
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി. ബസ് ഉടമകളുടെ കൊവിഡ് കാലത്തെ ബുദ്ധിമുട്ട് മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ വര്‍ധനവിന് അനുമതി നല്‍കിയത്. ഈ കാലായളവിലേക്കു മാത്രമാണ് മാത്രമാണ് ചാര്‍ജ് വര്‍ധനയ്ക്ക് അനുമതിയുള്ളത്. ചാര്‍ജ് വര്‍ദ്ധനവിനൊപ്പം മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂര പരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ്കാല ബസ് ചാര്‍ജ് വര്‍ദ്ധനവിനായി ഇന്നലെ ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഷ്കരിച്ചാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം വര്‍ദ്ധനയ്ക്ക് രൂപം നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് ഇന്ന് രാവിലെ മന്ത്രിസഭ പരിശോധിച്ച് അനുമതി നല്‍കിയത്.
വൈകാതെ നിരക്ക് വര്‍ദ്ധിച്ച നിരക്ക് നിലവില്‍ വരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയ്ക്കും. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്നും 90 പൈസയാക്കി വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ കണ്സഷന് ടിക്കറ്റ് മിനിമം നിരക്ക് ഒരു രൂപയില്‍ നിന്ന് 2 രൂപയാക്കും. ദൂരത്തിനനുസരിച്ച് ടിക്കറ്റില്‍ 30% വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. സൂപ്പര്‍ ക്ളാസ് ബസുകളുടെ ടിക്കറ്റ് നിരക്കില്‍ 25% വര്‍ദ്ധനവുണ്ടാകും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കണമെന്നും, നിരക്കില്‍ 50% വര്‍ദ്ധനവ് വേണമെന്നുമായിരുന്നു ശുപാര്‍ശ. എന്നാല്‍ ഇതിനു അംഗികാരം ലഭിച്ചിട്ടില്ല. കൊവിഡ് ബാധയെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതും ബസില്‍ നിന്നുള്ള യാത്ര വിലക്കിയതും ഡീസല്‍ വിലയിലെ വന്‍ വര്‍ദ്ധനയുമാണ് ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് കാരണമായത്.