കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഹണിട്രാപ്പിന്റെ ഇരയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ ശിവശങ്കര്‍ വിശദീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സ്വപ്‌നയുടെ നേതൃത്വത്തില്‍ നടന്ന ഹണിട്രാപ്പില്‍ ശിവശങ്കര്‍ കുടുങ്ങുകയായിരുന്നു. മദ്യത്തില്‍ ലഹരി നല്‍കി മയക്കിയതായും ഇദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയിലാണ് സംഭവം. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവരാണ് തന്ത്രം മെനഞ്ഞതെന്നാണ് വിവരം. ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി.
ഈ സാഹചര്യത്തില്‍ ഒരു തവണ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം സംശയിക്കപ്പെടുന്ന പ്രതികളുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും, ശിവശങ്കര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തതായി മൂന്നു ഘട്ടമായി ഇരുപത്തിനാലര മണിക്കൂര്‍ ദീര്‍ഘിച്ച ചോദ്യംചെയ്യലിലും എന്‍.ഐ.എയ്ക്ക് കണ്ടെത്താനായില്ല. ഇന്നലെ പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിട്ടയച്ചത്. കേസില്‍ കൂടുതല്‍ പ്രതികളുടെ ചോദ്യംചെയ്യലിനും സെക്രട്ടേറിയറ്റിലെ സി സി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കും ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തും.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍.ഐ.എ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഭീകരബന്ധവുമായോ സ്വര്‍ണക്കടത്തുമായോ ശിവശങ്കറിനെ നേരിട്ട് കൂട്ടിയിണക്കാവുന്ന തെളിവുകള്‍ ലഭ്യമായിട്ടില്ല.
ശിവശങ്കര്‍ കുടുങ്ങിയത് സ്വപ്‌നയുടെ ഹണിട്രാപ്പിലോ?
