
തിരുവനന്തപുരം:വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അംഗീകാരം പുതുക്കി നല്കാന് അനുമതി.സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഈ മാസം മൂന്നാംവാരത്തില്‍ ആരംഭിക്കും.
ടിക്കറ്റിങ് സംവിധാനമുള്ള കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ തുറക്കും. നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിക്കാത്ത ബീച്ചുപോലുള്ള ടൂറിസംകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
ആദ്യഘട്ടത്തില്‍ പൂര്‍ണമായും നിയന്ത്രിത പ്രവര്‍ത്തനം ഉറപ്പാക്കാന്‍ കഴിയുന്ന മേഖലകള്‍ തുറന്നുനല്‍കുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സെപ്തംബറില്‍ത്തന്നെ സഞ്ചാരികളെ സ്വീകരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ വിനോദസഞ്ചാരമേഖല പൂര്‍ണമായും തുറക്കാനാകില്ല.
വിദേശ സഞ്ചാരികളെ എപ്പോള്‍ സ്വീകരിക്കാനാകുമെന്നതില്‍ പൊതുവായ ഒരു ധാരണയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി, ആവശ്യമായ മാറ്റങ്ങളോടെയുള്ള മടങ്ങിവരവാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.