തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്, എട്ട് പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്. ഇന്ന് സമ്പര്‍ക്കം മുലം രോഗ ബാധ ഉണ്ടായത് നാല് പേര്‍ക്കാണ്, ഇത് വരെ സംസ്ഥാനത്ത് 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ അയല്‍ സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20326 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21,334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
കണ്ണൂരില്‍ 2592 പേര്‍ നിരീക്ഷണത്തിലുണ്ട്. കാസര്‍കോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങള്‍ നിലവിലെ അതേ നിലയില്‍ തുടരും. നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇളവ് നല്‍കിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകള്‍ വന്നു. അതിനാല്‍ ഇവയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറ്റുന്നു.ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂണിറ്റായി എടുക്കും. ഇവ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനിസിപ്പല്‍ അതിര്‍ത്തിയില്‍ വാര്‍ഡുകളാണ് യൂണിറ്റ്. കോര്‍പ്പറേഷനുകളില്‍ ഡിവിഷനുകളാണ് യൂണിറ്റ്. ആ വാര്‍ഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ അടച്ചിടുക.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
