KERALANEWS

ശബരിമല വിമാനത്താവളത്തിന്റെ നടത്തിപ്പില്‍ കെ.പി യോഹന്നാനും പങ്കാളിത്തം

കോട്ടയം :ശബരിമല വിമാനത്താവളത്തിന്റെ ചര്‍ച്ചകള്‍ വന്നത് മുതല്‍ ആരോപണ നിഴലിലായിരുന്നു പദ്ധതി. ഇതിനായി കെ.പി യോഹന്നാന്റെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റാണ് സര്‍ക്കാര്‍ വിമാനത്താവളത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ ശേഷം സര്‍ക്കാരിനു തന്നെ വിട്ടു നല്‍കി അതിലൂടെ ലാഭം നേടുകയാണ് യോഹന്നാന്‍ എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് 2,500 കോടിയിലേറെ നഷ്ടം വരുമെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു.
എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ മറ്റൊരു വിവാദത്തിലുംപെടുകയാണ്. എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ നടത്തിപ്പ് പങ്കാളിത്തത്തില്‍ ബിഷപ്പ് കെ.പി. യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയും ഉണ്ടാകും. സിഎജിക്ക് ഓഡിറ്റിങ്ങും അനുവദിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ (കിയാല്‍) മാതൃകയില്‍ കമ്പനി രൂപീകരിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന് 35 ശതമാനം ഓഹരി മാത്രമാണ് കിയാലില്‍ ഉള്ളത്. കിയാലിന്റെ കണക്കുകള്‍ സിഎജി പരിശോധിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം കിയാല്‍ അതിനെതിരെ കോടതിയില്‍ പോയി. കമ്പനീസ് ആക്ട് 2013 ലെ സെക്ഷന്‍ രണ്ട് (45) പ്രകാരം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലോ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കമ്പനി മാത്രമേ സിഎജിയുടെ പരിധിയില്‍ വരൂവെന്നും കിയാല്‍ അത്തരം കമ്പനിയല്ലെന്നുമായിരുന്നു വാദം. കിയാലിന്റെ വാദം ശരിവച്ച് കോടതി സിഎജി ഓഡിറ്റിങ്ങിന് അനുമതി നിഷേധിച്ചു.ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാരിലെ ചില ഉന്നതരും ഗോസ്പല്‍ ഫോര്‍ ഏഷ്യയും അവരുടെ ബിലീവേഴ്‌സ് ചര്‍ച്ചും മേധാവി കെ.പി. യോഹന്നാനും ചേര്‍ന്നെടുത്തതാണെന്നും വാദങ്ങളുണ്ട്.

Tags
Show More

Related Articles

Back to top button
Close