KERALA

മണ്ണുത്തി സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷന്‍

പി.എസ്.ദേവരാജ്‌

തൃശ്ശൂര്‍:സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള മത്സരത്തില്‍ തൃശൂര്‍ സിറ്റി പോലീസ് ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഒന്നാം സ്ഥാനം നേടി. സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളിലെ ഗുണനിലവാരം, ശാസ്ത്ര-സാങ്കേതിക സൌകര്യങ്ങളുടെ ഉപയുക്തത, കേസന്വേഷണങ്ങളിലെ സമയബന്ധിത തീര്‍പ്പുകല്‍പ്പിക്കല്‍, പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനകത്തും പരിസരത്തുമുള്ള വൃത്തിയായ അന്തരീക്ഷം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പുരസ്‌കാര നിര്‍ണയത്തിന് അടിസ്ഥാനമാക്കിയത്. സംസ്ഥാനതലത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനും മണ്ണുത്തി പോലീസ് സ്റ്റേഷനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടിട്ടുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കും. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ മൂന്നാം സ്ഥാനം നേടി.
നേരത്തെ, ദേശീയ തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ മികച്ച പോലീസ് സ്റ്റേഷനുവേണ്ടിയുള്ള മത്സരത്തില്‍ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ട്രോഫി കരസ്ഥമാക്കിയ മണ്ണുത്തി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ ഐപിഎസ് അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close