ശയ്യാവലംബിയില് നിന്ന് ഭരണകസേരയിലേക്ക്; ആശിഷിന് ഇത് സ്വപ്ന സാഫല്യം

തീവ്രമായി ആഗ്രഹിക്കുന്നതെന്തും ആര്‍ക്കും സ്വന്തമാകും എന്ന കഥ പറഞ്ഞത് സാന്റിയാഗോയിലൂടെ പൗലോ കൊയ്ലോയാണ്. അത് ജീവിതത്തിലും തെളിയിച്ചു കാണിച്ച നിരവധി ആളുകളുണ്ട്. ആ പേരുകളിലേക്ക് കൊല്ലം മുഖത്തല സ്വദേശിയായ ആലുംമൂട്ടില്‍ ആശിഷ് ഭവനിലെ ആശിഷ് ദാസിന്റെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 291-ാം റാങ്ക് കരസ്ഥമാക്കിയാണ് ആശിഷ് മാതൃകയാകുന്നത്. ആറുവര്‍ഷം നീണ്ട പരിശ്രമം പരിസമാപ്തമാകുമ്പോള് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഉന്നത വിജയത്തിളക്കവുമുണ്ട്. ആശിഷിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത് പത്തനാപുരം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസറായി ജോലി നോക്കുമ്പോഴാണ് ഈ വിജയത്തിളക്കമെന്നതാണ്. ഒരപകടത്തില്‍പെട്ട് തീര്‍ത്തും വയ്യാതിരിക്കുമ്പോഴായിരുന്നു ആശിഷ് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയെഴുതുന്നത്. രക്തംപൊടിഞ്ഞ് പരീക്ഷയെഴുതിയവന് വിജയത്തില്‍ കുറഞ്ഞൊന്നും സ്വപ്നമായിരുന്നില്ല. ആ പ്രതിബദ്ധതയില്‍ നിന്നു തന്നെയറിയാം. അഞ്ചാം ശ്രമത്തിലായിരുന്നു 291-ാം റാങ്കെന്ന നേട്ടം ആഷിഷിനെ തേടിയെത്തിയത്.
കുണ്ടറയില്‍ ചെറിയ കച്ചവടവുമായി ജീവിക്കുന്ന യേശുദാസിന്റെയും മുഖത്തലയിലൊരു സ്കൂളില്‍ ആയ ആയി ജോലിനോക്കുന്ന മറിയക്കുട്ടിയുടെയും ഏകമകന് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നപാത ഏറെ മുള്ളുനിറഞ്ഞതായിരുന്നു. കൊല്ലം സെന്റ്ജൂഡ് സ്കൂളിലായിരുന്നു ആശിഷിന്റെ സ്കൂള്‍ വിദ്യാഭ്യാസം. പ്ലസ്ടുവിന്ശേഷം ബെംഗളൂരില്‍ നിന്നും ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് കൊല്ലത്ത് ഹോട്ടല്‍ വെയിറ്ററായും കേറ്ററിംഗ് ജോലികള്‍ ചെയ്തും മൂന്നു വര്‍ഷം. അവിടെ നിന്നുമാണ് സുരക്ഷിതമായ ഒരു ജോലി എന്ന ലക്ഷ്യത്തോടെ ഫയര്‍ ഫോഴ്സിലെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2012ലായിരുന്നു അത്. അന്ന് മുതല്‍ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം ആശിഷിനുള്ളില് ചേക്കേറിയതാണ്. ജോലിക്കൊപ്പം തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനത്തിനായും ആശിഷ് പോയിരുന്നു.
സ്വപ്ന സാഫല്യത്തിന്റെ നിറവില്‍ നില്ക്കുമ്പോള് സ്വപ്നത്തിലേക്ക് എത്തിയ വഴികളെക്കുറിച്ച് ആശിഷ് മീഡിയാ മംഗളത്തോട് സംസാരിച്ചതിങ്ങനെ,
ഇത്തവണ ഈ സ്വപ്നത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
കഴിഞ്ഞ തവണ ഇന്റര്‍വ്യൂ വരെ എത്തിയിരുന്നു, ഇത്തവണ കൂടുതല്‍ മെച്ചപ്പെടുത്തിയിരുന്നു. കിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.
കുടുംബത്തിന്റെ പിന്തുണ ഈ വിജയത്തിനുള്ളില്‍ എത്രത്തോളമുണ്ടായിരുന്നു?
അഞ്ചാറു വര്‍ഷം നീണ്ട പരിശ്രമം ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും അവര്‍ മതിയാക്കെന്നോ, ഇനിയും ഇതിന് പോകേണ്ട എന്നോ പറഞ്ഞിട്ടില്ല. എല്ലാവിധ പിന്തുണയും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അച്ഛനും അമ്മയും ഭാര്യയും മകളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ സൂര്യ വിദേശത്ത് നേഴ്സാണ്. ആറുമാസം പ്രായമായ അമേയയാണ് മകള്‍.
സിവില്‍ സര്‍വ്വീസ് എന്ന മോഹം ചെറുപ്പകാലം മുതല്‍ ഉണ്ടായിരുന്നോ?
അഗ്നിശമന സേനയില്‍ ജോലിക്കുകയറിയത് 2012ലായിരുന്നു. പരിശീലനത്തിനിടയിലുള്ള പരീക്ഷയില്‍ ഒന്നാം റാങ്കും ലഭിച്ചു. ആ ആത്മ വിശ്വാസത്തിലാണ് സിവില്സര്വ്വീസിനു ശ്രമിക്കാം എന്ന് തോന്നിയത്. ജോലിയോടൊപ്പം പഠിച്ച് വിജയിക്കാം എന്ന വിശ്വാസവുമുണ്ടായിരുന്നു.
അപകടം പറ്റിയിരുന്ന സമയത്തു പോലും പരീക്ഷയില്‍ നിന്നും പിന്മാറാന് തയ്യാറായില്ല, അത്ര തീവ്രമായിരുന്നോ ഈ ആഗ്രഹം?
കാഴ്ചയില്ലാത്തവരും ശ്രവണശേഷി കുറഞ്ഞവരുമെല്ലാം ഈ ഒരു സ്വപ്നത്തിനായി കഷ്ടപ്പെടുന്നുണ്ട്. അവരുടെ കുറവുകള്‍ക്ക് മുന്നില്‍ എന്റെ അപകടം നിസ്സാരമല്ലേ, പിന്നെ അപകടം ഒരിക്കലും പരീക്ഷയില്‍ നിന്നും പിന്മാറാനൊരു കാരണവവുമല്ലായിരുന്നു. മാത്രവുമല്ല പിന്മാറുകയെന്നത് ഒരിക്കലും സാധ്യമാകുന്ന കാര്യവുമല്ലായിരുന്നു എനിക്ക്.
ഒറ്റയ്ക്കു പൊരുതി നേടിയ വിജയമാണെങ്കിലും ഈ വിജയത്തിനു പിന്നിലെ കടപ്പാട് ആരോടാണ്?
കടപ്പാട് കുടുംബത്തോട് തന്നെയാണ്. എന്റെ വിജയത്തിന് പിന്നില്‍ പലരുടെയും പേരെടുത്ത് പറായാന്‍ പറ്റാത്ത അത്രയും ആളുകളുടെ സഹായമുണ്ടായിരുന്നു. അധ്യാപകരായ ജോബിന് എസ് കൊട്ടാരവും വയനാട്ടിലെ ഷിനാബ് സര്, കേരള സമാജത്തിലെ ഗോപകുമാര്‍ സര്, കഴിഞ്ഞ തവണ ഐപിഎസ് കിട്ടിയ നിതിന്‍ രാജ്, ദിവ്യ, ആര്യ തുടങ്ങിയവരെല്ലാം പ്രധാനികളാണ്.
ഹോട്ടല്‍മാനേജ്മെന്റ് ബിരുദധാരി സിവില്‍ സര്‍വ്വീസിനായി തെരഞ്ഞെടുത്തത് മലയാളമാണ്. എന്തായിരുന്നു ആ തീരുമാനത്തിന് പിന്നില്‍ ?
ഡിഗ്രിക്കാലത്തൊന്നും അടിസ്ഥാനമായി മലയാളം പഠിക്കുന്നു എന്നല്ലാതെ മലയാളത്തെകുറിച്ച് കൂടുതല്‍ അവഹാഗമില്ലായിരുന്നു. പുതുതായി എന്തും പഠിക്കാന്‍ താല്പര്യമാണ്. അങ്ങനെയാണ് മലയാളം ഓപ്ഷനായി ചേര്‍ത്തതും പഠിച്ചതും.
ഉത്തരവാദിത്വമുള്ള ഒരു ജോലിയിലേക്കു പ്രവേശിക്കുമ്പോള്‍ എന്തെല്ലാമാണ് ഭാവി ലക്ഷ്യങ്ങള്‍?
നമ്മുടെ സമൂഹത്തിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഒരു സിവില്‍ സര്‍വെന്റിന് സമൂഹത്തിന്റെ അടിസ്ഥാനം തന്നെ മാറ്റാന്‍ കഴിയണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ത്രീകളുടെ കാര്യം തന്നെ ഉദാഹരണമായി എടുത്താല്‍ നിര്‍ഭയ കേസിലൊക്കെ നമ്മുടെ സമൂഹം സ്ത്രീ തെറ്റ് ചെയ്തതിനാല്‍ അത് സംഭവിച്ചു എന്ന് വിലയിരുത്തി. സ്ത്രീക്കും തുല്യാവകാശങ്ങളുള്ള ഒരു സമൂഹത്തിലേക്ക് നാം മാറേണ്ടതാവശ്യമാണ്. അത്തരം കാര്യങ്ങളില്‍ മാറ്റം കൊണ്ടുവരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ആശിഷിന്റെ വിജയത്തില്‍ വളരെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ അധ്യാപകരും. വളരെ മിതഭാഷിയായ
തീവ്രആഗ്രഹവുമുള്ള ആശിഷിന്റെ വിജയം അവരും പ്രതിക്ഷിച്ചിരുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പില്‍ മലയാള ഭാഷാ പഠനത്തിനായി ആശിഷിനെ സഹായിച്ചത് ജോബിന് എസ് കൊട്ടാരം ആയിരുന്നു. സാധാരണ പശ്ചാത്തലത്തില്‍ നിന്നും വന്ന് കഠിനാധ്വാനത്തിലൂടെയാണ് ആശിഷ് വിജയം കൈവരിച്ചത്. തീവ്ര അഭിനിവേശം ഉള്ളിലൊളുപ്പിച്ച് അതിനായി കഠിനമായി അധ്വാനിച്ച ആശിഷിന്റെ ഈ വിജയത്തില്‍ അവരും അതീവ സന്തുഷ്ടരാണ്. ജോബിന് എസ് കൊട്ടാരത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ തീവ്രമായ അഭിനേവേശമുണ്ടെങ്കില് അതിനായി അധ്വാനിച്ചാല്‍ ആര്‍ക്കും വിജയം കൈവരിക്കനാകും എന്ന പാഠമാണ് ആശിഷിന്റെ വിജയം.