
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാകിസ്താന് പൗരനും ലഷ്കര്‍ ഉന്നത കമാന്‍ഡറുമായ സൈഫുള്ളയാണ് കൊല്ലപ്പെട്ടതെന്ന്തിരിച്ചറിഞ്ഞിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനെതുടര്ന്നാണ് തീവ്രവാദികളെ വധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. തിരച്ചിലിനിടെ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കീഴടങ്ങാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്ഭീകരര് കൊല്ലപ്പെട്ടുവെന്ന് ശ്രീനഗര്‍ പോലീസ് വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ ലഷ്കര്ഉന്നത കമാന്‍ഡറും പാക് പൗരനുമായ സൈഫുള്ളയും മറ്റൊരാള്‍ പുല്‍വാമ നിവാസിയായ ഇര്‍ഷാദ് അഹമ്മദ് ദാര്‍ എന്ന അബു ഉസാമയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2019 മുതല്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും നിരവധി ആക്രമണങ്ങളില്‍ പങ്കാളികളാകുകയും ചെയ്തയാളാണ് അബു ഉസാമ. ഒരാഴ്ചയ്ക്കിടയില് മാത്രം കശ്മീര്‍ താഴ്വരയില് നാല് വ്യത്യസ്ത ഏറ്റുമുട്ടലിലും ആക്രമണത്തിലുമായി 10 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇന്ന് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതോടെ ഈ വര്‍ഷം ശ്രീനഗറില്‍ മാത്രം കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 18 ആയി.