INSIGHT

ഷോക്കേറ്റു കേരളം, വൈദ്യുത ബില്ലില്‍ ഇരുട്ടടിയോ?

സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നട്ടം തിരിഞ്ഞ മലയാളിക്കുമേല്‍ ഷോക്കടിച്ചപോലെയാണ് വൈദ്യുത ബില്ലെത്തിയത്. ഇതുവരെയും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ഭീമമായ തുക ഓരോ ബില്ലിലും ഉണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രധിസന്ധികള്‍ക്കു മുകളില്‍ വൈദ്യുതബില്ലും ഒരു ചോദ്യചിഹ്നമായി. ബില്ലിലുണ്ടായ വന്‍ വര്‍ധനയ്ക്കു കാരണമെന്തന്നറിയാതെ സര്‍ക്കാരിന്റെ പോക്കറ്റടിയായാണ് പലരും ഇതിനെ വിലയിരുത്തിയത്. മണിയന്‍പിള്ള രാജു അടക്കം പല പ്രമുഖരും മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.


എന്തുകൊണ്ട് വൈദ്യുത ബില്ലില്‍ ഇത്ര വര്‍ധനവുണ്ടായത്?

ലോക്ഡൗണ്‍ കാലം മലയാളിക്ക് ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും കാലം കൂടിയായിരുന്നു. വീട്ടില്‍ മാത്രമായി ജീവിതം ഒതുങ്ങിയപ്പോള്‍ വൈദ്യുത ഉപയോഗവും സ്വാഭാവികമായി വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളിലും മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങളാണ് നമ്മുടെ വൈദ്യുത ഉപയോഗം ഏറ്റവും അധികമായിട്ടുള്ളത്. ചൂടുകൂടിയ കാലാവസ്ഥ അതിനൊരു കാരണമാണ്. മറ്റൊന്ന് നമ്മുടെ വൈദ്യുത ബില്ലില്‍ വന്ന മാറ്റമാണ്. മാര്‍ച്ചു 24-നു ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ വൈദ്യുതി റീഡിങ് കൃത്യമായി എടുത്തിരുന്നില്ല. 70 ദിവസങ്ങള്‍ക്കു ശേഷമാണ് കൃത്യമായ വൈദ്യുത ബില്ല് നമ്മുടെ കൈയ്യിലെത്തി തുടങ്ങയത്.ജീവനക്കാരുടെ സുരക്ഷയെ കരുതിയും ബില്‍ തുകയടയ്ക്കാന്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് കെ.എസ്.ഇ.ബി അത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ചെയര്‍മാന്‍ എന്‍.എസ് പിള്ള അഭിപ്രായപ്പെട്ടു. ഈ കാലയളവിനെ കേന്ദ്ര ഇലക്ട്രിസിറ്റി നിയമത്തിലെ ഡോര്‍ ലോക്ക്ട് അഥവാ അടഞ്ഞ വാതില്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് വൈദ്യുത ബില്ല് നിശ്ചയിച്ചത്.

എന്താണ് ഡോര്‍ലോക്ക്ട് അഥവാ അടഞ്ഞ വാതില്‍
കൃത്യമായ ഇടവേളകളില്‍ കറന്റ് ചാര്‍ജ് ഈടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ കാലയളവിലെ വൈദ്യുതി ഉപയോഗത്തിന്റെ ശരാശരി കണ്ടെത്തി ചാര്‍ജ് ഈടാക്കുന്ന രീതിയാണ്. ലോക്ഡൗണ്‍കാലത്തും ഇതേ രീതിയാണ് കെഎസ്ഇബി പിന്തുടര്‍ന്നത്.
ഉപയോക്്താവിനു നിശ്ചിതതുകയാണ് ഓരോ യൂണിറ്റിനും നല്‍കേണ്ടി വരുക.നിശ്ചിത ഉപയോഗത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിനു അധിക താരിഫ് ഈടാക്കുകയും ചെയ്യും. വൈദ്യുത ഉപയോഗം കൂടുന്നതിനനുസരിച്ച് ഇതില്‍ മാറ്റം വരും. ഇരുനൂറ്റിയമ്പതു യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ ഓരോ യൂണിറ്റിനും പ്രത്യേക ചാര്‍ജും ഈടാക്കപ്പെടും. ടെലിസ്‌കോപ്പിക് ചാര്‍ജിംഗ് രീതിയാണിത്.

ടെലിസ്‌കോപ്പിക് ചാര്‍ജിംഗ്
ഒരു മാസം നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് 250 യൂണിറ്റിനു മുകളിലായാല്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും ഓരോ 50 യൂണിറ്റുനു വീതവും തുക കൂടുന്ന രീതിയിലാണ് ഇതു കണക്കാക്കുന്നത്. ഇരുനൂറ്റിയമ്പതിനു മുകളിലുള്ള ആദ്യ അമ്പതു യൂണിറ്റിനു 3.15 രൂപ നിരക്കിലും അടുത്ത അമ്പതിനു 3.70 രൂപ നിരക്കിലും ചാര്‍ജ് ഈടാക്കപ്പെടും. ഇതിന്‍ പ്രകാരമാണ് നാം ഓരോരത്തരും വൈദ്യുത ബില്ല് ഇത്തവണ കൈപ്പറ്റിയത്.

കെ.എസ്.ഇ.ബിയുടെ പകല്‍ക്കൊള്ള എന്നു പറഞ്ഞവരാരും ബില്ലിങ്ങിലെ ഈ മാറ്റത്തെ കുറിച്ച് അറിഞ്ഞതുമില്ല. വിവാദങ്ങള്‍ക്കു ശേഷം മാത്രമാണ് വൈദ്യുത ബോര്‍ഡും ജനങ്ങള്‍ക്കു ഇത്തരമൊരു വിശദീകരണം നല്‍കാന്‍ തയ്യാറായത്. ദീര്‍ഘകാലം കൂടി വൈദ്യുതി റീഡിംഗ് എടുത്തതിനാല്‍ അധിക വൈദ്യുത ഉപയോഗമാണ് നമ്മുടെ ഉപയോഗത്തില്‍ വന്നത്. അതും അധിക തുക ബില്ലില്‍ വരുന്നതിനു കാരണമായി.
കോവിഡ് കാലത്ത് കെ.എസ്.ഇ.ബി ജനങ്ങളെ വഞ്ചിച്ചോ? ഇല്ല എന്നു തന്നെ പറയാം. കേരള ഇലക്ട്രിസിറ്റി സപ്ലെകോഡിലെ ചട്ട പ്രകാരം വൈദ്യുതി കണക്ഷന്‍ ആവശ്യപ്പെടുന്ന ഏതൊരു വ്യക്തിയില്‍ നിന്നും വിതരണം ചെയ്യുന്ന വൈദ്യുതിക്ക് കരുതല്‍ നിക്ഷേപം ആവശ്യപ്പെടാവുന്നതാണ്. ദ്വൈമാസ ഉപയോക്താക്കള്‍ക്കു മൂന്നു മാസത്തെ എനര്‍ജി ചാര്‍ജിനു തുല്യമായ തുകയും മാസം തോറും ബില്ലടയ്ക്കുന്ന ഉപയോക്താവില്‍ നിന്നും രണ്ടു മാസത്തെ ചാര്‍ജിനു തുല്യമായ തുകയുമാണ് കരുതല്‍ ധനമായി സ്വീകരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം കോവിഡ് കാലത്തെ ഉപയോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് കെഎസ്ഇബി കരുതല്‍ നിക്ഷേപം ഈടാക്കിയിട്ടില്ല. വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുത ബില്ലില്‍ ഫിക്‌സഡ് ചാര്‍ജിന്റെ 25% ഇളവും നല്‍കും. ഇതു കൂടാതെ 2020 ഏപ്രില്‍, മെയ്, ജൂണ്‍, മാസങ്ങളില്‍ ലഭിച്ച ബില്ലില്‍ തല്‍ക്കാലം പകുതിയൊ അതിലധികമോ മാത്രം അടയ്ക്കാനുള്ള സാവകാശവും കെ.എസ്.ഇ.ബി നല്‍കുന്നുണ്ട്. ബാക്കി തുക രണ്ടു തവണകളായും അടയ്ക്കാനുള്ള സൗകര്യമുണ്ട്.
ചുരുക്കത്തില്‍ വൈദ്യുത ബില്ലിംഗില്‍ സംഭവിച്ച കാലതാമസവും അതില്‍ ഉണ്ടായ മാറ്റങ്ങള്‍ അറിയാതിരുന്നതും വര്‍ദ്ധിച്ച ഈ ബില്‍ തുകയ്ക്കു കാരണമായി. സാധരണ ഉപഭോക്താവിനു വ്യക്തമാകുന്ന വിശദീകരണം ആദ്യമേ നല്‍കാന്‍ വൈദ്യുത ബോര്‍ഡും അതിന്റെ അധികാരികളും താല്‍പര്യം കാണിച്ചില്ല. ഈ അവ്യക്തതയാണ് ഇത്തവണത്തെ വൈദ്യുത ബില്ലില്‍ സംഭവിച്ചതെന്നു പറയാം.

Tags
Show More

Related Articles

Back to top button
Close