
1974യില്‍ ഹിതമാക്കര് ശശികുമാറിന്റെ പഞ്ചതന്ത്രം എന്ന ചലച്ചിത്രം ഓര്‍മ്മയില്‍ തെളിയുന്നു. രാജാവിന്റെ പ്രതിമ രാത്രി കാലങ്ങളിലിറങ്ങി നടന്ന് കൊലപാതകങ്ങള്‍ നടത്തുന്ന രംഗങ്ങള്‍ ഭീതിയോടെ നാട്ടിലെ സിനിമ കൊട്ടകയില്‍ ഇരുന്നു കണ്ടവര്‍ ഓര്‍ക്കുന്നുണ്ടാവും. ചലിയ്ക്കാത്ത പഞ്ചലോഹ നിര്‍മ്മിതമായ പ്രതിമ നടന്നു വന്ന് കൊട്ടാരത്തില്‍ കൊലപാതകങ്ങള്‍ നടത്തുന്ന ഹൊറര്‍ ചലച്ചിത്രം. അതന്വേഷിയ്ക്കാന്‍ പ്രേംനസീര്‍ CID രാജേന്ദ്രന്റെ വേഷത്തില്‍ കൊട്ടാരത്തിലെത്തുന്നു. അവസാനം ഡിഷ്യും ഡിഷ്യും എല്ലാം കഴിഞ്ഞ് വില്ലനെ ആള്‍മാറാട്ടം നടത്തിയ അറബി വേഷത്തില്‍ നായകന് പിടിയ്ക്കുന്നു. നായകന് വില്ലന്റെ താടിയും മുടിയും അറബിവേഷവും അഴിച്ചുമാറ്റുമ്പോള്‍ നിരന്നു ചുറ്റും നില്ക്കുന്ന എല്ലാവരും അദ്ഭുതസ്തബ്ധരായി കണ്ടു നില്ക്കുന്നു. കൊട്ടാരം കാര്യസ്ഥന് കുറുപ്പിന്റെ മുഖംമൂടിയഴിഞ്ഞു വീണു. ശങ്കരാടിയുടെ ആ കഥാപാത്രം അന്നത്തെ കാലത്തെ പല കുഞ്ഞു മനസ്സുകളെയും തെല്ലൊന്നുമായിരിക്കില്ല അദ്ഭുതപ്പെടുത്തിയത്. ശങ്കരാടിയെന്ന മഹാനടന് ചലച്ചിത്ര ഭാവനകളില്‍ പിന്നെ എത്ര എത്ര കഥാപാത്രങ്ങളായി പകര്‍ന്നാടി. ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസമാണ്. എഴുന്നൂറിലേറെ കഥാപാത്രങ്ങള്‍. ശങ്കരാടി അഭിനയിയ്ക്കാത്ത ഒരു മലയാള ചിത്രത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലുമാകാത്ത കാലം. ‘മറുനാട്ടില്‍ ഒരു മലയാളി’യിലെ ശേഷാദ്രി അയ്യരെന്ന പത്രോസിനെ ശങ്കരാടി എത്ര തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു. ശങ്കരാടിയുടെ ശരീര പ്രകൃതിയ്ക്കിണങ്ങിയ അച്ഛനായും അമ്മാവനായും, അമ്മായിഅച്ഛനായും മാനേജരായും കാര്യസ്ഥനായും സ്വഭാവികമായ അഭിനയത്തിലൂടെ മലയാളികള്‍ ചലച്ചിത്രങ്ങളിലൂടെ കണ്ടു. യാതൊരു നാടകീയതയുമില്ലാത്ത സംഭാഷണ ചാരുതയും നമ്മള് ശങ്കരാടിയിലൂടെ കേട്ടു. മലയാള ചലച്ചിത്ര രംഗത്ത് പകരം വയ്ക്കാനില്ലാത്ത പുരുഷ കേസരികളായ അഭിനേതാക്കളില്‍ ശങ്കരാടി മുന്‍ നിരയിലുണ്ട്.
അടൂര്‍ഭാസി, കെപി ഉമ്മര്‍, ബഹദൂര്‍, പറവൂര്‍ ഭരതന്, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, നെടുമുടി വേണു, കതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണിക്കഷ്ണന് എന്നിവരുമുണ്ടായിരുന്നു കൂട്ടിന്. ഇളം കാറ്റാകാന്‍ കൊടുങ്കാറ്റടങ്ങിയഭിനയിച്ച പ്രതിഭകള്‍. 1980കളില്‍ മലയാളത്തിലെ മധ്യവര്‍ത്തി സംവിധായകര്‍ ശങ്കരാടിയ്ക്ക് ചില കഥാപാത്രങ്ങള്‍ കരുതിവച്ചു. അവയൊക്കെ അദ്ദേഹം ക്ലാസ്സിക് ആകുകയും ചെയ്തു. ഐവി ശശി, ബാലചന്ദ്രമേനോന്, മോഹന്‍, പത്മരാജന്, ഭരതന്, സത്യന് അന്തിക്കാട്, സിബി മലയില്‍, ജോഷി, സിദ്ധിക് ലാല്‍, ഷാജി കൈലാസ് എന്നിവരുടെ എത്രയെത്ര കഥാപാത്രങ്ങള്‍ ശങ്കരാടി അനശ്വരമാക്കിയിരിയ്ക്കുന്നു. എണ്‍പതുകളുടെ തുടക്കത്തോടെ ശങ്കരാടി ചെയ്തത് അധികവും സരസമായതും നമ്മുടെ ചുറ്റുപാടും തന്നെയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു. സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന ശങ്കരാടി മലയാളി പ്രേക്ഷകരുടെ മനസില്‍ തന്റെ കഥാപാത്രങ്ങളെ ചിരഞ്ജീവികളാക്കി പ്രതിഷ്ഠിച്ചു. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ സ്വാഭാവികമായി അഭിനയിക്കുന്ന അപൂര്‍വം പേരേ അന്ന് ഉണ്ടായിരുന്നുള്ളൂവെന്നത് വസ്തുതയാണ്. ചെയ്യുന്ന വേഷങ്ങള്‍ എത്ര ചെറുതായാലും അത് വെറും വേഷങ്ങളല്ലെന്ന് കാണികളെ വിശ്വസിപ്പിയ്ക്കാന്‍ ശങ്കരാടിയ്ക്ക് കഴിയുമായിരുന്നു. മുണ്ടിന്റെ കോന്തല കക്ഷത്ത് തിരുകിക്കൊണ്ടുള്ള ആ നടത്തം, കൈയും കലാശവുമായുള്ള സംഭാഷണം, തീക്ഷ്ണമായ നോട്ടം, മുറുക്കി തുപ്പല്, കാലന് കുട നിവര്‍ത്തി ഒരു നടത്തം, സരസമായ സംഭാഷണശൈലി, അരയില്‍ ഒറ്റമുണ്ടും തോളത്ത് ഒരു കച്ചത്തോര്‍ത്തുമായ് ഇടക്ക് കുറിക്ക് കൊള്ളുന്ന വാക്കുകളുമായി നമ്മുടെ നാട്ടുവഴികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു കാരണവര്‍.
തീര്‍ച്ചയായും മലയാള സിനിമയുടെ സൗഭാഗ്യമായിരുന്നു ശങ്കരാടി. ആറാം തമ്പുരാനിലെ എഴുത്തച്ഛന്, ഇതാണാ രേഖ എന്ന് പറഞ്ഞ് കൈരേഖ കാട്ടുന്ന വിയറ്റ്നാം കോളനിയിലെ കിറുക്കന്, സന്ദേശത്തിലെ താത്വികാചാര്യന്‍, തലയണമന്ത്രത്തിലെ തങ്കപ്പന്, നാടോടിക്കാറ്റിലെ പണിയ്ക്കര്, അപ്പുണ്ണിയിലെ അധികാരി, ബന്ധനത്തിലെ അച്ചുമ്മാന് തുടങ്ങിയ എത്രയെത്ര കഥാപാത്രങ്ങള്‍. ശങ്കരാടിയ്ക്കു മാത്രം ജീവന് പകരാനാകുന്ന കഥാപാത്രങ്ങള്‍.’താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍”ടോ, പരിപ്പുവടയും ചായയും ബീഡിയുമാണ് ഞങ്ങടെ പാര്‍ട്ടിയുടെ പ്രധാന ഭക്ഷണമെന്ന് തനിക്കറിഞ്ഞുകൂടെ? എടുക്ക് എടുക്ക് എടുക്കാ, പോയി പരിപ്പുവടയുണ്ടാക്കി കൊണ്ടുവരികാ!’സന്ദേശത്തിലെ കുമാരന് പിള്ളയുടെ സംഭാഷണ ശകലങ്ങള്‍ നമ്മള് ശങ്കരാടിയിലൂടെ കേട്ടുകൊണ്ടേയിരിയ്ക്കുന്നു.
ശങ്കയില്ലാണ്ടാരഭിനയിയ്ക്കും?
ശങ്കരാടിയുണ്ടശങ്കമതുമതി!
വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന് പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924-ല്‍ ജന്മം. എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തന്റെ അഭിനയ ജീവിതത്തില്‍ എത്തുന്നതിന് മുന്‍പ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവര്‍ത്തനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെപിഎസി. നാടക സംഘത്തില്‍ എത്തുന്നത്. സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും നല്‍കിയിരുന്ന ഒരു കാലമായിരുന്നു അത്. 1960 ലെ ചില നാടക അഭിനയമാണ് ശങ്കരാടിയെ ചലച്ചിത്ര ജീവിതത്തിലേക്ക് കൊണ്ടു വന്നത്. നാടകജീവിതത്തില്‍ നിന്ന് ശങ്കരാടിയെ സിനിമയില്‍ എത്തിക്കാന്‍ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. കുഞ്ചാക്കോ സംവിധാനം ചെയ്ത കടലമ്മ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്.
ഇരുട്ടിന്റെ ആത്മാവിലെ അച്യുതന് നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു. ചന്ദ്രശേഖരമേനോന് എന്ന പേരില്‍ നിന്നും തറവാട്ടു പേരായ ‘ശങ്കരാടി’ എന്ന നാമത്തിലേയ്ക്ക് മാറപ്പെട്ടതും ഈ കാലത്താണ്. പിന്നെ അങ്ങോട്ട് 700ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ശങ്കരാടിയുടെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച്, കാര്യസ്ഥനായും, അമ്മാവനായും, അമ്മായിയഛനായും ഒക്കെ ആയിരുന്നു തുടക്കകാലത്തെ റോളുകള്‍. സത്യന് അന്തികാട് സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ശങ്കരാടി എന്ന നടന് . ”അതായത് വര്‍ഗാധിപത്യവും കൊളോനിയളിസ്റ്റ് ചിന്താ സരണികളും… റാഡിക്കല്‍ ആയിട്ടുള്ള മാറ്റം അല്ല… ഇപ്പൊ മനസ്സിലായോ..” എന്ന് തുടങ്ങുന്ന ‘സന്ദേശ’ത്തിലെ കുമാര പിള്ള സാറായി അഭിനയിച്ച ശങ്കരാടിയുടെ ഡയലോഗ് ഏറെ പ്രശസ്തമാണ്. സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന ശങ്കരാടി മലയാള പ്രേക്ഷകരുടെ മനസില്‍ തന്റെ കഥാപാത്രങ്ങളെ വളരെ രസകരമായി പ്രതിഷ്ഠിച്ചു. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു നടനെ കണ്ടു കിട്ടാന്‍ പ്രയാസമാണ് എന്ന് സത്യന് അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. തന്റെ മരണം വരെ അഭിനയം തുടര്‍ന്നു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നേടി. കൂടാതെ മികച്ച നായക നടനായ പ്രേംനസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 1 ന് മമ്മൂട്ടി അനൗണ്‍സ് ചെയ്ത ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കണ്ട പലരും ഞെട്ടി കാണും. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ശങ്കരാടി ചേട്ടന് ജീവിച്ചിരുന്നപ്പോള്‍ പോലും ഒരു സോളോ പോസ്റ്ററില്‍ മുഖം വന്നിട്ടില്ല.എന്നാല്‍ കാലത്തെ അതിജീവിച്ച ശങ്കരാടി ചേട്ടന്റെ വാക്കുകള്‍ ഇന്ന് സിനിമയാകുമ്പോള്‍ യാദൃശ്ചികമായി ശങ്കരാടി ചേട്ടന് ഒരിക്കല്‍ കൂടി നമുക്ക് മുന്നില്‍ എത്തുന്നു എന്ന ഓര്‍മ്മയാണ് താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നമുക്ക് സമ്മാനിക്കുന്നത്.
കേരളം രാഷ്ട്രീയത്തെ ഏറ്റവും മനോഹരമായി വിശകലനം ചെയ്ത സത്യന് അന്തിക്കാട് ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്ന സന്ദേശം എന്ന സിനിമ ഇറങ്ങിയിട്ട് ഇരുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആ സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭാഷണം ഇന്നൊരു സിനിമ ആകുമ്പോള്‍ നമുക്ക് ഏറെ പ്രതീക്ഷിക്കാം അല്ലെ. മലയാളത്തില്‍ സ്വഭാവനടന്‍ എന്ന് നൂറു ശതമാനവും വിശേഷിപക്കാന് കഴിയുന്ന ഒരേയൊരു നടന് ശങ്കരാടിയായിരുന്നു. ഏതു റോളിലഭിനയിച്ചാലും ജീവിതത്തില്‍ നമുക്കടുത്തറിയാവുന്ന ഒരാളെന്ന അനുഭവമുണര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു ഒരിക്കലും മടുപക്കാത്ത നടനാണെന്ന് തെന്ന്യന്ത്യയിലെ സൂപ്പര്‍ നടന് കമല്ഹാസന് അനുസ്മരിച്ചു. സ്ക്രീനില്‍ ഒരിക്കലും മടുപ്പിക്കാത്ത നടനായിരുന്നു അദ്ദേഹം ഭക്ഷണകാര്യത്തില്‍ തീര്‍ത്തും വൃത്തി പാലിച്ചിരുന്ന നടനായിരുന്നു അദ്ദേഹം. അഭിനയത്തിന്റ കാര്യത്തിലും അങ്ങനെതന്നെ. അമിതാഭിനയം ഒരിക്കലും ശങ്കരാടിയുടെ ന്യൂനതയായിരുന്നില്ല,കടവന്ത്ര ചെറുവരമ്പത്ത് കുട്ടിപാറു അമ്മയുടെയും നാരായണമേനോന്റെയും മകള്‍ ശാരദയാണ് ഭാര്യ. 1982 ല്‍ അമ്പത്തിരണ്ടാം വയസ്സില്‍ വിവാഹിതനായ ശങ്കരാടിക്ക് കുട്ടികളില്ല. അതിനു ശേഷം ചെറുപറമ്പത്തുള്ള ഭാര്യവീട്ടിലായിരുന്നു താമസം. 2001 ഒക്റ്റോബര്‍ 8 ന് തിങ്കളാഴ്ച രാത്രി എട്ടരയോടെ ചെറായിയിലെ ശങ്കരാടി തറവാട്ടിലായിരുന്നു അന്ത്യം. ചന്ദ്രശേഖരമേനോന് എന്ന ശങ്കരാടി മൂന്നു മാസത്തോളമായി ശ്വാസകോശാര്ബുദബാധിതനായി കിടപ്പിലായിരുന്നു. നടന്, രാഷ്ട്രീയപ്രവര്ത്തകന്, പത്രപ്രവര്ത്തകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മേമന ചന്ദ്രശേഖരമേനോന് എന്ന ശങ്കരാടി തറവാട്ടുപേരിലാണ് മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്. യവനികയ്ക്കപ്പുറത്തു നിന്ന് ‘കാലത്തിന്റെ കാര്യസ്ഥന്’ കോള്ഷീറ്റു ചോദിച്ചപ്പോള്‍ വേണ്ടെന്നു വയ്ക്കാന്‍ മലയാള സിനിമയിലെകാരണവര്ക്കായില്ല. എഴുപത്തിയേഴാം വയസില്‍ ജീവിതത്തിന്റെ വെള്ളിത്തിരയില്‍ അവസാനരംഗവും ആടിത്തീര്‍ത്ത് അര്‍ബുദ വേഷം അഴിച്ചുവച്ച് ശങ്കരാടി അരങ്ങൊഴിഞ്ഞു. ചരിത്രത്തില്‍ കുറെയേറെ ‘അമ്മാവന്മാ’രെയും’കാര്യസ്ഥന്മാ’രെയും ബാക്കിയാക്കി! സ്വാഭാവികാഭിനയത്തിന്റെ നന്മകള് ബാക്കിയാക്കി.