KERALA

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരും; 15 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്ന് വര്‍ഷത്തിനുശേഷം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ബറ്റാലിയനില്‍ 1000 പേരുണ്ടാകും. ഇതില്‍ പകുതിയും വനിതകളാവും.

സംസ്ഥാനത്ത് പോലീസ് നിര്‍വ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പോലീസ് സബ്ബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും. നിലവില്‍ 60 സബ്ബ് ഡിവിഷനുകളാണുളളത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷനുകളും തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിലവില്‍ 14 പോലീസ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷനുകളുളളത്.

സംസ്ഥാനത്ത് 15 പോലീസ് ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളാക്കി മാറ്റും. നിലവില്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ഉളളത് തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളിലാണ്. ഇതോടെ 19 പോലീസ് ജില്ലകളിലും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വരും.

ഐ ജി റാങ്കിലുളള ഡയറക്ടറുടെ നേതൃത്വത്തില്‍ പോലീസില്‍ സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സോഷ്യല്‍ പോലീസിംഗ് വിഭാഗം നിലവില്‍ വരും. നിലവിലുളള കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങള്‍ക്ക് പുറമെയാണിത്. കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ പോലീസ് ജില്ലകള്‍ക്ക് രൂപം നല്‍കും. എല്ലാ പോലീസ് സ്റ്റേഷനുകളെയും സര്‍വ്വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ക്രമസമാധാന വിഭാഗം എ ഡി ജി പി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് കൃതജ്ഞത പറഞ്ഞു.
വര്‍ക്കല, പൊന്‍മുടി, കൊട്ടാരക്കര എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ മന്ത്രിമാരും എം.എല്‍.എ മാരും മറ്റ് ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ആധുനിക സംവിധാനങ്ങള്‍ ഉളള കെട്ടിടങ്ങളാണ് വര്‍ക്കല, പൊന്‍മുടി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരി മഠവും വിനോദ സഞ്ചാര കേന്ദ്രങ്ങളായ വര്‍ക്കല പാപനാശം ബീച്ചും അധികാര പരിധിയിലുളള വര്‍ക്കല പോലീസ് സ്റ്റേഷന്‍ 1922 ലാണ് സ്ഥാപിതമായത്. 7200 ചതുരശ്ര അടി വിസ്തൃതിയുളള കെട്ടിടം ശിശു, വനിതാ, ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയിലെ കെട്ടിടവും വര്‍ക്കലയിലേതുപോലെ തനത് കേരളീയ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്‌നോളജീസ് ഗ്രൂപ്പ് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കായി 2.80 കോടി രൂപ ചെലവാക്കി.

2011 ല്‍ കൊല്ലം റൂറല്‍ പോലീസ് ജില്ല രൂപീകരിച്ച ശേഷം പരിമിത സൗകര്യങ്ങള്‍ മാത്രമുളള കെട്ടിടങ്ങളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്. 2019-20 വര്‍ഷത്തെ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കൊട്ടാരക്കരയില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസിന് വേണ്ടി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചത്. ഐഷാ പോറ്റി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പോലീസ് നവീകരണത്തിനുളള കേന്ദ്ര ഫണ്ടില്‍ നിന്നുമാണ് കണ്‍ട്രോള്‍ റൂം നിര്‍മ്മാണത്തിനായി തുക കണ്ടെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close