
മീഡിയ മംഗളം മൂവീ ഡസ്ക്
ലോകശ്രദ്ധ നേടിയ മൂന്നിലേറെ സിനിമകളുടെ സംവിധായികയായിട്ടും മലയാളി അറിയാത്ത ഒരു മലയാളി സംവിധായികയെ കേരളം തിരിച്ചറിയുകയാണ് ശകുന്തളാദേവി എന്ന ഹിന്ദി ചിത്രത്തിലൂടെ. ആമസണ്‍ പ്രൈമില്‍ ഇന്നലെ ലോക എക്സ്ക്ളൂസീവായി റിലീസായ, ഹ്യൂമന്‍ കംപ്യൂട്ടര്‍ ശകുന്തളാദേവിയുടെ ജീവചരിത്രസിനിമയുടെ രചയിതാവ് എന്ന നിലയ്ക്കാണ് മലയാളികള്‍ ഈ ചലച്ചിത്രകാരിയെ അടുത്തറിഞ്ഞുതുടങ്ങുന്നത്. വിദ്യാബാലന് നായികയായ ശകുന്തളാ ദേവി രചിച്ചു സംവിധാനം ചെയ്തത് ഡല്‍ഹി മലയാളിയായ അനു(അനുപമ)മേനോന് ആണ്.
സൂഫിയും സുജാതയുമിലെ നായിക അദിതി റാവു ഹൈദരിയും അലി സഫറും നായികാനായകന്മാരായ ഹിന്ദി സിനിമ ലണ്ടന്‍ പാരീസ് ന്യൂയോര്‍ക്ക് (2012), അനുരാഗ് കശ്യപിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി കൊച്ച്ലീന് നായികയായി നസിറുദ്ദീന്‍ ഷാ. രജത് കപൂര്‍, സുഹാസിനി എന്നിവരഭിനയിച്ച് ഹിന്ദി/ഇംഗ്ളീഷ് സിനിമ വെയിറ്റിങ്(2016) എന്നിവയുടെ സംവിധായികയാണ് അനു മേനോന്. പത്തു സംവിധായകര്‍ സഹകരിച്ച എക്സ്-പാസ്റ്റ് ഈസ് പ്രസെന്റ് (2015) ചലച്ചിത്ര സമാഹാരത്തിലെ ഓയ്സ്റ്റേഴ്സ് എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകയും അനുവാണ്.

ഡല്‍ഹി മലയാളിയാണ് അനു. പിലാനി ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം പരസ്യചിത്രനിര്മ്മാണത്തിലൂടെയാണ് ചലച്ചിത്രവിനോദവ്യവസാരംഗത്തേക്കു കടന്നുവരുന്നത്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ഒരു ചലച്ചിത്രശില്പശാലയില് പങ്കെടുത്തതു ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് വിഖ്യാതമായ ലണ്ടണ്‍ ഫിലിം സ്കൂളില്‍ സിനിമപഠിക്കാന് ചേര്‍ന്നു. ലണ്ടന്‍ പാരീസ് ന്യൂയോര്‍ക്ക് എന്ന പ്രണയകഥയിലൂടെയാണ് തുടക്കമെങ്കിലും വെയ്റ്റിങിലൂടെ വേറിട്ട പാതയില്‍ കഴിവുതെളിയിച്ചു. കൊച്ചിയിലെ ഒരാശുപത്രിയില്‍ വച്ചു കാണുന്ന മൂന്നു വ്യത്യസ്ത സ്വാഭാവക്കാരുടെ കഥയായിരുന്നു വെയ്റ്റിങ്. വാഷിങ്ടണ്‍ ഡിസി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച കഥയ്ക്കുള്ള ബഹുമതി നേടിയ ചിത്രമാണ് വെയ്റ്റിങ്.ആമസണ്‍ പ്രൈമില്‍ തന്നെ സൂപ്പര്‍ ഹിറ്റായ ഫോര്‍ മോര് ഷോട്ട്സ് എന്ന വെബ് പരമ്പരയും അനുവിന്റെ സംവിധായക പ്രതിഭ വിളിച്ചോതുന്നതാണ്.

അച്ഛന് ബാലകൃഷ്ണന്.
പെണ്‍കുട്ടികള്‍ക്ക് സാഹിത്യവും ആണ്‍കുട്ടികള്‍ക്ക് കണക്കുമാണ് ഇഷ്ടം എന്ന് ഒമ്പതുവയസുകാരി മകള്‍ റെയയുടെ സ്വകാര്യ സംഭാഷണമധ്യേയുള്ള ഒരു നിരീക്ഷണത്തില്‍ നിന്നാണ് ഗണിതശാസ്ത്രപ്രതിഭാസമായിരുന്ന ശകുന്തളാദേവിയിലേക്ക് തന്റെ ശ്രദ്ധ നീളുന്നതെന്നും തുടര്‍ന്നു നടത്തിയ അന്വേഷങ്ങളാണ് ശകുന്തളാദേവി എന്ന സിനിമയിലെത്തിയതെന്നും പറയുന്നു അനു. സഹരചയിതാവു വഴിയാണ് ലണ്ടനിലുള്ള അനുപമ ബാനര്‍ജിയുമായി ബന്ധപ്പെടുന്നത്. അവരിലൂടെയാണ് ചിത്രം സാക്ഷാത്കരിക്കപ്പെട്ടതെന്നും അനു അനുസ്മരിക്കുന്നു.