KERALATrending

ശിവശങ്കറിനെ ‘ക്ഷ’ വരപ്പിച്ച വന്ദനയാര്?

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍എഎ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ആന്ധ്രാക്കാരി കെ.ബി.വന്ദനയാണ്. സ്വര്‍ണ്ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരയുന്ന എന്‍ഐഎ സംഘത്തിലെ 2004 ബാച്ച് ഐപിഎസുകാരിയാണ് വന്ദന ശിവശങ്കറിനെ ചോദ്യം ചോദിച്ച് വശംകെടുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ വനിതാ ഓഫീസര്‍ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എന്‍ഐഎ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള ഈ വനിതാ ഡിഐജി ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായുമുള്ള കണ്ടെത്തലോടെ കേസിന്റെ ഗൗരവം പരിഗണിച്ചാണ് എന്‍ഐഎ യുടെ ദക്ഷിണേന്ത്യന്‍ മേധാവി തന്നെ ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്. 2012 ല്‍ അമേരിക്കയില്‍ നിന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ ഐപിഎസുകാരിയാണ് വന്ദന. കരോലിനയിലെ മയോക്കില്‍ യുഎസ് ഇന്റലിജന്‍സ് പരിശീലന അക്കാദമിയിലായിരുന്നു പരിശീലനം.
2005 നവംബറില്‍ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശീയ പൊലീസ് അക്കാദമിയില്‍ നിന്നും പുറത്തു വന്ന 57 ാമത് ബാച്ചിലെ ആറ് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു വന്ദന. പിതാവ് തമിഴ്നാട്ടില്‍ നിന്ന് എഡിജിപിയായിരുന്നതിനാല്‍ പഠനം തമിഴ്‌നാട്ടിലായിരുന്നു. ഉന്നത പഠനത്തിന് ഡല്‍ഹിയിലെ ജെഎന്‍യുവില്‍ എത്തി. അവിടെ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫിലും പൂര്‍ത്തിയാക്കിയാണ് ഐപിഎസ് നേടിയത്. മലയാളവും തമിഴും തെലുങ്കും അടക്കം ബഹുഭാഷാ പരിചയമുള്ള വന്ദന രാജസ്ഥാനിലെ ആദ്യ വനിതാ സായുധ ബറ്റാലിയനായ ഹദീറാണിയുടെ കമാന്ററായിരുന്നു. സ്‌കൂള്‍ തലത്തില്‍ മികച്ച എന്‍സിസി കേഡറ്റ് ആയിരുന്ന വന്ദന കോളേജില്‍ സീനിയര്‍ അണ്ടര്‍ ഓഫീസറായി. രാജസ്ഥാനില്‍ ജയ്‌സാല്‍മീര്‍, ബരാന്‍, പാലി ജില്ലകളില്‍ പോലീസ് സൂപ്രണ്ടായിരുന്നു. പിന്നീട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലീസ് സര്‍വകലാശാലയില്‍ സോഷ്യല്‍ ഡിഫന്‍സ് മേധാവിയായി. ജോധ്പൂരില്‍ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റില്‍ എസ്പി ആയും സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനിടയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. അതിന് ശേഷം സ്ഥാനക്കയറ്റത്തോടെ എന്‍ഐഎയില്‍ ഡിഐജിയായി. ആദ്യ ദിവസം അഞ്ചു മണിക്കൂറും രണ്ടാം ദിവസം പത്തു മണിക്കൂറുമാണ് എന്‍ഐഎ കൊച്ചിയിലെ ആസ്ഥാനത്ത് എത്തിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്തത്. യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യമായ തെളിവുകള്‍ ഇല്ലെങ്കിലൂം എം. ശിവശങ്കറിനെ കേസില്‍നിന്നു പൂര്‍ണമായും ഒഴിവാക്കേണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്വപ്നയുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങളില്‍ പലതും ശിവശങ്കര്‍ എന്‍ഐഎ യോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ ഫ്‌ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നത് മാനസീക സമ്മര്‍ദ്ദം ലഘൂകരിക്കാനായിരുന്നു എന്നാണ് ശിവശങ്കരന്‍ എന്‍ഐഎ യ്ക്ക് നല്‍കിയിരുന്ന മൊഴി. ജോലി കഴിഞ്ഞ അര്‍ദ്ധരാത്രിയോടെയാണ് ഓഫീസില്‍ നിന്നും ഇറങ്ങിയിരുന്നതെന്നും ഈ കാരണത്താലാണ് സെക്രട്ടറിയേറ്റിന് സമീപം ഫ്‌ളാറ്റ് എടുത്തതെന്നും ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Back to top button
Close