CULTURALINDIANEWSTrending

സംഗീത സൂര്യന്‍ മാഞ്ഞു

ആന്ധ്രയില്‍ നിന്ന് ചെന്നൈയില്‍ ടി.നഗറിലെ കോളേജില്‍ എന്‍ജിനിയറിങ് പഠിക്കാന്‍ വന്ന നാണംകുണിങ്ങിയായ കൗമാരക്കാരന്‍. ശാസ്ത്രീയമായി സംഗീതമൊന്നും പഠിച്ചിട്ടില്ലെങ്കിലും അവന് സംഗീതം ശ്വാസം പോലെ ജീവനോട് ചേര്‍്ന്ന വികാരം തന്നെയായിരുന്നു. കൃത്യമായി വഴങ്ങാത്ത തമിഴ്ഭാഷയില്‍ സാക്ഷാല്‍ എംഎസ് വിശ്വനാഥനു മുന്നില്‍ കുഴങ്ങി നിന്നു. തമിഴ് ശരിയായ ഉച്ചരിക്കുന്നില്ലെന്നും തമിഴ് പടിച്ചിട്ട് പാട്ടുപാടന്‍ പറഞ്ഞയച്ച ആ യുവാവിന് പിന്നീട് തെന്നിന്ത്യന്‍ സംഗീത പ്രേമികളുടെ തന്നെ വികാരമായി മാറി. ഹരികഥാ കലാകാരനായിരുന്ന എസ്. പി. സംബമൂര്‍ത്തിയുടെ മകന്‍ ശീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ് പി ബാലസുബ്രഹ്‌മണ്യത്തിന് സംഗീതത്തിനപ്പുറം ജീവിതം ആലോചിക്കാനെ കഴിയുമായിരുന്നില്ല. ജീവിതത്തിലെന്നപോലെ മരണത്തിന് മുന്നിലും പോരാടി തന്നെ വിടപറയുമ്പോള്‍ അദ്ദേഹം ബാക്കിയാക്കുന്നത് ഒരിക്കലും മരിക്കാത്ത കുറേ സംഗീത ശില്പങ്ങളാണ്. ഗാനാലാപനത്തിനപ്പുറം സംഗീത സംവിധാനത്തിലും അഭിനയത്തിലുമെല്ലാം അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു.

വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടി നാലു പതിറ്റാണ്ടായി ബാലുവെന്ന എസ്.പി. ബാലസുബ്രഹ്‌മണ്യം അജയ്യനായി. ഗായകന്‍ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ക്രെഡിറ്റും നേടി. ഒരു ദിവസം 17 പാട്ടുകള്‍ വരെ പാടി റിക്കാര്‍ഡുചെയ്ത് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചു. ശാസ്ത്രീയ സംഗീതത്തില്‍ പ്രത്യേക വ്യുത്പത്തി നേടാതെയാണ് എസ്.പി.സംഗീത രംഗത്ത് വെന്നിക്കൊടി പാറിച്ചത്. ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്.പി. ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും നേടി. കെ. ബാലചന്ദ്രന്‍ സംവിധാനംചെയ്ത ‘ഏക് ദുജേ കേലിയേ’ എന്ന ചിത്രത്തിലൂടെയാണ് എസ്.പി. ഹിന്ദിയിലെത്തിയത്. ഈ ഹിന്ദി ചിത്രത്തിലെ പാട്ടുകളിലൂടെ 1981ല്‍ വീണ്ടും ദേശീയ അവാര്‍ഡു നേടി. ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും ഇത്രയധികം ഗാനമേളകള്‍ നടത്തിയ വേറൊരു ഗായകനുണ്ടാവില്ല. യേശുദാസിനെപ്പോലെ നാലു പതിറ്റാണ്ടുകള്‍ സിനിമാരംഗത്തെ മുടിചൂടാമന്നനായി നില്‍ക്കാന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിനു കഴിഞ്ഞു. സംഗീത സംവിധായകന്‍തെലുങ്കു സംവിധായകന്‍ ദാസരി നാരായണ റാവുവിന്റെ ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെയാണ് എസ്.പി.ആദ്യമായി സംഗീത സംവിധായകനാകുന്നത്. ആ പാട്ടുകള്‍ ഹിറ്റായതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരനായി എസ്.പി.മാറി. സുധാചന്ദ്രന്‍ അഭിനയിച്ച് വന്‍ ഹിറ്റായ ‘മയൂരി’ യുടെ ഗാനങ്ങള്‍ സംഗീതസംവിധാനം ചെയ്തതും ഇദ്ദേഹമാണ്. തമിഴില്‍ ശ്രീധര്‍ സംവിധാനംചെയ്ത രജനീകാന്തിന്റെ ‘തുടിക്കും കരങ്ങള്‍’ ഉള്‍പ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി 45 പടങ്ങളുടെ സംഗീത സംവിധായകനായി.നടന്‍തമിഴില്‍ ‘കേളടി കണ്‍മണി’ എന്ന ചിത്രത്തില്‍ കഥാനായകനായിട്ടാണ് എസ്.പി.അഭിനയ രംഗത്തും തുടക്കമിട്ടത്. രാധികയായിരുന്നു ഇതില്‍ നായിക. ശങ്കര്‍ നിര്‍മിച്ച ‘കാതലന്‍’ എന്ന ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. ശിഖരം, ഗുണ, തലൈവാസല്‍, പാട്ടുപാടവ, മാജിക് മാജിക് എന്നിവ കൂടാതെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു.ഡബ്ബിങ്പാട്ടുകാരന്‍, സംഗീത സംവിധായകന്‍, അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൂടിയാണ് എസ്.പി. രജനീകാന്ത്, കമലാഹാസന്‍ എന്നിവരുടെ ചിത്രങ്ങള്‍ തെലുങ്കില്‍ മൊഴിമാറ്റം നടത്തുമ്പോള്‍ ഈ താരങ്ങള്‍ക്കു ശബ്ദം നല്‍കുന്നത് ഇദ്ദേഹമാണ്. ഇതോടൊപ്പം നിരവധി തെലുങ്കുചിത്രങ്ങളിലും ഡബ്ബുചെയ്തിട്ടുള്ള എസ്.പി. ഏറ്റവും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള ആന്ധ്രസര്‍ക്കാറിന്റെ അവാര്‍ഡും നേടി.മലയാളത്തില്‍കടല്‍പ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും…’ എന്ന ഗാനം ഓര്‍ക്കുന്നില്ലേ. എസ്.പി. യുടെ ആദ്യമലയാളഗാനമാണിത്. റാംജിറാവു സ്പീക്കിങ്ങിലെ ‘കളിക്കളം….’ എന്നതാണ് എസ്.പി. യുടെ മറ്റൊരു മലയാളഗാനം.
ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക. നാലുപതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഗാനരംഗത്തു നില്ക്കുക. പാട്ടുപാടുന്നതില്‍ റെക്കോഡു സൃഷ്ടിക്കുക.

പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക ഇതൊക്കെ ചെയ്തിട്ടുള്ള എസ്.പി. ഒരു പാട്ടുകാരന്‍ ജീവിതത്തില്‍ സൂക്ഷിക്കേണ്ട നിഷ്ടകളൊന്നുമില്ലാതെയാണ് ജീവിച്ചത്. ശബ്ദം കാത്തുസൂക്ഷിക്കുന്നതിനുള്ള നിഷ്ടകള്‍, ആഹാരത്തിലുള്ള പഥ്യം, തണുത്ത ആഹാരം ഒഴിവാക്കാന്‍ ഇതൊന്നും നോക്കാതെയുള്ള പ്രകൃതം മറ്റുള്ളവരെ അതിശയപ്പെടുത്തുന്നതാണ്. അതിനെപ്പറ്റി എസ്.പി.ബാലസുബ്രമണ്യം തന്നെ പറയുന്നത് ഇങ്ങനെയാണ്.”തൊഴില്‍ എനിക്കു ദൈവം പോലെ എന്നുവെച്ച് ജീവിതം എനിക്കു പ്രധാനമാണ്. ജീവിതത്തില്‍ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞാന്‍ ശബ്ദം സൂക്ഷിക്കാന്‍ പ്രത്യേകമായി ഒന്നും ചെയ്യാറില്ല. ഐസ്‌ക്രിം, ഐസ്വാട്ടര്‍, മധുരപലഹാരങ്ങള്‍ ഇതെല്ലാം കഴിക്കും. തണുപ്പത്ത് മഫ്‌ലര്‍ ചുറ്റാനോ ഒന്നും പോകാറില്ല. ഇതൊക്കെ വേണമെന്ന് എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. സഹപ്രവര്‍ത്തകര്‍ ഉപദേശിക്കാറുണ്ട്. എങ്കിലും തൊഴിലിനുവേണ്ടി സ്വകാര്യ ജീവിത സന്തോഷങ്ങളെ മാറ്റി നിറുത്താന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഇങ്ങനെയെല്ലാം ചിട്ടകള്‍ പാലിച്ചാല്‍ കൂടുതല്‍ കാലം ശബ്ദം സൂക്ഷിക്കാന്‍ പറ്റുമായിരിക്കാം. എന്നാല്‍ എന്റെ രീതി മറ്റൊന്നാണ്. ഈ തൊഴിലും ജീവിതവും കൊണ്ട് ഞാന്‍ പൂര്‍ണസംതൃപ്തനാണ്. ഞാനിങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല. അവര്‍ ശബ്ദം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതുതന്നെ. അതില്‍ എന്നെ ഒരിക്കലും മാതൃകയാക്കണ്ട. എന്‍േറത് ഒരു പ്രത്യേകസൃഷ്ടിയാണെന്നു മാത്രം വിചാരിച്ചാമതി.” ജീവിതത്തിലും തൊഴിലിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയ കുലപതിയാണ് ആ മനുഷ്യന്‍ എന്ന് തെളിയിക്കുന്നതാണ് ഈ വാക്കുകള്‍.

ജീവനും ജീവിതവും സംഗീതം മാത്രമായിരുന്ന ആ മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ എന്നെന്നും ആ ഓര്‍മ നിലനില്‍ക്കാന്‍ ഒരു പിടി നല്ല ഗാനങ്ങളുമുണ്ട്. മണ്ണില്‍ ഇന്ത കാതല്‍ (കേളടി കണ്‍മണി), ഇളയനിലാ പൊഴികിറതേ… (പയനങ്കള്‍ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം- ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാര്‍, നെഞ്ചേ നെഞ്ചേ (രക്ഷകന്‍), മലരേ മൗനമാ (കര്‍ണാ), കാതല്‍ റോജാവേ (റോജാ), സുന്ദരി കണ്ണാല്‍ ഒരു സെയ്തി (ദളപതി) തുടങ്ങിയ നിത്യഹരിത ഗാനങ്ങളിലൂടെ എസ് പി ബി എന്നും ജന ഹൃദയങ്ങളില്‍ ജീവിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close