ശ്രീഗോപാലം മുഖചിത്രം പ്രകാശിപ്പിച്ചു

തിരുവനന്തപുരം: വ്യവസായ പ്രമുഖന് ഗോകുലം ഗോപാലനെപ്പറ്റി തിരുവനന്തപുരം ജിജി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തയാറാക്കുന്ന ജീവചരിത്ര സമാഹാര ഗ്രന്ഥമായ ശ്രീഗോപാലത്തിന്റെ മുഖചിത്ര അനാവരണം ഗോകുലം ഗോപാലന്റെ ജന്മദിനമായ ജൂലൈ 23ന് എഴുത്തുകാരനും തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുമായ കെ.വി.മോഹന്‍കുമാര്‍ ഐഎഎസ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഗോകുലത്തിന്റെ ഉടമസ്ഥതയിലുളള ജിജി ഹോസ്പിറ്റലിലെ ഡോക്ടറായ ഡോ.അരുണ്‍ വേലായുധപ്പണിക്കറാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ചടങ്ങില്‍ ഗോപാലന്റെ മകള്‍ കൂടിയായ ജിജി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഷീജ ജി മനോജ്, ഗോകുലം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ മരുമകന് ഡോ.കെ.കെ.മനോജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രമുഖ ഡിസൈനര്‍ അനൂപ് രാമകൃഷ്ണന് രൂപകല്പന ചെയ്ത പുസ്തകത്തിന്റെ മുഖചിത്രത്തില്‍ ഗോകുലം ഗോപാലന്റെ വരഞ്ഞ ഛായാചിത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഗോപാലന്റെ പ്രചോദനാത്മകമായ ജീവിതത്തെപ്പറ്റി അദ്ദേഹത്തോട് അടുപ്പമുള്ളവരും അദ്ദേഹത്തെ അറിഞ്ഞവരുമായ പ്രശസ്തര്‍ മുതല്‍ അപ്രശസ്തര്‍ വരെയുള്ളവരുടെ കുറിപ്പുകള്‍ സമാഹരിച്ച് ആറു മാസത്തിനകം പുസ്തകം പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് ഡോ. അരുണ്‍ പറഞ്ഞു