സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് മാത്രം കേരളത്തില്‍ 4 കൊവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ 3, കാസര്‍കോട് 1 എന്നാണ് കണക്കുകള്‍. രണ്ട് പേര് വിദേശത്ത് നിന്നും, രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര് ഇപിപോള്‍ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 20,255 പേരും, ആശുപത്രികളില്‍ 518 പേരുമാണുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 23,980. 23,277 എണ്ണം ഇതില്‍ രോഗബാധയില്ലാത്തതാണ് എന്നുറപ്പാക്കി. ഇടുക്കിയിലും കോട്ടയത്തും ഇന്ന് പുതിയ കേസുകളില്ല എന്നത് ആശ്വാസമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടിയവര്‍ എന്നിവരില്‍ നിന്ന് 885 സാമ്പിളുകള്‍ ശേഖരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 801 എണ്ണം നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. ഇതില്‍ 2,682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസള്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനഃപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കി. ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. ഇവിടെ 175 രോഗികളാണ് ഉണ്ടായിരുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 89 പേരെ ചികിത്സിച്ച് ഭേദമാക്കി. ഇവിടുത്തെ അവസാനത്തെ രോഗിയെയും ഇന്ന് വിട്ടയച്ചു. 200 പേരടങ്ങിയ അവിടുത്തെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കും. ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കും ബ്രേക് ദി ചെയിന്‍ പദ്ധതി വിജയമാണ്. എന്നാല്‍ മാസ്ക് ധരിക്കുന്ന കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണാനുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് ശീലമാക്കണം. അതില്‍ വലിയ അലംഭാവം കാണുന്നു. ഇനിയുള്ള നാളുകളില്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗം വരും. സ്കൂളുകളില്‍, യാത്രകളില്‍, ആള്ക്കാര് കൂടുന്ന ഇടങ്ങളില്‍ ഒക്കെ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. രണ്ട് ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും തിരക്കുണ്ട്. തിരുവനന്തപുരത്ത് തന്നെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാതെ ആള്‍ക്കൂട്ടം ഉണ്ടാകുന്നു. പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇക്കാര്യത്തില്‍ ഇടപെടണം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞ് ശരിയായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണം. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം ഉണ്ട്. ഏതൊക്കെ കടകള്‍ ഏത് സമയത്ത് തുറക്കണം എന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. വിരുദ്ധമായ രീതി ഇല്ലെന്ന് ഉറപ്പാക്കണം. മാനദണ്ഡങ്ങളില്‍ അവ്യക്തത ഉണ്ടെങ്കില്‍ വ്യക്തത വരുത്തും. ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിര്‍മ്മാര്‍ജ്ജനം ചെയ്യണം. നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഗൗരവം ഉള്‍ക്കൊണ്ട് നടപടിയെടുക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിര്‍വഹിക്കാന്‍ സാധിക്കില്ലെങ്കില്‍ അതിഥി തൊഴിലാളികളെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ക്ക് തൊഴില്‍ ഇല്ലാത്ത ഘട്ടത്തില്‍ ഈ രീതിയില്‍ തൊഴില്‍ ലഭിക്കുന്നത് സഹായകരമാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ പരിശോധിക്കും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവര്‍ത്തനം നടത്തുക. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തും. ഇടുക്കി അതിര്‍ത്തിയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ലോറികള്‍ നിര്‍ബാധം കടന്നുവരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും. ആളുകളും ഊടുവഴികളിലൂടെ കടന്നുവരുന്നു. ഇത് തടയാന്‍ പൊലീസ്, വനം , റവന്യു വകുപ്പുകള്‍ യോജിച്ച് ഒരു കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. വര്‍ക്കലയിലെ നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ വീട്ടില്‍ സഹായിക്കാന്‍ ആളില്ലാത്തതിനാലാണ് ആശുപത്രിയില്‍ പോയത്. ഇത് ഗൗരവത്തോടെ കാണുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. റബ്ബര്‍ കര്‍ഷകര്‍ക്ക് റെയിന്‍ ഗാര്‍ഡിങ് സാമഗ്രികള്‍ കിട്ടാത്തത് പരാതിയായിരുന്നു. ഇതിനാവശ്യമായ എല്ലാ സാമഗ്രികളും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്കി. മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളില്‍ രോഗികളുടെ വരവ് കൂടി. മെഡിക്കല്‍ കോളേജുകളില്‍ ഒപികളില്‍ തിരക്ക് വര്‍ധിച്ചു. നാം കാണേണ്ടത് ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങള്‍. അതുള്‍ക്കൊണ്ട് ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാന്‍ പ്രത്യേകം ഇടപെടണം. ആരോഗ്യവകുപ്പ് ഇത് ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും അശ്രദ്ധ ഉണ്ടാകരുത്.