‍ തന്നെ കരാര്‍ പുതുക്കാനാവശ്യപ്പെട്ട് സര്ക്കാരിനെഴുതിയത്. എന്നാല്‍ നിര്‍വാഹകസമിതിയുടെ തീരുമാനത്തെ മറികടന്ന്, ഇവരെ പിരിച്ചുവിട്ടാല്‍ ആ സ്ഥാനത്ത് പുതുതായി രണ്ടു പാര്‍ട്ടി അനുഭാവികളെ നിയമിക്കാം എന്നു മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടായിരുന്നു കരാര്‍ പുതുക്കാനുള്ള ഫയല്‍ വൈകിപ്പിച്ചതത്രേ.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിലിവിലെ അധികാരസ്ഥാനികള്ക്ക് താല്പര്യമില്ലാത്തവരെന്ന നിലയ്ക്ക് പാര്‍ട്ടി അനുഭാവികളെയാണ് പിരിച്ചുവിട്ടതെന്ന വിവരം ബോധപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നു എന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ ആരോപിക്കുന്നു. അവരില്‍ ചിലര്‍ മന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും കണ്ടു സത്യം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 25ന് നിലവിലുള്ളവരുടെ കരാര്‍ പുതുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നു ജോലിക്കു ഹാജരായവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഓഫീസ് ഓര്‍ഡര്‍ നല്കാത്തതുകൊണ്ട് മാര്‍ച്ച് നാലോടെ അവരെ ജോലിയില്‍ നിന്നു വിലക്കുകയായിരുന്നെന്നാണ് ആരോപണം.
ഏകപക്ഷീയമായി ഇവരോട് ജോലിയില്‍ നിന്നു മാറിനില്ക്കാന് ആവശ്യപ്പെട്ട അന്നു തന്നെ, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് ഒഴിവുകളുണ്ട് എന്നു കാണിച്ച് അഡ്മനിസ്ട്രേറ്റീവ് ഓഫീസറുടെ കയ്യൊപ്പില്ലാത്ത ഒരു അറിയിപ്പും വിജ്ഞാപനം എന്ന പേരില്‍ പത്രക്കുറിപ്പായി പുറത്തിറക്കിയിരുന്നു. ഇതിനു ശേഷമാണ് നിലവിലുള്ളവരുടെ കരാര്‍ പുതുക്കിയത് എന്നതില്‍ അസ്വാഭാവികത ആരോപിച്ച് പ്രതിപക്ഷ നേതാവ് കൂടി രംഗത്തെത്തിയതോടെ സംഭവം കൈവിട്ടുപോവുകയായിരുന്നു.
കോവിഡ് കാലത്ത് കരാറുകാരെപ്പോലും പിരിച്ചുവിടരുത് എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കെ, പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവോ അറിയിപ്പോ നാളിതുവരെ ലഭിക്കാതെ, കരാര്‍ നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സാധുവായിരിക്കെ തന്നെ ജീവനക്കാരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തുകയാണെന്നും ഇരകളായവര്‍ ആരോപിക്കുന്നു. വരുമാനത്തിനു മറ്റുമാര്ഗങ്ങളൊന്നുമില്ലാത്ത ആള് പോലും ഈ അനധികൃത പിരിച്ചുവിടലിന്റെ ഇരയായി കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ കഴിയുകയാണ്. സാംസ്കാരിക വകുപ്പു മന്ത്രിയും പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷനേതാവും വരെ തെറ്റിദ്ധരിക്കപ്പെട്ട ഈ കരാര്‍ നിയമനപ്രതിസന്ധിയില് യഥാര്‍ത്ഥത്തില്‍ ഇരകളായത് വേണ്ടത്ര അക്കാദമിക യോഗ്യതയും വേണ്ടതിലേറെ പ്രവൃത്തിപരിചയവും ഉള്ളവരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
[dflip id=”6301″][/dflip]