തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില്‍ ഒന്‍പത് പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. മലപ്പുറത്തെ രണ്ട് പേര്‍ക്കും കൊല്ലം പത്തനംതിട്ട ജില്ലകളില്‍ ഒരോരുത്തര്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് രോഗം സ്ഥിരീകരിച്ച ആറ് പേര്‍ വിദേശത്തു നിന്നും വന്നതാണ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ലഭിച്ചു. കൊവിഡ് രോഗം ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികള്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഔദ്യോഗികമായുള്ള വിവരങ്ങള്‍ വന്നാല്‍ മാത്രമേ വിദേശത്തെ മരണങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. അമേരിക്ക, യുകെ, യുഎഇ, സൌദി എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. കേരളത്തില്‍ കൊവിഡ് വൈറസ് ബാധ നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തില്‍ സ്ഥിതി വളരെ മോശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസം കൊണ്ടാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിതര്‍ക്കായി 200 കിടക്കകളും പത്ത് ഐസിയു കിടക്കകളും തയ്യാറാക്കി. 100 കിടക്കയും പത്ത് ഐസിയു കിടക്കകളും ഉടന്‍ സജ്ജമാക്കും. ഏഴ് കോടിയുടെ അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കെഎസ്ഇബി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
26 പേരുടെ വിദഗ്ദ്ധ സംഘം ആശുപത്രിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിനായി കാസര്‍കോടെത്തിയിട്ടുണ്ട്. 11 ഡോക്ടര്‍മാര്‍, 10 സ്റ്റാഫ് നഴ്‌സുമാര്‍, അഞ്ച് അസിസ്റ്റന്റ് നഴ്‌സുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. 1.25 ലക്ഷത്തോളം കിടക്കകള്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. പുറമെ പ്രത്യേക കൊറോണ കെയര്‍ സംവിധാനമുണ്ട്. പ്രതിരോധത്തിന് ത്രിതല സംവിധാനം തയ്യാറാക്കി. പതിനായിരത്തിലേറെ ഐസൊലേഷന്‍ കിടക്കകള്‍ ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്. 38 കൊറോണ കെയര്‍ ഹോസ്പിറ്റലുകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാപിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള മാനദണ്ഡം ഉടന്‍ നിശ്ചയിക്കും. 84.45 ശതമാനം പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ സൗജന്യ റേഷന്‍ കിട്ടി. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്.ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നു.
റേഷനുമായി ബന്ധപ്പെട്ട് അപൂര്‍വമായി ചില പരാതികള്‍ ഉയര്‍ന്നു. ചിലര്‍ റേഷന്‍ മോശമാണെന്ന പ്രചാരണവും നടത്തി. സമൂഹം ആദരിക്കുന്ന ചിലര്‍ ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം ഉദാഹരണം. റേഷന്‍ കടകളില്‍ എല്ലാ സാധനങ്ങളും ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ജില്ല മാറി റേഷന്‍ ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമസഭാ സമ്മേളനം പിരിഞ്ഞത് കൊവിഡ് പ്രതിരോധത്തിന് ഒറ്റക്കെട്ടായി ഇറങ്ങാനുള്ള തീരുമാനവുമായാണ്. എംഎല്‍എമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചര്‍ച്ച നടത്തിയത്. നിയമസഭാംഗങ്ങള്‍ കളക്ട്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തു. സഭാ സമ്മേളനത്തിന്റെ അതേ പ്രതീതിയായിരുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.
പ്രവാസ ലോകത്തെ കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. മലയാളി സമൂഹം ലോകമാകെ വ്യാപിച്ച് കിടക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളെ സഹായിക്കാന്‍ ഉത്തരവാദിത്തമുണ്ട്. കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അവര്‍ അറിയേണ്ടതുണ്ട്. പ്രധാന പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. 22 ലോകരാജ്യങ്ങളില്‍ നിന്ന് 30 പേര്‍ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക്, നിയന്ത്രണങ്ങള്‍ എന്നിവ പ്രവാസ ജീവിതത്തെ മാറ്റിമറിച്ചു. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടവ, എംബസി വഴി ചെയ്യേണ്ടവ എല്ലാം പ്രവാസികള്‍ ചൂണ്ടിക്കാട്ടി. എല്ലാ പ്രവാസികളുമായും നേരിട്ട് സംവദിക്കണമെന്നാണ് താത്പര്യം. പരമാവധി പേരെ പങ്കെടുപ്പിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും അവസരം ലഭിച്ചില്ല. ചിലരെ ഉള്‍പ്പെടുത്താനുമായില്ല. പ്രവാസികളുമായി കൂടുതല്‍ ചര്‍ച്ച നടത്തും. പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യും.
ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളില്‍ പഠനം നടക്കുന്നില്ല. എന്നാല്‍ ഫീസ് നല്‍കേണ്ടി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ മലയാളി മാനേജ്‌മെന്റുകളുമായി ഇക്കാര്യം സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവരോരുത്തരുമായി പ്രത്യേകം സംസാരിക്കും. എങ്കിലും പരസ്യ അഭ്യര്‍ത്ഥന നടത്തുന്നു. ഈ കാലം ദുര്‍ഘട കാലമാണ്. നേരത്തെ പ്രവാസികള്‍ സാമ്പത്തിക ശേഷിയുള്ളവരായിരുന്നു. ഇന്ന് ഒട്ടുമിക്ക ആളുകളും പ്രയാസം അനുഭവിക്കുന്നു. എല്ലായിടത്തും ഇത്തരം ഫീസടക്കല്‍ മാറ്റിവച്ചിരിക്കുകയാണ്. അത് മാനിച്ച് ഗള്‍ഫ് നാടുകളിലെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ ഫീസടക്കാന്‍ നിര്‍ബന്ധിക്കരുത്. അത് മാറ്റിവയ്ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 266 പേര്‍ ചികിത്സയിലെന്നും മുഖ്യമന്ത്രി
