Breaking NewsKERALANEWSTop News

ഷോപ്പിം​ഗ് മാൾ തുടങ്ങാനെത്തിയ പ്രവാസിയെ തൂക്കി ചുവരിലടിക്കും എന്ന് സിഐടിയു; 29 വർഷം ​ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കേരളത്തിൽ നിക്ഷേപിക്കാനെത്തിയ നസീറിന്റെ ​ഗതി ഇങ്ങനെ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കഴക്കൂട്ടത്ത് ഷോപ്പിം​ഗ് മാൾ നിർമ്മാണം ആരംഭിച്ച പ്രവാസിയെ വിരട്ടിയോടിക്കാൻ സിഐടിയു തൊഴിലാളികൾ ശ്രമിക്കുന്നെന്ന് പരാതി. കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന നസീറാണ് പരാതിയുമായി രം​ഗത്തെത്തിയത്. കെട്ടിട നിർമ്മാണ സാമ​ഗ്രികൾ ഇറക്കാൻ പോലും ഇവർ സമ്മതിക്കുന്നില്ല എന്നാണ് നസീർ പറയുന്നത്. ലോഡ് ഇറക്കാൻ അമിത കൂലി ആവശ്യപ്പെടുകയും തന്നെ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയുമാണ് തൊഴിലാളികൾ എന്നാണ് ഇദ്ദേഹം പറയുന്നത്. നസീറിനെ തൂക്കി ചുവരിലടിക്കും എന്ന ഭീഷണിയും ചില തൊഴിലാളികളുടെ ഭാ​ഗത്ത് നിന്നുണ്ടായി എന്നും ആരോപണമുണ്ട്.

29 വർഷം ഗൾഫിൽ ജോലി ചെയ്ത നസീർ നാട്ടിലുള്ള ഏതാനും പേർക്ക് ജോലി ലഭിക്കട്ടെ എന്ന ഉദ്ദേശത്തിലാണ് കഴക്കൂട്ടത്ത് എട്ട് കോടി ചെലവിൽ ഷോപ്പിങ് മാൾ നിർമിക്കാൻ തുടങ്ങിയത്. ഇതുവരെ മൂന്നര കോടിയോളം രൂപ മുതൽ മുടക്കുകയും ചെയ്തു. മുതൽ മുടക്കിയ പണത്തിന്റെ നല്ലൊരു ഭാഗവും ലോൺ എടുത്തതാണെന്നും നസീർ പറയുന്നു. പണി ആരംഭിച്ചതോടെയാണ് സ്ഥലത്തെ സിഐടിയുക്കാർ പ്രശ്നവുമായി എത്തിയത്. ലോഡിറക്കുന്നത് സംബന്ധിച്ച് തുടങ്ങിയ വിഷയങ്ങൾ ഇപ്പോൾ തന്റെ സ്വപ്ന പദ്ധതി നിർത്തി വെക്കേണ്ട അവസ്ഥയിലാണ് എത്തിച്ചതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.

കെട്ടിട നിർമാണത്തിനായി കഴിഞ്ഞ ദിവസം മിനി ലോറിയിൽ 600 ഷീറ്റുകൾ കൊണ്ടുവന്ന് ഷോപ്പിങ് മാളിനുള്ളിൽ ഇറക്കുവാൻ ശ്രമിക്കുമ്പോൾ തൊഴിലാളികൾ എത്തി ഷീറ്റ് ഒന്നിന് 21 രൂപ വച്ച് വേണുമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ലോറി തടഞ്ഞിടുകയും ചെയ്തതായി കഴക്കൂട്ടം ലേബർ ഓഫിസർക്കും ക്ഷേമ നിധി ബോർഡിനും പരാതി നൽകിയിരുന്നു. തനിക്കു നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി കഴക്കൂട്ടം പൊലീസിനും തൊഴിലാളി ക്ഷേമനിധി ബോർഡിനും ലേബർ ഓഫിസർക്കും പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു. താൻ മുതൽ മുടക്കിയ പണവും ഭൂമിയുടെ പണവും തരാൻ സർക്കാർ മുന്നോട്ട് വന്നാൽ പദ്ധതി ഉപേക്ഷിക്കാൻ പോലും തയാറാണെന്ന് നസീർ പറയുന്നു.

തൊഴിലാളികൾ നസീറിനോട് അപമര്യാദയായി പെരുമാറി എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു തൊഴിലാളിയുടെ പേരിൽ അച്ചടക്ക നടപടി എടുത്തു എന്നും മറ്റു തൊഴിലാളികളെ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടെന്നും കഴക്കൂട്ടം ലേബർ ഓഫിസർ കെ.വി. ഹരികുമാർ അറിയിച്ചു. പൊലീസിനു ലഭിച്ച പരാതി അന്വേഷിക്കുന്നതായി കഴക്കൂട്ടം പൊലീസും അറിയിച്ചു. പ്രവാസിയുടെ സംരംഭത്തെ തടസ്സപ്പെടുത്താൻ തൊഴിലാളികൾ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ 13-തിയതി ലേബർ കമ്മിഷണറുടെയും ജില്ലാ ലേബർ ഓഫിസറുടെയും സാന്നിധ്യത്തിൽ നസീറിനെയും തൊഴിലാളികളെയും ചർച്ചക്കു വിളിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close