
കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ കീഴില്‍ കൊവിഡ് ഡ്യൂട്ടിയില്‍ പ്രവേശിച്ച ജൂനിയര്‍ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പിലെ ജില്ലാതല മേധാവി അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശന്പളം ലഭിച്ചിട്ട് മാസങ്ങളായി. മറ്റു പോംവഴികളില്ലാതെ ശമ്പളം ചോദിച്ച ജൂനിയര്‍ ഡോക്ടറോട്, പെണ്‍കുട്ടികള്‍ക്കെന്തിനാണ് ശമ്പളം എന്ന ഡിഎംഒയുടെ മറുചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാക്കാന്‍ കാരണം. നിരവധി പേരാണ് ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്റെ പെണ് സുഹൃത്തായ യുവ ഡോക്ടര്ക്കുണ്ടായ ദുരനുഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ മനോജ് വെള്ളനാണ് ഫെയ്സ്ബുകില്‍ പങ്കുവച്ചത്. ഡോക്ടര്‍മാരടക്കം നിരവധി പേര് സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ വകുപ്പിനുമെതിരെ രംഗത്തെത്തി . ആരോഗ്യമന്ത്രി മുതല്‍ വകുപ്പിലെ മേലധികാരികളില്‍ നിരവധി പേര് സ്ത്രീകളായിരിക്കെയാണ് ഡിഎംഒ തീര്‍ത്തും സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയത്. ഇതിനിടെ, ജൂനിയര്‍ ഡോക്ടറും കെജെഡിഎ സെക്രട്ടറിയുമായ കൃഷ്ണപ്രിയ ടിഎസ് ഫെയ്സ്ബുക്കില്‍ എഴുതിയ പരിഹാസ കുറിപ്പും വൈറലാവുകയാണ്. ശരിയാണ്, ഈ കൈകള്‍ വേതനം അര്‍ഹിക്കുന്നില്ലെന്ന് തുടങ്ങുന്ന പോസ്റ്റില്‍ പിപിഇ കിറ്റ് ഇട്ടു കോവിഡ് ഡ്യൂട്ടിയില്‍ മണിക്കൂറുകള്‍ ജോലി ചെയ്ത ഒരു ജൂനിയര്‍ ഡോക്ടറുടെ കൈ ചിത്രമാക്കിയിരിക്കുന്നത്.
കൃഷ്ണപ്രിയ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്… ശരിയാണ്, ഈ കൈകള്‍ വേതനം അര്‍ഹിക്കുന്നില്ല. ചെയ്യുന്ന ജോലിയുടെ തസ്തിക എന്തെന്നറിയാന്‍ അര്‍ഹതയില്ല. ഭക്ഷണം ഈ വയറുകള്‍ അര്‍ഹിക്കുന്നില്ല. എത്ര നടന്നാലും ഈ ചെരുപ്പുകള്‍ തേയില്ല. ഇവരെ മാത്രം മഹാമാരി ചെറുക്കാന്‍ വീണ്ടും വീണ്ടും ഉപയോഗിക്കണം. എന്തെന്നാല്‍, ഈ ശരീരങ്ങളെ അസുഖം ഒരിക്കലും ബാധിക്കുകയില്ല. പെണ്ണുങ്ങള് ഉണ്ടോ കൂട്ടത്തില്‍? ഹ!പെമ്പിള്ളേര്‍ക്ക് എന്തിനാ ശമ്പളം? അച്ഛനോടും അമ്മയോടും കാശ് ചോദിച്ചാല്‍ പോരെ?- നമ്മുടെ മേലെ ഉള്ള ഡോക്ടറുടെ വാമൊഴി. ജനങ്ങളോടാണ്, ഗവണ്മെന്റ് കോളേജുകളില്‍ പഠിച്ച എന്‍ജിനീയര്‍മാരും, ടീച്ചര്‍മാരും, വക്കീലന്മാരും ചെയ്യാത്ത സൗജന്യസേവനം എന്തേ നിങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നും പ്രതീക്ഷിക്കുന്നു? അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങളുടെ വയര്‍ ചുരുങ്ങിയിട്ടില്ല. അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങള്‍ അനാഥരായിട്ടില്ല. അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങളുടെ മാതാപിതാക്കള്‍ പണക്കാരായിട്ടില്ല. അഞ്ചരവര്‍ഷം ഞങ്ങള്‍ അറിവ് അല്ലാതെ മറ്റൊരു സമ്പാദ്യവും ഉണ്ടാക്കിയിട്ടില്ല. എല്ലാവരുടെയും വീട്ടില്‍ പോറ്റാന്‍ വയറുകളുണ്ട്. 25 വയസ്സ് വരെ നോക്കി വളര്‍ത്തിയ മക്കള്‍ പഠിച്ചു പണം സമ്പാദിച്ചു വരുന്നത് നോക്കി ഇരിക്കുന്ന പ്രായം ചെന്ന മാതാപിതാക്കള്‍ ഉണ്ട്. എന്തുകൊണ്ട് ഞങ്ങള്‍ മാത്രം അധികാരികളുടെയും മറ്റുള്ളവരുടെയും കണ്ണില്‍ മനുഷ്യരല്ലാതാകുന്നു? ഈ ദുരവസ്ഥ കണ്ടിട്ടും മനസ്സലിയാത്തവര്‍ നമ്മള് പഠിച്ച വിദ്യ തന്നെ നമുക്ക് മുന്നേ പഠിച്ചിറങ്ങിയവരാണ്. നിങ്ങള്‍ക്കും ഹൃദയം നഷ്ടപ്പെട്ടതാണോ? എന്തുകൊണ്ട് ഞങ്ങളെ സഹായിക്കേണ്ട എന്ന തീരുമാനം നിങ്ങള്‍ എടുത്തു? ഇനിയും കുറെ പറയാന്‍ ഉണ്ട്. ചുറ്റും ഉള്ളവര്‍ മനസ്സിലാകാത്തവര്‍ അല്ല, മനസ്സിലാകാത്ത പോലെ അഭിനയിക്കുന്നവര്‍ ആണെന്ന് ബോധ്യമായിരിക്കുന്നു. എന്നത്തേയും പോലെ ഇന്നും നിങ്ങള്‍ക്ക് കുറ്റബോധം ഇല്ലാതെ സമാധാനം ആയി ഉറങ്ങാന്‍ സാധിക്കട്ടെ…
സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കീഴില്‍ കൊവിഡ് ഡ്യൂട്ടിയില്‍ പ്രവേശിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവേചനവും ചൂഷണവും കാണിച്ച് കോവിഡ് ഡ്യൂട്ടി ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശമ്പളവും തസ്തികയും നിശ്ചയിച്ച് സര്‍വീസ് ചട്ടം നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാറില്‍ നിന്നും മറുപടി ലഭിക്കാതെ തുടര്‍പ്രവര്‍ത്തനത്തിന് തയാറാവില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 2014 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ജൂനിയര്‍ ഡോക്ടര്‍മാരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്നത്. ഏത് പോസ്റ്റിലാണ് തങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 2020 മാര്‍ച്ചില്‍ ഹൗസ് സര്‍ജന്‍സി കഴിയേണ്ട ബാച്ചാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം കൂടി നീട്ടകയും ഇതിന് പിന്നാലെ പോസ്റ്റിങ് 3 മാസത്തേക്ക് കൂടി നീട്ടിയത്. പിന്നീടായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും ഓഡറും പെര്‍മനന്റ് രജിസ്ട്രേഷനും ലഭിച്ചത്. ജൂലൈ മാസത്തോടെ എല്ലാവരും ജോലിക്ക് കയറി. ഒരു മാസം കഴിഞ്ഞിട്ടും ഞങ്ങളുടെ തസ്തിക സംബന്ധിച്ചോ ശമ്പളം സംബന്ധിച്ചോ ഒരു വ്യക്തതയുമില്ലായിരുന്നു. ജോലിക്ക് കയറണമെന്ന് അറിയിച്ച് ലഭിച്ച ഉത്തരവില്‍ തന്നെ വ്യക്തയുണ്ടായിരുന്നില്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. അന്ന് വിഷയത്തില്‍ അധികൃതരോട് പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും എല്ലാം ശരിയാവും എന്ന രീതിയായിരുന്നു സര്‍ക്കാറിന്റെത്.