KERALANEWSTrending

വ്യാജസർട്ടിഫിക്കറ്റ് വച്ച് 7 വർഷത്തോളം സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത ഡോക്ടർക്ക് സസ്പെൻഷൻ; പിടികൂടിയത് കുഞ്ഞിനെ നഷ്ടപെട്ട അച്ഛൻ വിവരാവകാശ നിയമം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ

കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 7 വർഷത്തോളം വ്യാജസർട്ടിഫിക്കറ്റ് വച്ച് ജോലി ചെയ്തിരുന്ന ഡോക്ടർ സസ്‌പെൻഷനിൽ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ചേർത്തല വാരനാട് സ്വദേശി ടി.എസ്.സീമയുടെ സർട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെ കുഞ്ഞിനെ നഷ്ടപെട്ട അച്ഛൻ നടത്തിയ കണ്ടെത്തലാണ് ഇപ്പോൾ കള്ളി വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്.

പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനിൽ ടി.സാബു ആണ് ഡോക്ടർക്ക് മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തി പരാതി നൽകിയത്. സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബർ 11നു ശ്രീദേവി പ്രസവിച്ച ഉടൻ കുഞ്ഞു മരിച്ചു. സംസ്കരിച്ച മൃതദേഹം പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. ഡോക്ടർക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു.

ഇതിനെ തുടർന്നാണ്, ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നൽകിയത്. 2008ൽ ദ്വിവത്സര ഡിജിഒ കോഴ്സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമാണ് ലഭിച്ച മറുപടി. തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവർക്കു പരാതി നൽകി. ആരോഗ്യ വകുപ്പു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചതോടെയാണു സസ്പെൻഷൻ.

ഡോ.ടി.എസ്.സീമ 2011 മുതൽ സർക്കാർ സർവീസിലുണ്ട്. ചേർത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്നു ചേർത്തല താലൂക്ക് ആശുപത്രിയിലും ഇവർ ജോലി ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close