Breaking NewsCovid UpdatesKERALA

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവര്‍. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും മൂന്ന് പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്. ഇന്നത്തെ റിപ്പോര്‍ട്ടോടുകൂടി സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 345 ആയി. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വലിയ ആശ്വാസത്തിന്റെ ദിനങ്ങളാണ്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകള്‍ അവസാനിപ്പിച്ചു. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13 പേരുടെ ഫലം നെഗറ്റീവായി. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ വീതം. കണ്ണൂരില്‍ നിന്ന് ഒരാള്‍ക്ക് വീതം രോഗമില്ലെന്ന് കണ്ടെത്തി.ഇതുവരെ 345 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 259 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,40,470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 749 പേരാണ് ആശുപത്രികളില്‍. ബാക്കിയുള്ളവര്‍ വീടുകളില്‍. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് വരെ സാമ്പിളുകളയച്ചത് 11956 എണ്ണമാണ്. ഇതില്‍ 10906 എണ്ണത്തില്‍ രോഗബാധയില്ലെന്നുറപ്പാക്കി. നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് നമ്മുടെ സംസ്ഥാനത്ത് കണ്ടെത്തിയത്. ഇതില്‍ ഇന്നത്തെ രണ്ട് ഉള്‍പ്പടെ 15 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒപ്പം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനായി പുതുതായി 273 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായി. ഇതിന്റെ ആദ്യഘട്ടത്തില്‍ 300 കിടക്കകളോടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളില്‍ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.
അതേസമയം രോഗ വ്യാപനത്തിന്റെ സാഹചര്യം നിയന്ത്രിക്കാനായെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് അധികൃതരും വിലയിരുത്തുന്നത്. ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നതിനോട് യോചിപ്പില്ല. അതേ സമയം കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ഗ്രേഡ് 2 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് 99 പേരുടെ നിയമന ഉത്തരവുകള്‍ അയച്ചിട്ടുണ്ട്. ഇവര്‍ക്ക് അടിയന്തരനിയമനം നല്‍കും. പരിശോധനാ കിറ്റുകള്‍ 20,000 എണ്ണം ഐസിഎംആര്‍ വഴി നാളെ കിട്ടും.
ഇന്ന് 1940 ചരക്ക് ലോറികള്‍ സംസ്ഥാനത്തേക്ക് വന്നു. ഇന്നലത്തേില്‍ നിന്ന് കൂടി. അത്യാവശ്യഘട്ടം വന്നാല്‍ ഉപയോഗിക്കാനുള്ള കിടക്കകളും മുറികളും കണ്ടെത്തുന്നതില്‍ വലിയ പുരോഗതിയുണ്ട്. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1,73,000 കിടക്കകളില്‍ 1,10,000 ഇപ്പോള്‍ത്തന്നെ ഉപയോഗിക്കാവുന്നതാണ്. കാസര്‍കോട് അതിര്‍ത്തിയില്‍ നമ്മുടെ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്‌നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും അങ്ങോട്ട് പോയാല്‍ മതി. മംഗലാപുരത്ത് എത്തിയ ചില രോഗികള്‍ക്കുണ്ടായ അനുഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും.

Tags
Show More

Related Articles

Back to top button
Close