
മലയാള സിനിമയില്‍ വ്യത്യസ്തമായ ഇടം കണ്ടെത്തിയ സംവിധായകരില്‍ ഒരാളാണ് ശ്യാമപ്രസാദ്. കല്ലുകൊണ്ടൊരു പെണ്ണില്‍ തുടങ്ങി ഒരു ഞായറാഴ്ചയില്‍ എത്തി നില്ക്കുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ഓരോ സിനിമകളും ഒന്ന് ഒന്നിന് വ്യത്യസ്തം. അദ്ദേഹത്തിന്റെ സൃഷ്ടിയില്‍ പിറന്ന ഓരോ സിനിമകളും ദേശീയ- അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതില്‍ നിന്ന് ആ പ്രതിഭയുടെ കഴിവുകള്‍ വ്യക്തമാണ്. വിഷയങ്ങളെ വളരെ കാലികമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കാനുള്ള ശ്യാമപ്രസാദിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ അദ്ദേഹത്തിന് മുഖ്യസ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ ഈ സവിശേഷതകളും സിനിമാലോകത്തെ യാത്രയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ശ്യാമായനം.
മലയാള സിനിമക്ക് ജനകീയ മുഖം നല്‍കുന്നതിന് തുടക്കം കുറച്ചത് ശ്യാമപ്രസാദ് ആയിരുന്നു. അനുകരണങ്ങളും ആര്‍ഭാടങ്ങളും അതിശോക്തികളും ആരാധനകളും ഒഴിവാക്കി സിനിമയെ ഒരു ജനകീയ കലാരൂപമാക്കി, ജനഹൃദയങ്ങളില്‍ എത്തിക്കാനാണ് ശ്യാമപ്രസാദ് ശ്രമിച്ചിട്ടുള്ളത്. അതില്‍ അദ്ദേഹം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. സിനിമ എന്നത് ഒരു കച്ചവടം മാത്രമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലും ദൃശ്യമായത്.
നാടകത്തില്‍ തുടങ്ങി ടെലിവിഷന്‍ സ്ക്രീനിലെ ശ്രദ്ധേയ പരീക്ഷണങ്ങള്‍ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമാ സംരംഭം തുടങ്ങുന്നത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ബഹുമതി ഈ സിനിമ നേടി. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഈ സിനിമക്ക് സാധിച്ചതുമില്ല. എന്നാല്‍ രണ്ടാമത്തെ സിനിമ നിരവധി ബഹുമതികള്‍ വാരിക്കൂട്ടിയതു കൂടാതെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതായിരുന്നു പ്രഥമ വയലാര്‍ പുരസ്കാരം നേടിയ ലളിതാംബിക അന്തര്‍ജനത്തിന്റെ നോവല്‍ അഗ്നിസാക്ഷിയുടെ ദൃശ്യാവിഷ്കാരം. ഇതോടെ മലയാള സിനിമയിലെ അവിഭാജ്യഘടകമായി ശ്യാമപ്രസാദ് മാറി.
പിന്നീട് അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും സാഹിത്യമേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ ബംഗാളി സാഹിത്യത്തിന്റെ പങ്ക് വളരെ വലുതും. ബംഗാളി നോവല്‍ സുനില്‍ ഗംഗോപാധ്യായയുടെ ഹിരക് ദീപ്തിയാണ് ഒരേ കടലായി മാറിയത്. അരികെ എന്ന സിനിമയ്ക്കും ആധാരമായത് സുനിലിന്റെ നോവല്‍ തന്നെ. ആര്‍ട്ടിസ്റ്റ് എന്ന സിനിമ പരിതോഷ് ഉത്തമിന്റെ നോവലില്‍ നിന്ന്. ശിര്‍ശേന്ദു മുഖോപാധ്യായയുടെയും ദിബ്യേന്ദു പാലിതിന്റെ കഥകളില്‍ നിന്ന് ഒരു ഞായറാഴ്ചയും. ഇത്തരത്തില്‍ ശ്യാമപ്രസാദ് എന്ന സംവിധായകനേയും അദ്ദേഹത്തിന്റെ സൃഷ്ടികളെയും പരിചയപ്പെടുത്തുന്ന കൃതിയാണ് ശ്യാമായനം. ഇതോടൊപ്പം ആരാലും അറിയപ്പെടാത്ത ശ്യാമപ്രസാദിനെയും ഈ പുസ്തകത്തിലൂടെ വായനക്കാരെ അറിയിക്കുന്നുണ്ട്. പ്രശസ്ത സിനിമാനിരൂപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എ. ചന്ദ്രശേഖറാണ് ഈ പുസ്തകത്തിന്റെ സ്രഷ്ടാവ്.