തിരുവനതപുരം : സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി ഏഴുപേര്‍ക്ക് രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. എട്ടുജില്ലകള്‍ കോവിഡ് മുക്തമായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍,എറണാകുളം, കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,തിരുവന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്.ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 34,599 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 34,063 എണ്ണം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 6 ജില്ലകളില്‍ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍ ചികിത്സയിലുള്ളത്. പുതിയതായി ഹോട്ട്‌സ്‌പോട്ടുകള്‍ ഇല്ല നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും, ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ വരുന്നത്. നാട്ടിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തില്‍ കരുതലോടെയാണ് സംസ്ഥാനം ഇടപെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.