ശിവശങ്കര്‍ എങ്ങനെ സിപിഎമ്മിന് പ്രിയപ്പെട്ടതായി? സ്വപ്നയെപ്പറ്റിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എങ്ങനെ മുക്കി?

പ്രസാദ് നാരായണന്
തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് സ്വര്‍ണക്കടത്തു കേസിലെ വിവാദനായകന്‍ ആര്.ശിവശങ്കര്‍ ഐഎഎസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതിനും സിപിഎമ്മിന്റെ വിശ്വസ്തനായതിനുമെതിരേ ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ വിമര്‍ശനസ്വരത്തില്‍ മുന്നോട്ടുവരുന്നതിനിടെ, ശിവശങ്കറെങ്ങനെ പാര്‍ട്ടിയ്ക്ക് അഭിമതനും മിടുക്കനുമായി എന്ന അന്വേഷണം പുതിയ വെളിപ്പെടുത്തലുകളിലേക്ക്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുക്കിയതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന തരത്തില്‍ ബിജെപി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായ ഒരാളുടെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ടുള്ള സുരേന്ദ്രന്റെ ആരോപണത്തോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ശിവശങ്കര്‍ സിപിഎമ്മിന് ഇഷ്ടക്കാരനാവുന്നത് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായിരിക്കെ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു ശിവശങ്കര്‍. ടൂറിസം ഡയറക്റ്ററായിട്ടുള്ള അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനത്തില്‍ മന്ത്രിക്കും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, പാര്‍ട്ടിയിലെ വിശ്വസ്തനായ ഒരു മലബാര്‍ സ്വദേശിക്കും അദ്ദേഹത്തില്‍ അതീവ മതിപ്പാണുണ്ടായത്. കോടിയേരി ടൂറിസം മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും നിര്‍ണായകമായ ഒരു താക്കോല്‍ സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന്റെ കൂടി ശുപാര്‍ശയുടെ പുറത്താണ് ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനും അഭിമതനും വിശ്വസ്തനുമായിത്തീരുന്നത്. എം.വി.ജയരാജന് പാര്‍ട്ടി ചുമതലകളുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല വിടുന്നതോടെ, ഈ ഉദ്യോഗസ്ഥനും ശിവശങ്കറും ചേര്‍ന്ന അച്ചുതണ്ട് ശക്തമാവുകയും മറ്റ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും എന്തിന് പാര്‍ട്ടിയെപ്പോലും നിഷ്പ്രഭരാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭരണകേന്ദ്രമാക്കി തീര്‍ക്കുകയായിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ത്തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫിസനെതിരേ കഴിഞ്ഞ ദിവസത്തെ മാധ്യമസമ്മേളനത്തില്‍ ഉദ്യോഗസ്ഥന്റെ പേരെടുത്തുപറഞ്ഞുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപണമുന്നയിച്ചത് എന്നു വേണം കരുതാന്‍.
അതിനിടെ, സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു വന്നു ചേര്‍ന്ന ഗ്ലാനി മുതലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു മേല്‍ നഷ്ടപ്പെട്ട പിടിമുറുക്കാന്‍ സിപിഎമ്മിനുള്ളില്‍ തന്നെ രാഷ്ട്രീയനീക്കങ്ങളുണ്ടായിക്കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞദിവസം നടത്തിയ മാധ്യമപ്രതികരണങ്ങളിലെല്ലാം മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്തുവെങ്കില്ക്കൂടി, മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണായക സ്ഥാനത്തിരിക്കുന്ന മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനെക്കൂടി മാറ്റി തങ്ങള്‍ക്കു വിശ്വസ്തനായ ഒരാളെ നിയോഗിക്കാന്‍ പാര്‍ട്ടിയിലെ പിണറായിവിജയന്റെ അപ്രമാദിത്വത്തില്‍ അസഹിഷണുതയുള്ളവര് നീക്കം കടുപ്പിച്ചതായാണ് വിവരം. ജയരാജന് മുഖ്യമന്ത്രിയുടെ ഓഫീസ് വിട്ടശേഷം, പാര്‍ട്ടിക്ക് എന്നല്ല, മറ്റു മന്ത്രിമാര്‍ക്കുപോലും മുഖ്യമന്ത്രിയുടെ ഓഫീസ് ബാലികേറാമലയായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മന്ത്രിസഭാംഗങ്ങള്‍ക്കു മുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ ആക്ഷേപം തീര്‍ത്തും അസ്ഥാനത്തായിരുന്നില്ല. ചികിത്സാര്‍ത്ഥം രാജ്യം വിട്ടു നില്‍ക്കേണ്ടിവന്നതോടെ, അവിടെ പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്ന സ്വാധീനത്തിനു പോലും ഇടിവുണ്ടാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, സ്വര്‍ണക്കടത്തുകേസില്‍ സംഭവിച്ച പിഴവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മേല്‍ പാര്‍ട്ടി തങ്ങളുടെ പിടിമുറുക്കാനുള്ള അണിയറനീക്കം സജീവമാക്കുന്നത്. പിണറായി വിജയനോടുള്ള അസംതൃപ്തി എന്നതിലുപരി, പാര്‍ട്ടിയിലെ തന്നെ പടലപ്പിണക്കങ്ങളും ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്.