സംസ്ഥാനത്ത് അതീവ ജാഗ്രത, പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകം

തിരുവനന്തപുരം: കോവിഡ് രോഗം അതിവേഗം സംസ്ഥാനത്തു പടരുന്നതായി സൂചന. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ രോഗബാധിതരേക്കാള്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം സംസ്ഥാനത്തു വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരാളില്‍നിന്ന് 120 പേര് പ്രാഥമിക സമ്പര്‍ക്കത്തിലും 150 പേര് ദ്വിതീയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 119 പേര് പോസീറ്റിവായി മാറിയ സാഹചര്യത്തില്‍ സമൂഹ വ്യാപന സാധ്യതയും തള്ളിക്കളയുന്നില്ല. പുറത്തുനിന്ന് ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് കര്‍ശനമായി തടയുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യും. കടല്‍ മാര്‍ഗം ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്യനാട് പഞ്ചായത്ത് പ്രത്യേക കണ്ടെയ്മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. കാരോട് പഞ്ചായത്തിലെ 14,15,16 വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.
പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 അംഗ ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്. അതേസമയം എറണാകുളം ജില്ലയും മുന്നറിയിപ്പില്ലാതെ അടച്ചിടേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. രോഗവ്യാപനം അതീവ വേഗത്തിലാണ്. സ്ഥിതി ഗുരുതരമാണ്. ട്രിപ്പില്‍ ലോക്ഡൗണ്സിലേക്ക് പോകേണ്ടിവന്നാല്‍ മുന്നറിയിപ്പ് നല്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവയിലാണ് രോഗ വ്യാപനം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. ആലുവ മാര്‍ക്കറ്റ്് ക്രേന്ദീകിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ചെല്ലാനം മത്സ്യബന്ധന മേഖല കേന്ദ്രീകരിച്ചും പരിശോധന നടത്തി വരുകയാണ്. ഇന്ന് മാര്‍ക്കറ്റില്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കണ്ടെയ്മെന്‍് സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന് പത്തനംതിട്ട നഗരസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.