
കോട്ടയം: ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താന്‍ അമേരിക്കന്‍ കമ്പനിയായ ലൂയി ബെര്‍ഗറിന് കരാര്‍ സര്‍ക്കാര്‍ നല്‍കിയിയിരുന്നു. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമാണുണ്ടായിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ട് നടത്തിയ അവ്യക്തവും അപൂര്‍ണ്ണവുമായ പഠന റിപ്പോര്‍ട്ടിന് ലൂയിബെര്‍ഗറിന് പ്രതിഫലമായി നല്‍കിയത് ഒരു കോടിയോളം രൂപയാണ്. ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതിയുടെ പ്രാഥമിക പഠനത്തിനായി 2017 അവസാനമാണ് ലൂയി ബെര്‍ഗര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാറൊപ്പിടുന്നത്. സാങ്കേതിക – സാമ്പത്തിക സാധ്യതാ പഠനം- പാരിസ്ഥിതിക ആഘാത പഠനം, വിവിധ മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുക്കല്‍ എന്നിവയ്ക്കെല്ലാമായി 4 കോടി 67 ലക്ഷത്തിനായിരുന്നു കരാര്‍.പക്ഷേ, ഈ വ്യവസ്ഥകളൊന്നും പാലിക്കാതെ 32 പേജ് റിപ്പോര്‍ട്ട് 2018 നവംബറില്‍ ലൂയി ബെര്‍ഗര്‍ സര്‍ക്കാരിന് നല്കി. ഒരു വര്‍ഷം ഈ റിപ്പോര്‍ട്ട് പുറംലോകം കണ്ടില്ല. ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ച ഉന്നത തലയോഗം തട്ടിക്കൂട്ട് റിപ്പോര്‍ട്ട് നല്കിയ ലൂയി ബെര്‍ഗറിന് തന്നെ വിശദമായ പഠനം നടത്താന്‍ അനുമതിയും നല്കി . വിശദ പഠനത്തിന് ഇതേ കമ്പനിക്ക് ഇനിയും കോടികള്‍ കൊടുക്കേണ്ടിവരുമെന്ന് സാരം.