
കൊച്ചി: ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീക്കി. ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഭൂമി സര്‍ക്കാരിന്റേതാണെന്നും നഷ്ടപരിഹാരം നല്‍കില്ലെന്നും സര്‍ക്കാര്‍ വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ മുതലായ ചമയങ്ങള്‍ക്ക് നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെയ്ക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിലെ ഈ വ്യവസ്ഥ കോടതി റദ്ദാക്കി.ഭൂമിയുടെ ഉടമസ്ഥവകാശം തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസണ്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാതെ നേരിട്ട് കൈമാറണമെന്നായിരുന്നു കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആവശ്യം.
ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മോഡലില്‍ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമായി ശബരിമല വിമാനത്താവള പദ്ധതിയും ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.