
മീഡിയ മംഗളം മൂവീ ഡസ്ക്
ആമസണ്‍ പ്രൈമിലൂടെ ഇന്നലെ ആഗോള
റിലീസ് നടത്തിയ ഹ്യൂമന്‍ കംപ്യൂട്ടര്‍ ശകുന്തളദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയ
അതേപേരിലുള്ള ഹിന്ദി സിനിമയ്ക്ക് നല്ല പ്രതികരണം. രാജീവ് മസന്ത് അടക്കമുള്ള
ചലച്ചിത്ര നിരൂപകര്‍ ചിത്രത്തിന് ത്രീസ്റ്റാര്‍ റേറ്റിങ് ആണ് നല്‍കിയത്. ഗിന്നസ്
ലോക റെക്കോര്‍ഡിനുടമയായ ഗണിതശാസ്ത്ര പ്രതിഭയും ജ്യോതിഷിയും എഴുത്തുകാരിയുമായ
ശകുന്തളാദേവിയുടെ സ്ത്രീ എന്ന നിലയ്ക്കും അമ്മ എന്ന നിലയ്ക്കുമുള്ള ജീവിതത്തെയാണ്
ചിത്രം കേന്ദ്രീകരിക്കുന്നത്. തീര്‍ത്തും സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള
ചലച്ചിത്രമായാണ് മലയാളികൂടിയായ അനു മേനോന്റെ ഈ സിനിമയെ നിരൂപകലോകം
വിലയിരുത്തിയിട്ടുള്ളത്.
സില്‍ക്ക് സ്മിതയുടെ ജീവിചരിത്രസിനിമ എന്ന നിലയ്ക്കു
ശ്രദ്ധിക്കപ്പെട്ട ഡേര്‍ട്ടി പിക്ചറില്‍ നായികയായ വിദ്യാബാലന് വീണ്ടുമൊരു
യഥാര്‍ത്ഥ കഥാപാത്രത്തെ ആവിഷ്കരിക്കുന്ന സിനിമയാണിത്. ശകുന്തളാദേവിയുടെ ടീനേജ്
മുതല്‍ മധ്യവയസു പിന്നിട്ട കാലം വരെ വിശ്വസനീയതയോടെ തന്നെ അവതരിപ്പിച്ചു
ഫലിപ്പിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ഇതിനുവേണ്ടി ശരീരഭാരം കുറയ്ക്കുന്നതിലടക്കം
ശാരീരികമായും ഏറെ അധ്വാനിച്ചിട്ടുണ്ടവര്.
അച്ഛനെതിരേ ഒരക്ഷരം മിണ്ടാത്ത അമ്മയെ
കണ്ടുവളര്‍ന്ന് അവരോടെ ജീവിതാന്ത്യം വരെ വെറുപ്പുവച്ചുപുലര്ത്തിയ ശകുന്തള, സ്വന്തം
മകളെ തന്നേക്കാളേറെ സ്നേഹിച്ചിട്ടും തന്നെ മനസിലാക്കാനാവാതെ പോയ മകള്‍ അനുപമയുടെ
(സാന്യ മല്‍ഹോത്ര) അമ്മയായ ശകുന്തള, അമ്മയെ ഒട്ടും മനസിലാക്കാതെ സ്വയം അമ്മയയായ
ശേഷം അവസാനമെങ്കിലും ആ മനസ് തിരിച്ചറിയുന്ന അനുപമയുടെ അമ്മ ശകുന്തള എന്നിങ്ങനെ
ശകുന്തളാദേവിയും മകള്‍ അനുപമയും തമ്മിലുള്ള ആഴമുള്ളതും അതേസമയം അസാധാരണവുമായ
ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ബ്രീത്ത് വെബ് പരമ്പരകളിലൂടെ ശ്രദ്ധേയനായ
അമിത് സാധും ജിഷു സെന്‍ഗുപ്തയുമാണ് പുരുഷതാരങ്ങള്‍.
ആദ്യാവസാനം വിദ്യാബാലന്
നിറഞ്ഞാടുന്ന സിനിമ-അങ്ങനെയാണ് ശകുന്തളാദേവി വിശേഷിപ്പിക്കപ്പെടുന്നത്.സില്‍ക്ക്
സ്മിതയോളം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നേരിട്ടറിവുന്ന വ്യക്തിത്വമാവാത്തതുകൊണ്ടും
ജീവിതത്തിന്റെ നല്ലൊരു പങ്കും ഗണിതശാസ്ത്ര പ്രകടനങ്ങളുമായി ഇന്ത്യക്കു
പുറത്തായിരുന്നതുകൊണ്ടും ശകുന്തളാദേവിയുടെ ശരീരഭാഷാ സവിശേഷതകള്‍ വിദ്യ
ഉള്ക്കൊണ്ടതിനെപ്പറ്റിയൊന്നും വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. എങ്കിലും
ആദ്യാവസാനം നിറഞ്ഞുനില്ക്കുന്ന കഥാപാത്രത്തെ വിദ്യ ആവുംവിധം ഭംഗിയാക്കിയിട്ടുണ്ട്.
ബ്രട്ടനില്‍ ജീവിച്ചിരിക്കുന്ന അനുപമയുടെ കാഴ്ചപ്പാടിലുളള ശകുന്തളയാണ് ചിത്രത്തിലെ
നായിക. അനുപമയും ശകുന്തളയും തമ്മില്‍ സ്വത്തിന്റെ കാര്യത്തില്‍ ബ്രിട്ടനിലെ
കോടതിയില്‍ നടക്കുന്ന ഒരു കേസിന്റെ വിചാരണയിലാണ് ചിത്രം ആരംഭിക്കുന്നത്. ഈ
കേസിനെക്കുറിച്ചുള്ള ഓര്‍മ്മകളും മറ്റും തിരക്കഥാകൃത്തും സംവിധായികയുമായ
അനുമേനോനോട് സംസാരിക്കാന്‍ വളരെയേറെ മാനസികസംഘര്‍ഷം നേരിട്ടതായി അനുപമ ബാനര്‍ജി
പറഞ്ഞിട്ടുണ്ട്. സ്വന്തം അമ്മയെപ്പറ്റി ശകുന്തളാദേവിക്കുണ്ടായിരുന്ന
തെറ്റിദ്ധാരണയുടെ പതിന്മടങ്ങാണ് തനിക്കു സ്വന്തം അമ്മയോടുണ്ടായിരുന്നതെന്ന്
തിരിച്ചറിയുന്ന മകളിലൂടെ ശകുന്തളാദേവി എന്ന സ്ത്രീയുടെ, സ്വാതന്ത്ര്യം
കാംക്ഷിക്കുന്ന, സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കി സ്വന്തം കാലില്‍ സ്വന്തം
സ്വപ്നങ്ങള്‍ക്കൊത്തു ജീവിക്കാനാഗ്രഹിച്ച, അങ്ങനെ തന്നെ സ്വന്തം മകളെയും
ജീവിക്കാന്‍ പ്രേരിപ്പിച്ച ഒരമ്മയെയാണ് സിനിമ അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ
ശകുന്തളാദേവിയേയും അനുപമ ബാനര്‍ജിയേയും ചുറ്റിപ്പറ്റിയുള്ള മറ്റു
കഥാപാത്രങ്ങള്‍ക്കോ പുരുഷകഥാപാത്രങ്ങള്ക്കോ ഒട്ടും പ്രാധാന്യമില്ല ചിത്രത്തില്‍.
ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജനെപ്പറ്റിയുണ്ടായ ഹോളിവുഡ് ബയോ പിക്കുമായി
ഒരു താരതമ്യം അര്‍ഹിക്കാത്ത സിനിമയാണ് ശകുന്തളാദേവി. കാരണം, ശകുന്തളാദേവിയുടെ
ജീവിതനേട്ടങ്ങളും സംഭവങ്ങളും അവയുടെ ക്രമാനുസൃതം അവതരിപ്പിക്കുന്നില്ല സിനിമയില്‍.
മറിച്ച് അവരുടെ വൈകാരികജീവിതത്തെ ചില പ്രധാന സംഭവങ്ങളിലൂടെ നോണ്‍ ലീനിയറായി
വിന്യസിക്കുകയാണ് ചിത്രത്തില്‍, മകളുടെ ഓര്‍മ്മകളുടെ ശ്ളഥചിത്രങ്ങള്‍ എന്ന
നിലയ്ക്ക്. അതുകൊണ്ടു തന്നെ ഹോളിവുഡിലെ മ്യൂസിക്കല്‍ ജനുസിലാണ് സോണി പിക്ചേഴ്സിന്റെ
ഈ ചിത്രത്തിന്റെ ദൃശ്യസമീപനം. ഫീല്‍ഗുഡ് സിനിമകളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും
കണ്ടിരിക്കാവുന്ന സിനിമയെന്നാണ് ആദ്യദിവസം തന്നെ കണ്ട പ്രേക്ഷകരുടെ പൊതുവേയുള്ള
അഭിപ്രായം.