
ശുദ്ധസംഗീതത്തിന്റെ നിത്യോപാസകന്, ദക്ഷിണാമൂര്‍ത്തിസ്വാമി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇത് ഏഴാം വര്‍ഷം.നാദബ്രഹ്മത്തിന്റെ സാഗരവിസ്മയം മലയാളിമനസ്സുകളില് തേന്‍ തൊട്ടെഴുതിച്ചേര്ത്ത പ്രതിഭ അതായിരുന്നു വി.ദക്ഷിണാമൂര്‍ത്തി. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ശുദ്ധസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന പ്രത്യേകപരിപാടിയിലേക്ക് സ്വാഗതം.ബ്രഹ്മത്വം നിറഞ്ഞു നിന്നിരുന്ന സ്വാമിയുടെ ഉടലും, ഉയിരും സംഗീതമായിരുന്നു. ഭസ്മാങ്കിതവും സദാശോഭിതവുമായ ആ മുഖം വിനയത്തിന്റെയും ഭക്തിയുടെയും പര്യായം കൂടിയാണ്. സ്വാമി കൈ പിടിച്ചുയര്‍ത്തിയ കലാകാരന്മാരെത്ര, അതിലുപരി, ആ സര്‍ഗ്ഗചേതന ജീവന് പകര്‍ന്ന് അനശ്വരമാക്കിയ ഗാനങ്ങളെത്ര…
ഗാനത്തിന്റേ രണ്ട് വരി
ഹൃദയ സരസിലെ പ്രണയപുഷ്പമേ..
ഇനിയും നിന്‍കഥ പറയൂ.’
അര്‍ത്ഥഭംഗി നഷ്ടമാവാതെ, കാവ്യഗുണത്തെ പൂര്‍ണ്ണമായും സംഗീതത്തിലേയ്ക്കു സന്നിവേശിപ്പിക്കുവാനുള്ള സ്വാമിയുടെ സിദ്ധി എന്നും വേറിട്ടതായിരുന്നു. ശുദ്ധസംഗീതത്തെ പ്രണയിച്ചിരുന്നവരെ എക്കാലത്തും സ്വാമിയിലേയ്ക്കാകര്ഷിച്ചിരുന്നതില് പ്രധാനഗുണവും, സംഗീതത്തിലെ ഈ കുലീനത്വമാണ്. വരികളില്‍ ജീവന് തുടിയ്ക്കുന്ന സംഗീതം, ഭാവമധുരമായി വിളക്കിച്ചേര്‍ക്കാനുള്ള കഴിവ്, അയത്നലളിതമായി വളരെ വേഗത്തില്‍ തന്നെ, എഴുതിക്കിട്ടുന്ന വരികളില്‍ സ്വരസ്ഥാനങ്ങള്‍ കണ്ടെത്തുന്ന സ്വാമിയുടെ ആയാസരാഹിത്യം ഇതെല്ലാം സ്വാമിയോടടുത്തവര്ക്ക് എന്നും അത്ഭുതവും ചര്‍ച്ചാവിഷയവുമായിരുന്നു.1919 ഡിസംബര്‍ ഒന്‍പതിന് ആലപ്പുഴയില്‍ ജനിച്ച വി.ദക്ഷിണാമൂര്‍ത്തിയ്ക്ക് അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു കിട്ടുന്നത്. ത്യാഗരാജസ്വാമി കൃതികളടക്കം ബാല്യത്തില്‍ തന്നെ ഹൃദിസ്ഥമാക്കിയ സ്വാമിയുടെ സംഗീതസപര്യയ്ക്ക് ആദ്യകാലം മുതല്ക്കേ ശാസ്ത്രീയമായ അടിത്തറയുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയ്ക്ക് തന്റെ സ്വരസൗഭാഗ്യം ആദ്യമായി നിവേദിച്ചു കൊണ്ടാണ് സ്വാമി സംഗീതലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. സംഗീതത്തോടുള്ള അദമ്യവും, തീക്ഷ്ണവുമായ അഭിനിവേശം സ്വാമിയെ പത്താം തരത്തില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് സംഗീതത്തിന്റെ നിത്യോപാസകനാക്കുകയായിരുന്നു. ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസിന്റെ അച്ഛന് അഗസ്റ്റിന് ജോസഫ് നായകനായഭിനയിച്ച, നല്ല തങ്ക എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചു കൊണ്ടാണ് സ്വാമി ചലച്ചിത്രഗാനലോകത്തേയ്ക്ക് ആദ്യപാദമൂന്നുന്നത്. യേശുദാസിനും, അദ്ദേഹത്തിന്റെ മകന് വിജയ് യേശുദാസിനും, അദ്ദേഹത്തിന്റെ പുത്രി അമേയയ്ക്കും സ്വാമിയുടെ ഗാനങ്ങള്‍ ആലപിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അങ്ങനെ തലമുറകളുടെ സ്വാമിയായി, ഗുരുനാഥനായി മാറുകയായിരുന്നു ആ മഹാനുഭാവന്.
ശ്രീകുമാരന്‍ തമ്പിയുടെ നിരവധി ഭാവമധുരമായ ഗാനങ്ങളെ മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരങ്ങളാക്കി മാറ്റിയത് സ്വാമിയുടെ ഇന്ദ്രജാലമാണ്.മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്രപുരസ്കാരം, ജെ.സി.ഡാനിയേല്‍ പുരസ്കാരം, സംഗീതസരസ്വതി പുരസ്കാരം, സ്വാതിതിരുനാള്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും സ്വാമിയെ തേടിയെത്തി. ഇതിലൊക്കെ ഉപരിയായിരുന്നു സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ സ്വാമി നേടിയ സ്ഥാനം.തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സില്‍ ചെന്നൈയിലെ മൈലാപ്പൂരില്‍ വച്ച് ഈ ലോകത്തോടു വിട പറയും വരെയും ശുദ്ധസംഗീതത്തിന്റെ നിരന്തരോപാസകനായി തന്നെ സ്വാമി നിലകൊണ്ടു.ഹര്‍ഷബാഷ്പം തൂകി, നാദബ്രഹ്മത്തിന് സാഗരം നീന്തി വരും, പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു, ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ഹര്‍ഷബാഷ്പം തൂകി, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, താരകരൂപിണി തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ചലച്ചിത്രഗാനങ്ങള്‍ കൈരളിയ്ക്കു സമ്മാനിച്ച സ്വാമിയുടെ ഭക്തിഗാനങ്ങളുടെ ശ്രേണി പറഞ്ഞാല്‍ തീരാത്തത്ര വിപുലമാണ്. അതേ, കാവ്യകൈരളിക്കു ലഭിച്ച വരപ്രസാദമായിരുന്നു ദക്ഷിണാമൂര്‍ത്തിസ്വാമി.
ശുദ്ധസംഗീതത്തിന്റെ രാജകുമാരന് നാദത്തില്‍ നിന്നും അകന്നുപോയിട്ടിന്നേക്ക് ഏഴു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.ഈ കാലയളവില്‍ ഒരിക്കല്‍ പോലും നമ്മള് ആ ശബ്ദവും സംഗീതവും മറന്നില്ല, പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ വി. ദക്ഷിണാമൂര്‍ത്തി ഇന്നും ഓരോ സംഗീത പ്രേമിയുടെയും കാതുകളില്‍ ഇമ്ബമുള്ള ഈണങ്ങളായി നിലനില്ക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. കര്‍ണാടകസംഗീതത്തെ ചലച്ചിത്രഗാനങ്ങളില്‍ സന്നിവേശിപ്പിച്ച് ആറുപതിറ്റാണ്ടിലേറെ കാലം സംഗീത സംവിധാനരംഗത്ത് സജീവമായിരുന്ന ദക്ഷിണാമൂര്‍ത്തി മലയാള ചലച്ചിത്രലോകത്ത് ‘സ്വാമി’ എന്ന് പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.പാര്‍വ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ജനനം. അമ്മയാണ് സംഗീതത്തിലെ ആദ്യ ഗുരു. ചെറുപ്പം മുതല്‍ സംഗീതാഭിരുചി ഉണ്ടായിരുന്ന സ്വാമി സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് അമ്മയില്‍ നിന്നാണ്. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തി മനസ്സിലാക്കിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. സംഗീതത്തിലുള്ള താല്പര്യത്താല് പത്താം ക്ലാസില്‍ വച്ചു പഠനം നിര്‍ത്തിയ ദക്ഷിണാമൂര്‍ത്തി കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി എന്ന ഗുരുവിന്റെ കീഴില്‍ മൂന്നു വര്‍ഷം സംഗീതം അഭ്യസിച്ചു. പിന്നീട് കര്‍ണ്ണാടക സംഗീതത്തില്‍ വിദഗ്ധനായി. കെ.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കുഞ്ചാക്കോ നിര്‍മ്മിച്ച് 1950 ല്‍ പുറത്തിറങ്ങിയ ‘നല്ല തങ്ക’ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിച്ചത്. ചിത്രത്തില്‍ നായകവേഷത്തിലെത്തിയത് യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫ്. ‘നല്ല തങ്ക’യില്‍ അദ്ദേഹം ഒരു ഗാനം ആലപിച്ചിരുന്നു.ആദ്യകാലത്ത് ഗാനരചനയില്‍ അഭയദേവും പില്ക്കാലത്ത് ശ്രീകുമാരന്‍ തമ്പിയുമായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ കൂടെയുണ്ടായിരുന്നത്. പിന്നീട് പി. ഭാസ്കരന്, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങള്‍ സൃഷ്ടിച്ചു. വിശ്വപ്രസിദ്ധ സംഗീതസംവിധായകന് എ. ആര്.റഹ്മാന്റെ പിതാവ് ആര്.കെ.ശേഖര്‍ കുറച്ച് ചിത്രങ്ങളില്‍ ദക്ഷിണാമൂര്‍ത്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിനിമലോകത്തേക്ക് എത്തിയതിനുശേഷം മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ ആയിരത്തോളം പാട്ടുകള്‍ക്കാണ് അദ്ദേഹം ഈണമിട്ടത്. കാതടപ്പിക്കുന്ന ശബ്ദമല്ല, ഇമ്ബമുള്ള സംഗീതമാണ് വേണ്ടത് എന്ന പക്ഷത്തായിരുന്നു എന്നും സ്വാമി. ഇതിനായി സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ സ്വാമി പിശുക്കു കാണിച്ചിരുന്നു.സംഗീത സംവിധാനം നിര്‍വഹിച്ചു. അമ്ബതുകള് മുതല്‍ എഴുപതുകള്‍ വരെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ചരിത്ര വിജയങ്ങളായി. ദക്ഷിണാമൂര്‍ത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോന്, ഇളയരാജ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.പി ഭാസ്കരന് ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടുകള്‍ ഒരുകാലത്ത് മലയാളത്തില്‍ തരംഗം സൃഷ്ടിച്ചു. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ…, ഉത്തരാ സ്വയംവരം…, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും…, വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം…., നനഞ്ഞുനേരിയ പട്ടുറുമാല്… തുടങ്ങി ദക്ഷിണാമൂര്‍ത്തി സ്വാമി ഈണമിട്ട ഗാനങ്ങള്‍ ഒരിക്കലും മരണമില്ലാത്തവയായി നിലനില്ക്കുന്നു.
മലയാള സിനിമാ ചരിത്രത്തിനൊപ്പം നടന്ന സംഗീത സംവിധായകന് കൂടിയാണ് ദക്ഷിണാമൂര്‍ത്തി. ശുദ്ധ സംഗീതത്തിനു പോറലേല്‍ക്കാതെയായിരുന്നു അദ്ദേഹം പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. സംഗീതമൊരുക്കുന്നതില്‍ സ്വാമിക്കു ചില നിഷ്ഠകളൊക്കെയുണ്ടായിരുന്നു. പാട്ടെഴുതി കിട്ടിയ ശേഷമേ ട്യൂണ്‍ ചെയ്തിട്ടുള്ളൂ. വരികള്‍ വായിച്ച് അതിലെ സാഹിത്യം ആദ്യം ഉള്‍ക്കൊള്ളണം. ആ സാഹിത്യത്തിനാണു സംഗീതം നല്‍കാറെന്നും ട്യൂണ്‍ ചെയ്ത ശേഷം പാട്ട് എഴുതുന്ന രീതി തനിക്കു വഴങ്ങില്ലെന്നും തന്നെ സമീപിക്കുന്നവരോടു തറപ്പിച്ചുപറഞ്ഞു അദ്ദേഹം. എന്നാല്‍, തന്റെ രീതി മാത്രമാണു ശരിയെന്ന ശാഠ്യമൊന്നും സ്വാമിക്കുണ്ടായിരുന്നില്ല.
1950 മുതല്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതം സിനിമയിലുണ്ട്. മലയാള സിനിമയ്ക്ക് സ്വന്തമായി ഒരു ഗാനശാഖ ഇല്ലാത്ത കാലത്തായിരുന്നു സ്വാമിയുടെ രംഗപ്രവേശം. നല്ലതങ്ക എന്ന സിനിമയ്ക്കാണ് സ്വാമി ആദ്യമായി സംഗീതം നല്‍കിയത്. ഈണങ്ങള്‍ മലയാളത്തിലേക്ക് കടമെടുത്തിരുന്ന രീതി പൊളിച്ചെഴുതി അദ്ദേഹം. സ്വന്തമായി ഈണങ്ങള്‍ നല്കി ഓരോ പാട്ടുകളും തയാറാക്കി. തമിഴ്, ഹിന്ദി സിനിമകളിലെ പോപ്പുലര്‍ ഗാനങ്ങളുടെ ഈണങ്ങള്‍ക്ക് മലയാളത്തില്‍ മൊഴിമാറ്റം നടത്തുന്ന രീതിയായിരുന്നു അതുവരെ.1987ല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയതിനു ശേഷം രണ്ടു പതിറ്റാണ്ടോളം അദ്ദേഹം സിനിമാസംഗീതത്തില്‍ നിന്നു വിട്ടുനിന്നു. എന്നാല്‍, കച്ചേരികളിലും മറ്റു സംഗീത സദസുകളിലും പങ്കെടുത്തിരുന്നു. ഇതിനുശേഷം 2007ല്‍ മിഴികള്‍ സാക്ഷി എന്ന സിനിമയ്ക്ക് സ്വാമി സംഗീതം നല്‍കിയിരുന്നു. ഇതിനിടയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം, ജെ.സി ഡാനിയേല്‍ പുരസ്കാരം, സ്വാതി തിരുനാള്‍ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ആ സംഗീത വിസ്മയത്തെ തേടിയെത്തി.
‘ശ്യാമരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ദക്ഷിണാമൂര്‍ത്തി സ്വാമി അവസാനമായി സംഗീതം പകര്‍ന്നത്. അതില്‍ യേശുദാസിന്റെ കൊച്ചുമകള്‍ അമേയ ഗാനം ആലപിച്ചു. ഇതോടെ ഒരു കുടുംബത്തിലെ നാലുതലമുറയില്‍പെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്രസംഗീതസംവിധായകന്‍ എന്ന പേരും സ്വാമി സ്വന്തമാക്കി. ശ്യാമരാഗത്തിന് ഈണം പകര്‍ന്ന് ഒരു മാസം പിന്നിട്ടപ്പോഴേക്കും സംഗീതലോകത്ത് ഒരിക്കലും നികത്താനാകാത്ത ശൂന്യത ബാക്കി വച്ച് ആ സംഗീതചക്രവര്‍ത്തി യാത്രയായി. 2013 ആഗസ്ത് 2 നു ഉറക്കത്തിനിടെ ഉണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.ദക്ഷിണാമൂര്‍ത്തി സ്വാമി മലയാള സിനിമയെ വിട്ടുപോയിട്ട് ഏഴ് വര്‍ഷം തികയുമ്പോഴും മലയാളിയുടെ മനസ്സില്‍ അദ്ദേഹം പകര്‍ന്നു നല്കിയ സംഗീതം ഇന്നും നിറഞ്ഞു നില്ക്കുന്നു.