KERALANEWS

സംവിധായകന്‍ സച്ചി വിടവാങ്ങി

തൃശൂര്‍: പ്രമുഖ സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന സച്ചിദാനന്ദന്‍ വിടവാങ്ങി. നടുവേദനയെ തുടര്‍ന്ന് വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ല് മാറ്റിവയ്ക്കുവന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഹ്യദയാഘാതമുണ്ടായി. നിലവഷളായതിനെ തുടര്‍ന്നു തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പരിശോധന നടത്തുമ്പോഴാണ് തലച്ചോറിലേക്ക് രക്തം എത്തുന്നില്ലെന്നു കണ്ടെത്തിയത്. കോമാ സ്റ്റേജില്‍ ആയതിനെ തുടര്‍ന്നു വേന്റിലേറ്ററിലേക്കു മാറ്റി. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച ന്യൂറോ ചികിത്സ ലഭ്യമാക്കുന്ന ബെംഗലൂരിലെ നിംസ് ആശുപത്രിയിലേക്കു മാറ്റാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാല്‍ സച്ചിയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതി കാണാതിരുന്നതിനെ തുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 10.30 നു വീണ്ടും ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്ന് മണിക്കു രവിപുരം ശ്മശാനത്തില്‍.
13 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന സച്ചി അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് സിനിമയിലെത്തുന്നത്.ചുരുങ്ങിയ നാള്‍ക്കൊണ്ട് തിരക്കഥാ രചനയിലും സംവിധാന മികവിലും തന്റേതായ ഭാവുകത്വ ശൈലി സൃഷ്ടിക്കാന്‍ സച്ചിക്കു കഴിഞ്ഞു. നാടകരംഗത്തും ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റില്‍ തിരക്കഥാകൃത്തായാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇക്കാലയളവിനിടയില്‍ പന്ത്രണ്ടു സിനിമകളാണ് സച്ചിയുടെ തൂലികയില്‍ പിറവികൊണ്ടത്. . ചേട്ടായീസ്, റണ്‍ ബേബി റണ്‍, രാമലീല, ഷേര്‍ലേക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നി സിനിമകളുടെ തിരക്കഥ നിര്‍മ്മിച്ചത് സച്ചിയാണ്. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ചോക്ലേറ്റ്, സീനിയേഴ്‌സ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ സച്ചി സേതു കൂട്ടുകെട്ടില്‍ പിറവി കൊണ്ടവയാണ്.
കൊടുങ്ങല്ലൂര്‍ കൂവക്കാട്ടില്‍ വീട്ടീല്‍ രാമകൃഷ്ണന്റേയും ദാക്ഷായണിയുടെയും മകനായി 1972-ല്‍ ആയിരുന്നു സച്ചിയുടെ ജനനം. മാല്യങ്കര എസ്.എന്‍.എം കോളേജിലും എറണാകുളം ലോ കോളേജിലുമായിരുന്നു പഠനം. 10 വര്‍ഷത്തോളം ഹൈക്കാടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സിജിയാണ് ഭാര്യ. ഹിറ്റുകളുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് സച്ചിയുടെ അപ്രതീക്ഷ വിടവാങ്ങല്‍.

Tags
Show More

Related Articles

Back to top button
Close