
കൊച്ചി: എം. ശിവശങ്കറിന്റെ അറസ്റ്റ് നീണ്ടുപോകാന്‍ കാരണമായത് ഡിജിറ്റല്‍ രേഖകള്‍ ഡീ കോഡ് ചെയ്ത് കിട്ടാനുണ്ടായ കാലതാമസം. കസ്റ്റംസായിരുന്നു ശിവശങ്കറിന്റെ ഫോണ്‍രേഖകളും മറ്റും പിടിച്ചെടുത്തത്. ഇത് സി-ഡാക്കിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ രേഖകള്‍ പരിശോധിച്ച് സി-ഡാക്കില്നിന്നുള്ള വിവരങ്ങള്‍ ലഭിച്ചത് രണ്ടാഴ്ചമുന്‍പായിരുന്നു. ഇത് പരിശോധിച്ചതോടെയാണ് ശിവശങ്കര്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തുന്നത്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന നിലപാടിലും അവര്‍ എത്താനുണ്ടായകാരണം ഇതായിരുന്നു. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന നിലപാടിലേക്ക് സംഘം എത്തുന്നതും അതോടെയാണ്.ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 16-ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ തിരുവനന്തപുരത്ത് വീട്ടിലേക്ക് എത്തിയത്. അറസ്റ്റിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായതോടെയാണ് ശിവശങ്കറിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് ശിവശങ്കറും അന്നുതന്നെ മനസ്സിലാക്കിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇതിന് പിന്നാലെയാണ് ശിവശങ്കര്‍ കസ്റ്റംസ് കേസിലും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത്.ദേശീയസുരക്ഷഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇത്തരത്തില്‍ ആയുധവും എത്തിക്കാം എന്ന നിലയിലാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയിരിക്കുന്നത്.