Covid UpdatesKERALA

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 213 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കാസര്‍ഗോഡ് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 157253 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. വീടുകളില്‍ 156660 പേരും 623 പേര്‍ ആശുപത്രികളിലും കഴിയുന്നു. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു, 6031 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ​

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പ്രശ്നം പി.എസ്.സിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് പ്രകാരം 20​-03-2020ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം നീട്ടി ‍19-06-2020 വരെയാക്കാന്‍ പി.എസ്.സി തീരുമാതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18-06-2020ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്കും ‍19-06-2020 വരെയോ ഈ തസ്തികകള്‍ക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ, ഏതാണോ ആദ്യം അത് വരെ കാലാവധി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി 5178 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യ സുരക്ഷ, വൈദ്യ സഹായം എന്നിവയെല്ലാം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരിടത്തും അതിഥി തൊഴിലാകളികള്‍ പട്ടിണി കിടക്കുന്ന സാഹചര്യമില്ല. അവരുടെ ഭക്ഷണം വേണമെന്ന് പറഞ്ഞ​പ്പോള്‍ അതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ പോകണമെന്നാണ് അവരു​ടെ ആവശ്യം. എന്നാല്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പായിപ്പാട്ട് പെട്ടെന്ന് പ്രതിഷേധത്തിന് ഇറങ്ങിയതിന് പിന്നില്‍ ചില കുബുദ്ധികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നില്‍ ഒന്നോ അതിലഥിക​മോ സംഘമുണ്ട്. ഇത് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളെ മോശം സാഹചര്യത്തില്‍ താമസിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേര​ത്തെ ഇത് ജോലി കഴിഞ്ഞ് വിശ്രമിക്കാന്‍ ഒരു സ്ഥലം മതിയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് വൈദ്യ സഹായവും ക്യാംപുകളില്‍ വിനോദ സൗകര്യങ്ങളും ലഭ്യമാക്കും. അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ക്യാംപുകള്‍ സന്ദര്‍ശിച്ച് ഇവരുമായി ആശയ വിനിമയം നടത്തുന്നതിന് ഹിന്ദി അറിയാവുന്നവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിലൂടെ അവരുടെ സഹകരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദി, ബംഗാളി, ഒറിയ തുടങ്ങിയ ഭാഷകളിലുള്ള സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഠിനമായ കാലാവസ്ഥയിലും​ ​ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സായുധ സേനാ എ.ഡി.ജി.പിയെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പോലീസുകാരുടെ ജോലി സമയം, ആരോഗ്യം എന്നിവ നിരീക്ഷിക്കുന്നതിനുള്ള ചുമതല എ.ഡി.ജി.പിക്ക് ആയിരിക്കും. പോലീസുകാര്‍ക്ക് മാസ്ക്കുകള്‍, കൈയുറ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതും എ.ഡി.ജി.പി ആയിരിക്കും. സാഹചര്യം വിലയിരുത്തി കൈക്കൊള്ളേണ്ട പരിശോധനാ രീതിയെക്കുറിച്ച് പോലീസുകാര്‍ക്ക് ദിവസേന എസ്.എം.എസ് മുഖേന നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close