KERALANEWS

സംസ്ഥാനത്തെ പ്രഥമ ഔട്ട്ഡോര്‍ എസ്‌കലേറ്റര്‍ മേല്‍പ്പാലം കോഴിക്കോട്

കോഴിക്കോട്: കേരളപ്പിറവിദിനത്തില്‍ കോഴിക്കോട്ടുകാര്‍ക്ക് സമ്മാനമായി സംസ്ഥാനത്തെ തന്നെ പ്രഥമ ഔട്ട്ഡോര്‍ എസ്‌കലേറ്റര്‍ മേല്‍പ്പാലം.രാജാജി റോഡില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള എസ്‌കലേറ്റര്‍ മേല്‍പ്പാലം പ്രവര്‍ത്തനമാരംഭിച്ചത്.കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീതിയില്ലാതെ സൗകര്യപ്രദമായി റോഡ് മുറിച്ചുകടക്കാനും രാജാജി റോഡില്‍ പതിവായുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഹായിക്കുന്നതാണ് 11.5കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ ഓവര്‍ബ്രിഡ്ജ് .

മേല്‍പ്പാലത്തിന്റെ ഇരുഭാഗങ്ങളിലും എസ്‌കലേറ്ററും ലിഫ്റ്റുമുണ്ട്. ആറരമീറ്റര്‍ ഉയരവും മൂന്നു മീറ്ററാണ് വീതിയും 25.37 മീറ്റര്‍ നീളവുമുള്ള മേല്‍പ്പാലത്തിന്റെ നടന്നുകയറാനുള്ള പടികള്‍ ഗ്രാനൈറ്റ് വിരിച്ചിട്ടുണ്ട്.ഈടുനില്‍ക്കുന്ന ഷീറ്റാണ് മേല്‍ക്കൂര നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ഗ്ലാസ് ഉപയോഗിച്ച് ഭിത്തികള്‍ നിര്‍മിച്ചിരിക്കുനന്തിനാല്‍ ഇരുഭാഗത്തേക്കും കാഴ്ച മറയാതെ വെളിച്ചം ലഭിക്കും.നടപ്പാലത്തില്‍ ഒരേ സമയം 300പേര്‍ക്കും ലിഫ്റ്റില്‍ ഒരു സമയം 13പേര്‍ക്കും കയറാനാകും. മണിക്കൂറില്‍ 11,700പേര്‍ക്ക് ഉപയോഗിക്കാവുന്ന വിധമാണ് എസ്‌കലേറ്റര്‍ ക്രമീകരിച്ചിരിക്കുന്നത്. കയറുന്നതിനു രണ്ടുസെറ്റ് യന്ത്രപ്പടികളും ഇറങ്ങുന്നതിന് രണ്ട്സെറ്റ് യന്ത്രപ്പടികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇരുവശങ്ങളിലുമായി 1,140 ചതുരശ്ര അടി സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു.ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തികരിച്ച മേല്‍പ്പാലത്തിലെ ലിഫ്റ്റിന്റെയും എസ്‌കലേറ്ററിന്റെയും വാര്‍ഷിക അറ്റകുറ്റപ്പണി അവ സ്ഥാപിച്ച സ്വകാര്യകമ്പനികള്‍ നേരിട്ടു നിര്‍വഹിക്കും. അഞ്ചുവര്‍ഷത്തേക്കാണ് ഇതുസംബന്ധിച്ച കരാര്‍. ഈ വര്‍ഷം ആദ്യത്തില്‍ മേല്‍പ്പാലം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് കാരണം പ്രവൃത്തി നീണ്ടുപോകുകയായിരുന്നു.കോഴിക്കോട്ടു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ഉദ്ഘാടനവും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close