
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്കി സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കില്ലെന്നും അടുത്ത സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്വപ്ന കസ്റ്റംസിനു നല്കിയ മൊഴിയില്‍ പറയുന്നു. റമീസും സന്ദീപുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകരെന്നു സ്വപ്ന. വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇടനിലക്കാരിയായും പ്രവര്‍ത്തിച്ചുവെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആദ്യം പരീക്ഷാണാര്ത്ഥമാണ് സ്വര്‍ണം കടത്തിയത്. ഇത് വിജയിച്ചതോടെ ഓരോ തവണയും കടത്തുന്ന സ്വര്‍ണത്തിന്റെ അളവ് കൂടി വന്നുവെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് അറ്റാഷയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം അനുമതി തേടിയതോടെയാണ് അദ്ദേഹം രാജ്യം വിട്ടത്.
സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നു. കോണ്‍സല്‍ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണു സ്വര്‍ണം കടത്തിയത്. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയതെന്നും കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങുകയും തുടര്‍ന്ന് അറ്റാഷെയെ കടത്തില്‍ പങ്കാളിയാക്കിയതായും ഇവര്‍ വെളിപ്പെടുത്തിയെന്ന വിവരങ്ങളുണ്ട്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും 1,500 ഡോളര്‍ പ്രതിഫലം നല്‍കുകയും 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെ 18 തവണ സ്വര്‍ണം കടത്തിയതായും സ്വപ്നയുടെ മൊഴിയിലുള്ളതായാണു വാര്‍ത്തകള്‍. എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.