KERALANEWS

ഷോണ്‍ -കാപ്പന്‍ കൂടിക്കാഴ്ച ;കാപ്പന്‍ യുഡിഎഫ് തട്ടകത്തിലേക്കോ?

കോട്ടയം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതു മുന്നണി പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പില്‍ യാതൊരു ചലനവും സൃഷ്ടിക്കില്ലെന്നായിരുന്നു യുഡിഎഫ് അവകാശപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ യുഡിഎഫ് ക്യാമ്പ് ഒന്നടങ്കം ഞെട്ടി.അവരുടെ കണക്ക് കൂട്ടലുകളെല്ലാം പിഴച്ചു. ജോസിന്റെ കൂട്ടുകെട്ടിന്റെ കൂടി പിന്‍ബലത്തില്‍ തിരഞ്ഞെടുപ്പ് ഇടതുമുന്നണി തൂത്തുവാരി.യുഡിഎഫ് തകര്‍ന്നടിയുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണ് ഇടതുമുന്നണി. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതിനെ പൂട്ടാനുള്ള ചില നിര്‍ണായക നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും എന്‍സിപി നേതാവ് മാണി സി കാപ്പനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പോടെ കണക്ക് കൂട്ടലുകളെല്ലാം വിജയിച്ച നിലയിലാണ് ജോസ് കെ മാണിയും കൂട്ടരും. തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടി മുന്നണിയില്‍ വിലപേശല്‍ ശക്തി കൂട്ടുക ,ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു ജോസിന്റെ ലക്ഷ്യം. അഭിമനാപ്പോരാട്ടത്തിന് വഴിയൊരുങ്ങിയ കോട്ടയം ജില്ലാ പഞ്ചായത്തും തന്റെ തട്ടകമായ പാലാ നഗരസഭയും പിടിച്ചെടുത്തതോടെ ജോസ് തന്റെ ലക്ഷ്യം വിജയിച്ചു.

ജില്ലാ പഞ്ചായത്തും നഗരസഭയും മാത്രമല്ല,കോട്ടയം ജില്ലയില്‍ ഒന്നടങ്കമുള്ള ഇടതുമുന്നണിയുടെ വിജയത്തിലെ നിര്‍ണായക സ്വാധീന ശക്തിയാകാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ അടക്കമുള്ള കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങുകയാണ് ജോസ് വിഭാഗം.
എന്‍സിപിയുടെ സിറ്റിംഗ് സീറ്റായ പാലായില്‍ ജോസ് കെ മാണിക്ക് മറ്റൊരിപ്രായമില്ല.പാലായെന്നത് ജോസിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. മണ്ഡലത്തില്‍ വിജയിച്ച് തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിക്കാനാണ് ജോസ് ഒരുങ്ങുന്നത്.
അതേ സമയം പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് എന്‍സിപി.
നിലവിലെ സാഹചര്യത്തില്‍ എന്‍സിപിയുടെ എതിര്‍പ്പുകളൊന്നും വിലപ്പോകില്ല.പാലാ ഏറ്റെടുത്ത് മറ്റെന്തെങ്കിലും ഫോര്‍മുല കാപ്പനും എന്‍സിപിക്കും മുന്നില്‍ വെയ്ക്കാനാകും എല്‍ഡിഎഫ് ഇനി ആലോചിക്കുന്നത്. പാലാ സീറ്റിന്റെ പേരില്‍ ഉടക്കി കാപ്പനും കൂട്ടരും മുന്നണി വിട്ടാലും അത് നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ആ സാഹചര്യമുണ്ടായാല്‍ കാപ്പനും കൂട്ടരും എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫിലേക്ക് ചേക്കാറാന്‍ ചില കക്ഷികള്‍ ശ്രമിച്ചിരുന്നു. അതിന് ശക്തി പകരുന്നതാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും മാണി സി കാപ്പനും തമ്മിലുള്ള കൂടിക്കാഴ്ച.കാപ്പന്റെ വസതിയിലെത്തിയായിരുന്നു ഷോണ്‍ കാപ്പനെ കണ്ടത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് ഷോണ്‍ ജോര്‍ജ് മികച്ച് വിജയമാണ് നേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഷോണ്‍ അട്ടിമറി വിജയം നേടിയത്.
അതേസമയം പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ആയതിനാല്‍ മാണി സി കാപ്പന്റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളില്‍ എംഎല്‍എയ്ക്ക് എല്ലാ പിന്തുണയും അറിയുക്കുവാനുമാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നാണ് ഷോണ്‍ ജോര്‍ജ്ജ് വിശദീകരിച്ചത്.
മേച്ചാല്‍-നെല്ലാപാറ-മൂന്നിലവ് റോഡ്, മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡ്, തീക്കോയി-ചാമപാറ-വെള്ളാനി റോഡ്, തീക്കോയി-തലനാട് റോഡ് ഉള്‍പ്പടെ റോഡുകളുടെ നവീകരണത്തെ സംബന്ധിച്ച് എം. എല്‍. എയുമായി ചര്‍ച്ച നടത്തി. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ നേരിടുന്ന് ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും ഷോണ്‍ പറഞ്ഞു.
അതേസമയം നിയമസഭയ്ക്ക് മുന്‍പ് യുഡിഎഫിലെത്താന്‍ ചരട് വലി നടത്തുന്ന ജോര്‍ജിന്റെ നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം ഉറ്റുനോക്കപ്പെടുന്നത്. ജോസുമായി ഇടഞ്ഞ് നില്‍ക്കുന്ന കാപ്പനെ മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് നേതൃത്വം നടത്തുന്നുണ്ട്. കാപ്പനെ പരസ്യമായി ക്ഷണിച്ച് നേതൃത്വം രംഗത്തെത്തിയിരുന്നു.
കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കാപ്പനെ മുന്നണിയിലെത്തിക്കാനായാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച ജോര്‍ജ്ജിന്റെ നിലപാടുകളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണാകമാകും.
ഈ സാഹചര്യത്തില്‍ കോട്ടയം ഉള്‍പ്പെടെയുള്ള മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പിസിയുടെ ജനപക്ഷത്തെ ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് തയ്യാറായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close